X

‘ദൈവത്തിന്റെ വിധി, സത്യം എന്നും ജയിക്കും’; ശുഹൈബിന്റെ സഹോദരി

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശുഹൈബിന്റെ വധത്തില്‍ അന്വേഷണം സി.ബി.ഐക്ക് വിട്ട ഹൈക്കോടതി വിധിയില്‍ പ്രതികരണവുമായി ശുഹൈബിന്റെ സഹോദരി. ദൈവത്തിന്റെ വിധിയാണിതെന്ന് സഹോദരി പ്രതികരിച്ചു. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ശുഹൈബിന്റെ കുടുംബം.

സത്യം എന്നും ജയിക്കും. പടച്ചോന്‍ നേരിട്ട് കോടതിയില്‍ വന്നതാണ്. ഗൂഢാലോചന നടന്നിട്ടുണ്ടെന്നതിന് തെളിവാണ് സി.ബി.ഐ അന്വേഷണത്തിനെ എതിര്‍ക്കുന്നതെന്നും സഹോദരി പറഞ്ഞു. കൂടെ നിന്നവര്‍ക്ക് നന്ദിയുണ്ടെന്ന് പിതാവ് മുഹമ്മദും പറഞ്ഞു. ശുഹൈബിന്റെ കൊലപാതകത്തിന്റെ ഗൂഢാലോചനയില്‍ ഉന്നതനേതാക്കള്‍ക്കും പങ്കുണ്ട്. മകനെ കൊന്നത് എന്തിനാണെന്ന് അറിയണം. കേസില്‍ അറസ്റ്റിലായത് യഥാര്‍ത്ഥ പ്രതികളല്ലെന്ന് ഞാന്‍ ആദ്യമേ പറഞ്ഞതാണെന്നും പിതാവ് പറഞ്ഞു.

കേസിന്റെ അന്വേഷണം സി.ബി.ഐക്ക് വിടണമെന്നാവശ്യപ്പെട്ട് ശുഹൈബിന്റെ മാതാപിതാക്കള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് കമാല്‍ പാഷയുടെ ഉത്തരവ്. അന്വേഷണത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സിബിഐയെ സഹായിക്കണമെന്നും അന്വേഷണവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും സിബിഐക്ക് കൈമാറണമെന്നും കോടതി നിര്‍ദേശിച്ചു. സിബിഐ അന്വേഷണം ആവശ്യപ്പെടുന്ന ഹര്‍ജി നിലനില്‍ക്കില്ലെന്ന സംസ്ഥാന സര്‍ക്കാറിന്റെ വാദം കേസ് പരിഗണിച്ച ജസ്റ്റിസ് കമാല്‍പാഷ തള്ളി.

കേസ് പരിഗണിച്ച കോടതി സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനമാണ് നടത്തിയത്. സംസ്ഥാത്ത് നടക്കുന്ന രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് പിന്നില്‍ ആരൊക്കെയാണെന്ന് എല്ലാവര്‍ക്കും അറിയാമെന്ന് കോടതി പറഞ്ഞു. ഗൂഢാലോചന നടത്തിയവരെ കണ്ടെത്താതെ കണ്ണൂരിലെ കൊലപാതകങ്ങള്‍ക്ക് അറുതിവരുത്താന്‍ കഴിയില്ല. ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് ഷുഹൈബിനെ വധിച്ചത്. പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തണമെന്നും കോടതി നിരീക്ഷിച്ചു.

chandrika: