ന്യൂഡല്‍ഹി: യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ പ്രതികള്‍ക്ക് പിണറായി വിജയനുമായോ, പി ജയരാജനുമായോ ബന്ധമില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍.
സി.പി.എം നേതാക്കള്‍ ഗൂഡാലോചന നടത്തിയെന്ന ആരോപണം അടിസ്ഥാന രഹിതമെന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍, കണ്ണൂര്‍ ജില്ലാ സി.പി.എം സെക്രട്ടറി പി ജയരാജന്‍ എന്നിവരുമായി വധക്കേസിലെ പ്രതികള്‍ക്ക് അടുത്ത ബന്ധമുണ്ടെന്ന് ഷുഹൈബിന്റെ പിതാവ് മുഹമ്മദും മാതാവ് റസിയയും നല്‍കിയ ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. എന്നാല്‍ ഇത് അടിസ്ഥാന രഹിതമാണെന്ന് വ്യക്തമാക്കിയാണ് സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരിക്കുന്നത്. കേസിലെ ആദ്യ അഞ്ചു പ്രതികളെ അറസ്റ്റു ചെയ്തു. ഇവര്‍ ഇപ്പോഴും ജയിലിലാണ്.
നിഷ്പക്ഷമായ അന്വേഷണത്തിനാണ് മുഖ്യമന്ത്രി ഉത്തരവിട്ടത്. ഏതെങ്കിലും തെളിവുകളുടെ അടിസ്ഥാനത്തിലല്ല ആരോപണം ഉന്നയിച്ചിരിക്കുന്നതെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറയുന്നു. ഷുഹൈബ് വധം ഉന്നത സി. പി. എം നേതാക്കളുടെ ഗൂഡാലോചനയുടെ ഫലമാണെന്ന് ഷുഹൈബിന്റെ മാതാപിതാക്കള്‍ ആരോപിച്ചത് മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ്.
ആരോപണത്തിന് വ്യക്തതയില്ല. കൊലപാതകികള്‍ ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തിയില്ലെന്ന ആരോപണവും അടിസ്ഥാന രഹിതമാണെന്നും സംസ്ഥാന സര്‍ക്കാറിന്റെ സ്റ്റാന്റിങ് കൗണ്‍സില്‍ ജി പ്രകാശ് ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഷുഹൈബ് കൊല്ലപ്പെട്ടത് 2018 ഫെബ്രുവരി 12നാണ്. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കള്‍ കോടതിയെ സമീപിച്ചത് ഫെബ്രുവരി 27നും എന്നാല്‍ പിന്നീട് അന്വേഷണം പൂര്‍ത്തിയാക്കി മട്ടന്നൂര്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. കുറ്റപത്രം സമര്‍പ്പിക്കും മുമ്പ് കേസന്വേഷണം സി.ബി.ഐക്ക് വിടണമെന്നു പറയുന്നതും കുറ്റപത്രം സമര്‍പ്പിച്ച ശേഷം അന്വേഷണം മറ്റൊരു ഏജന്‍സിക്ക് വിടണമെന്ന് പറയുന്നതും രണ്ടാണെന്നും സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ പറയുന്നു.
ഷുഹൈബ് വധക്കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവിനെതിരെ നല്‍കിയ ഹര്‍ജികള്‍ തിങ്കളാഴ്ച സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ് സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്. ജസ്റ്റിസുമാരായ എസ്.എ ബോബ്‌ഡെ, എന്‍ നാഗേശ്വര്‍ റാവു എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്.