X

സഭാ സമ്മേളനത്തിന് ഇന്ന് തുടക്കം: ഷുഹൈബ് വധവും മധുവിന്റെ കൊലപാതകവും; സര്‍ക്കാര്‍ പ്രതിരോധത്തില്‍

സ്വന്തം ലേഖകന്‍

തിരുവനന്തപുരം:  രണ്ടരയാഴ്ചത്തെ ഇടവേളക്ക് ശേഷം നിയമസഭ വീണ്ടും ചേരുമ്പോള്‍ പിണറായി സര്‍ക്കാറിന് ഇത് കടുത്ത അഗ്‌നിപരീക്ഷ. ശാന്തമായി കടന്നുപോയ ബജറ്റ് അവതരണ സമ്മേളനത്തിന്റെ അന്തരീക്ഷമായിരിക്കില്ല സമ്പൂര്‍ണ ബജറ്റ് സമ്മേളനത്തില്‍. കണ്ണൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്ന ഷുഹൈബിന്റെ കൊലപാതകത്തിന് സഭയില്‍ സര്‍ക്കാറിന് മറുപടി പറയേണ്ടിവരും. ഇതിന് പിന്നാലെ ആദിവാസി യുവാസ് മധുവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്ന സംഭവും മണ്ണാര്‍ക്കാട് എം.എസ്.എഫ് പ്രവര്‍ത്തകന്‍ നടുറോഡില്‍ കുത്തേറ്റ് കൊല്ലപ്പെട്ടതും കൂടി വന്നതോടെ സര്‍ക്കാര്‍ പ്രതിരോധത്തിലാകും.

ധനാഭ്യര്‍ത്ഥനകള്‍ പാസാക്കാനായി ചേരുന്ന ഒരു മാസത്തിലേറെ നീളുന്ന സമ്മേളനം പ്രക്ഷുബ്ധമാകാനാണ് സാധ്യത. പാര്‍ട്ടി സംസ്ഥാന സമ്മേളനം കഴിഞ്ഞ് തിരിച്ചെത്തുന്ന മുഖ്യമന്ത്രിക്കും കൂട്ടര്‍ക്കും സഭയില്‍ ഏറെ വിയര്‍പ്പൊഴുക്കേണ്ടിവരുമെന്നുറപ്പ്. ഷുഹൈബ് വധത്തിന് പിന്നാലെ പിണറായി സര്‍ക്കാര്‍ സമീപകാലത്തെ ഏറ്റവും വലിയ വെല്ലുവിളിയാണ് നേരിടുന്നത്.
പ്രതിസ്ഥാനത്തു നില്‍ക്കുന്നത് ഭരണമുന്നണിയിലെ പ്രധാന കക്ഷിയായ സി.പി.എം തന്നെയാണ് എന്നതുതന്നെ കാരണം. ഇടതുസര്‍ക്കാര്‍ അധികാരത്തിലേറിയതിനുശേഷം രാഷ്ട്രീയ സംഘര്‍ഷങ്ങളും കൊലപാതകങ്ങളും പുതുമയല്ലെങ്കിലും, ഷുഹൈബ് വധത്തെപ്പോലെ ഇത്രയേറെ വിമര്‍ശിക്കപ്പെട്ടതും ചര്‍ച്ച ചെയ്യപ്പെട്ടതുമായ സംഭവം വേറൊന്നില്ല. അതുകൊണ്ടുതന്നെ പ്രതിപക്ഷം സര്‍ക്കാറിനെതിരേ സഭക്കുള്ളില്‍ ശക്തമായ കടന്നാക്രമണമായിരിക്കും നടത്തുക. ഇതിനെ പ്രതിരോധിക്കാന്‍ തക്ക ന്യായങ്ങള്‍ കണ്ടെത്താന്‍ ഭരണപക്ഷം ബുദ്ധിമുട്ടും.

ടി.പി ചന്ദ്രശേഖരന്‍ വധത്തിനുശേഷം കേരളത്തില്‍ ഏറ്റവും വാര്‍ത്താപ്രാധാന്യം നേടിയ രാഷ്ട്രീയ കൊലപാതകം കൂടിയാണ് ഷുഹൈബ് വധം. കൊലപാതകവുമായി സി.പി.എമ്മിന് ബന്ധമില്ലെന്ന് നേതൃത്വം ആണയിടുമ്പോാഴും പുറത്തുവന്ന തെളിവുകളും പൊലീസ് റിപ്പോര്‍ട്ടുമെല്ലാം അവര്‍ക്കെതിരാണ്. യു.ഡി.എഫും കോണ്‍ഗ്രസും ഇപ്പോള്‍തന്നെ സമരരംഗത്താണ്. കണ്ണൂരില്‍ കെ. സുധാകരനും തിരുവനന്തപുരത്ത് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസും വൈസ് പ്രസിഡന്റ് സി.ആര്‍ മഹേഷും അനിശ്ചിതകാല നിരാഹാര സമരത്തിലാണ്. ഇവരുടെ സമരം ഒത്തുതീര്‍ക്കാനുള്ള സാധ്യതകളൊന്നും ഇതുവരെ തെളിഞ്ഞുവന്നിട്ടില്ല. ഈ സാഹചര്യത്തില്‍ പ്രതിപക്ഷം സഭക്കുള്ളില്‍ പ്രതിഷേധം കടുപ്പിക്കും.

പാലക്കാട് ആദിവാസി യുവാവ് മധു ആള്‍ക്കൂട്ടത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സംഭവവും സര്‍ക്കാറിനെതിരെ പ്രതിപക്ഷം ആയുധമാക്കും. ആദിവാസി സമൂഹത്തിന്റെ ക്ഷേമകാര്യങ്ങളില്‍ സര്‍ക്കാറിന്റെ വീഴ്ചയുണ്ടായിയെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടും. ഇതിനൊപ്പം സംഭവത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളും പ്രതിപക്ഷം ആയുധമാക്കും. പുനലൂരില്‍ പ്രവാസിയായ സുഗതന്‍ സി.പി.ഐ യുവജന സംഘടനയുടെ ഭീഷണിയെ തുടര്‍ന്ന് ആത്മഹത്യ ചെയ്തതും പ്രതിപക്ഷം സഭയില്‍ ഉന്നയിക്കും.
ധനാഭ്യര്‍ത്ഥന ചര്‍ച്ചകള്‍ക്കാണ് കൂടുതല്‍ ദിവസങ്ങള്‍ മാറ്റിവെച്ചിരിക്കുന്നത് എന്നതിനാല്‍ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് കുറവുണ്ടാകില്ല. മാര്‍ച്ച് 23ന് എം.പി വീരേന്ദ്രകുമാര്‍ രാജിവെച്ച ഒഴിവിലേക്കുള്ള രാജ്യസഭാ സീറ്റിലെ തെരഞ്ഞെടുപ്പു നടക്കുകയാണ്.
ജെ.ഡി.യുവിന്റെ മുന്നണി പ്രവേശനം സംബന്ധിച്ച തീരുമാനം ഇതിനു മുന്‍പേ കൈക്കൊള്ളാനാണ് സാധ്യത. സി.പി.എം സമ്മേളനം കഴിഞ്ഞും സി.പി.ഐ സംസ്ഥാന സമ്മേളനത്തിലേക്ക് കടക്കുന്നതിനും ഇടയിലാണ് സഭാ സമ്മേളനം നടക്കുന്നത്. കേരള കോണ്‍ഗ്രസ് മാണി വിഭാഗവുമായുള്ള ബന്ധത്തിന്റെ പേരില്‍ സി.പി.എം, സി.പി.ഐ നേതാക്കള്‍ക്കിടയിലെ ഭിന്നതകളും ചര്‍ച്ചകള്‍ക്കിടയില്‍ പി.സി ജോര്‍ജ് ഉള്‍പ്പെടെയുള്ളവര്‍ ഉയര്‍ത്തിക്കാട്ടിയേക്കും.

സാമ്പത്തികവര്‍ഷം ആരംഭിക്കുന്നതിനു മുന്‍പേ സമ്പൂര്‍ണ ബജറ്റ് പാസാക്കുന്നു എന്ന പ്രത്യേകത ഈ വര്‍ഷമുണ്ട്. സാധാരണഗതിയില്‍ ബജറ്റ് അവതരിപ്പിച്ച് നാലുമാസത്തേക്കുള്ള വോട്ട് ഓണ്‍ അക്കൗണ്ട് പാസാക്കി പിരിയുകയാണു പതിവ്. മാര്‍ച്ചില്‍ തന്നെ ബജറ്റ് പാസാക്കുന്നതോടെ വാര്‍ഷിക പദ്ധതി ഉള്‍പ്പെടെയുള്ള നടത്തിപ്പില്‍ കാര്യക്ഷമത വര്‍ധിപ്പിക്കാമെന്നാണു സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്. ഏപ്രില്‍ നാലിന് അവസാനിക്കുന്ന സമ്മേളനത്തില്‍ ഓര്‍ഡിനന്‍സിന് പകരമുള്ള 19 ബില്ലുകള്‍ പാസാക്കാനും സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ട്.

chandrika: