X

ഷുഹൈബ് വധം: ഒരാള്‍ കൂടി അറസ്റ്റില്‍

യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കൊലയാളി സംഘത്തിന് ഷുഹൈബിനെക്കുറിച്ച് വിവരം നല്‍കിയ മട്ടന്നൂര്‍ കുമ്മാനം സ്വദേശിയും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനുമായ സംഗീത്(27) ആണ് അറസ്റ്റിലായത്. പ്രതിയെ ഇരിട്ടി ഡിവൈ.എസ്.പി പ്രജീഷ് തോട്ടത്തില്‍, മട്ടന്നൂര്‍ സി. ഐ എ.വി ജോണ്‍ എന്നിവരുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തു. തുടര്‍ന്ന് മട്ടന്നൂര്‍ മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഒന്‍പതായി.
കഴിഞ്ഞ പന്ത്രണ്ടാം തിയതി തെരൂരിലെ തട്ടുകടയില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് ഷുഹൈബിനെ അക്രമിസംഘം വെട്ടിക്കൊലപ്പെടുത്തിയത്. ദിവസങ്ങള്‍ക്ക് മുന്‍പേ കൊലയാളി സംഘം ഷുഹൈബിനെ പിന്തുടര്‍ന്നിരുന്നു. ഷുഹൈബിന്റെ മുഴുവന്‍ നീക്കങ്ങളും കൊലയാളി സംഘത്തെ അറിയിച്ചത് പ്രദേശം നന്നായി അറിയാവുന്ന സംഗീതാണെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഷുഹൈബ് ഈ തട്ടുകടയിലുണ്ടെന്ന വിവരം കൊലനടന്ന രാത്രി സംഘത്തിന് നല്‍കിയതും കുമ്മാനം സ്വദേശിയായ ഇയാളാണ്. ആയുധങ്ങള്‍ ഒളിപ്പിക്കാനും, വാഹനം മാറിക്കയറി രക്ഷപ്പെടാനും സഹായിച്ച രണ്ട് പേരെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. മട്ടന്നൂര്‍ പാലയോട് സ്വദേശികളായ സഞ്ജയ്(22), രജത് (24)എന്നിവരെയാണ് റിമാന്റ് ചെയ്തത്. ഇതോടെ ഗൂഢാലോചന സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.
തില്ലങ്കേരി വഞ്ഞേരിയിലെ എം.പി ആകാശ്(24), മുടക്കോഴി മലയ്ക്ക് സമീപത്തെ കരുവള്ളിയിലെ റിജിന്‍ രാജ്(24) എന്നിവരെയാണ് ആദ്യം അറസ്റ്റ് ചെയ്തത്. ഇവര്‍ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരാണ്. തില്ലങ്കേരി മുടക്കോഴിയില്‍ കുറുവോട് വീട്ടില്‍ മുകുന്ദന്റെ മകന്‍ ജിതിന്‍(23), തെരൂര്‍ പാലയോട്ടെ ടി.പി അസ്‌കര്‍(26), കെ.അഖില്‍(23), തില്ലങ്കേരി ആലയാട്ടെ പി.പി അന്‍വര്‍ സാദത്ത്(23)എന്നിവരാണ് ഇത് വരെ പിടിയിലായ പ്രതികള്‍. ഇവരില്‍ നാലു പേര്‍ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരും ബാക്കിയുള്ളവര്‍ ഇവരെ സഹായിച്ചവരും ഗൂഢാലോചനയില്‍ പങ്കാളികളുമാണ്. പ്രതികള്‍ സഞ്ചരിച്ച വാഹനവും ആയുധവും നേരത്തെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇത്രയും പ്രതികളെ പിടികൂടിയ അന്വേഷണ സംഘത്തിന് കൊലപാതകത്തിന്റെ മുഖ്യ സൂത്രധാരനെ ഇനിയും പിടികൂടാനായിട്ടില്ല.

chandrika: