ശുഐബുല്‍ ഹൈത്തമി
എസ് എഫ് ഐ നേതാവിന്റെ കുറിപ്പ് കണ്ടപ്പോൾ ചോദിക്കാൻ തോന്നുകയാണ് .
രഹ്നാ മനോജിന്റെ ജാമ്യാപേക്ഷ വീണ്ടും കോടതി തള്ളുമ്പോൾ പറഞ്ഞ ന്യായം നിങ്ങൾക്കറിയുമോ ?
ശബരിമലയിൽ പോയി അയ്യപ്പപ്രതിമയിൽ അശുദ്ധി പുരട്ടിയതിനല്ല അവർ അകത്തായത്.ഷാറോൺ റാണി എന്ന ചിത്രകാരി ശബരിമല വിഷയത്തിൽ വരച്ച അയ്യപ്പ ശാസ്താവ് പൊറുക്കാത്ത ( സംഘിവക്കീൽ പറഞ്ഞത് ) കാർട്ടൂൺ ഫേസ്ബുക്കിൽ ഷയറി എന്ന ന്യായത്തിലാണ് ജാമ്യം നിഷേധിക്കപ്പെടുന്നത്. ആ കാർട്ടൂൺ വഴി രഹ്ന ഹിന്ദു വികാരത്തെ മുറിച്ചുകളഞ്ഞുവെന്നാണ് കേസിലെ പരാതി.
ഷാറോൺ റാണിക്ക് ആ കാർട്ടൂൺ പിൻവലിക്കേണ്ടി വന്നു. കിതാബുമായി ആലപ്പുഴക്ക് പോയവരുടെ ആവിശ്ക്കാര സ്വാതന്ത്ര്യത്തെ കുറിച്ച് പറയുന്ന നിങ്ങൾക്കെന്താ രഹ്നാ മനോജിനോട് ഇത്ര ചതുർത്ഥി ?
അവരുടെ ആവിശ്ക്കാര ദാഹം ഉത്തേജിപ്പിച്ചത് സുപ്രീംകോടതിയോട് പിണറായി വിജയന് പെട്ടെന്നുണ്ടായ അനുസരണ ബോധവുമാണ്! അതായത് പ്രദർശിപ്പിക്കില്ലെന്ന് ഒരാഴ്ച്ച മുമ്പേ തീരുമാനമായ കിതാബുമെടുത്ത് ക്യാമറക്കു മുമ്പിൽ സെന്റിയാവാനായി വടകരയിൽ നിന്നും തെക്കോട്ട് വണ്ടി കയറിയവരേക്കാൾ എസ് എഫ് ഐയുടെ കാവലും കരുതലും അർഹിക്കുന്നത് ലെഫ്റ്റ് ഫെമിനിസ്റ്റായ രഹ്ന തന്നെയാണ്.
പക്ഷെ എസ് എഫ് ഐക്കാരാ ,
നിങ്ങൾ രഹ്നയുടെ ആവിശ്ക്കാരം തിരിഞ്ഞ് നോക്കില്ലെന്ന് നിങ്ങൾക്കും നിങ്ങളെയറിയുന്നവർക്കും നന്നായറിയാം .അതിന് രണ്ട് കാരണങ്ങളുണ്ട്.
ഒന്നാമത് , ഹിന്ദു പൊതുബോധത്തെ വെല്ലുവിളിച്ച രഹ്നയെ സപ്പോർട്ടാനുള്ള ത്രാണിയൊന്നും നിങ്ങൾക്കില്ല. രണ്ടാമത് ,ഇനിയും അവരുടെ പേരിൽ അനർഹമായി ബാക്കിയായ ‘ഫാത്വിമ ‘ എന്ന ഫോബിക് ഫാക്ടർ രഹ്നക്ക് വിക്ടിംഷിപ്പ് കൊടുക്കാതിരിക്കാൻ മാത്രമുള്ള ന്യായമാണ് എസ് എഫ് ഐ യുടെ പക്കൽ .
കിതാബ് പ്രദർശനം നടക്കാതിരിക്കണമെന്ന് ഏറ്റവും ആഗ്രഹിക്കുന്ന വിദ്യാർത്ഥി യൂണിയൻ എസ് എഫ് ഐ ആണ്. പ്രദർശനം മുടങ്ങിയാൽ നേരിട്ട് ലാഭം കൊയ്യാനാവുന്ന ഏക വിഭാഗം അവരാണ്. ഈ രാഷ്ട്രീയ ലാഭം ഉദ്ദേശ്യമില്ലായിരുന്നുവെങ്കിൽ കഴിഞ്ഞയാഴ്ച്ച സ്ക്കൂൾ അധികൃതർ അബദ്ധത്തിന് ക്ഷമാപണം നടത്തി ഇനി പ്രദർശനം ഉണ്ടാവില്ലെന്ന് പറഞ്ഞപ്പോഴേ തന്നെ ഇടപെടണമായിരുന്നു. അങ്ങനെ ചെയ്തിരുന്നുവെങ്കിൽ ഇന്ന് ഒരു പക്ഷേ ഈ കണ്ണീർ ഒപ്പിക്കേണ്ടിയോ ഉപ്പിക്കേണ്ടിയോ വരുമായിരുന്നില്ല .
മാത്രമല്ല , ഔദ്യോഗികമായും കലാത്മകമായും വിഷയത്തിൽ ഇടപെട്ട മുസ്ലിം സംഘടനകളെ തീവ്രവാദികൾ എന്ന് വിളിക്കാൻ ഒരവസരം കിട്ടുന്നത് മുതലെടുക്കാനാണ് അവരത് പ്രദർശിപ്പിക്കേണ്ടതില്ല എന്ന് തീരുമാനിച്ചത് എന്ന് അനുമാനിച്ചാലും തെറ്റാവില്ല. കാരണം മുസ്ലിം സംഘടനകൾ ലക്ഷങ്ങളണിനിരന്നിട്ടും തീരുമാനം മാറ്റാത്ത ഇസ്ലാമിക വിരുദ്ധ വിഷയങ്ങൾ സ്ത്രീയുമായി ബന്ധപ്പെട്ടത് തന്നെ ഇവിടെയുണ്ട്. പരാതിപ്പെട്ട ഉണ്ണി ആറിന് തീവ്രവാദക്കുപ്പായം നൽകാതെയാണിത് എന്നുകൂടി നോക്കണം .
കിതാബിലെ വെളിച്ചം കിനാവ് കാണുന്ന മുല്ലമാരുടെ പെൺമക്കളോട് നിങ്ങൾക്കുള്ള സ്നേഹം വഴിതെറ്റിപ്പോയിട്ടെങ്കിലും ഉള്ള്തൊട്ടിട്ടാണെങ്കിൽ വേറെ ചില കാര്യങ്ങൾ കൂടി ചെയ്യാനുണ്ട്. കാലങ്ങളായി കലാമേളയുടെ ഒന്നാം വേദിയിൽ ക്ഷേത്രകലകളാണ്. മാപ്പിള സാംസ്ക്കാരിക സ്പർശിയായ കലാരൂപങ്ങൾ നടക്കുന്ന വേദിയിലേക്ക് അധികവും പ്രധാനവേദിയിൽ നിന്നും ഓട്ടോ കൂട്ടി പോവേണ്ടി വരും .എല്ലാ കാലവും നടന്ന് കുഴയുന്ന കാലുകളെ കുറിച്ചും വേണം ഒരു കിതാബ് . കലവറയിൽ വിളമ്പുന്ന ഭക്ഷണം ബ്രാഹ്മണിക്ക് മെന്യുവാണ് എന്നും .തന്റേടമുണ്ടെങ്കിൽ ഒരു ബീഫ് ഫെസ്റ്റ് അവിടെ നടത്താമോ ? മലപ്പുറം പത്തിരി ,വേണ്ട നിങ്ങളുടെ സ്വന്തം തലശേരി ബിരിയാണി വിളമ്പാമോ നിങ്ങൾക്ക് , നടക്കില്ല .ഒരു എം എൽ എ യെ വെച്ച് വിദ്യാഭ്യാസ മന്ത്രിയെ ഉണ്ടാക്കാം എന്ന് തെളിയിക്കാൻ ബിജെപി യുടെ ഉപകരണമായി പലപ്പോഴും മാറുന്ന വിദ്യാഭ്യാസ മന്ത്രിയുടെ അതേ ലൈനാണ് വിദ്യാർത്ഥി സംഘത്തിനും .
പ്രതിസ്ഥാനത്ത് മാപ്പിള മുസ്ലിംകൾ വരുമ്പോൾ മാത്രം ഉണരുന്നതാണ് കമ്മ്യൂണിസത്തിന്റെ ആവിശ്കാര ജാഗ്രതയെന്നത് ശരീഅത് വിവാദ കാലത്തും തസ്ലീമാനസ്റിൻ – സൽമാൻ റുഷ്ദി കാലത്തുമൊക്കെ വെളുക്കേ എല്ലാവരും കണ്ടതാണ്. അപ്പോൾ പിന്നെ പഴമക്കാരുടെ കിതാബിലെ ആ ചൊല്ലാണ് ശരി , മത്തൻ കുത്തിയാൽ കുമ്പളം പൊടിക്കില്ല.