കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളിനെ അപകീര്‍ത്തിപ്പെടുത്തിയെന്ന പരാമര്‍ശവുമായി കേരളാ ബ്ലാസ്‌റ്റേഴ്‌സ് മുഖ്യ പരിശീലകന്‍ ഇവാന്‍ വുകുമനോവിച്ചിന് അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്റെ കാരണം കാണിക്കല്‍ നോട്ടീസ്. ഐ.എസ്.എല്‍ പ്ലേ ഓഫില്‍ ബെംഗളുരു എഫ്.സിക്കെതിരായ മല്‍സരം ബഹിഷ്‌ക്കരിച്ച നടപടിയിലാണ് ആശാന്‍ എന്ന് വിളിക്കുന്ന വുകുമനോവിച്ചിന് നോട്ടീസ് നല്‍കിയിരിക്കുന്നത്.
ബ്ലാസ്‌റ്റേഴ്‌സ് കോച്ച് മറുപടി നല്‍കിയ ശേഷമായിരിക്കും ടീമിനെതിരായ ശിക്ഷാ നടപടിയെന്നാണ് ഫെഡറേഷന്റെ വീശദീകരണം. പോയ വാരത്തില്‍ ബെംഗളരു കണ്ഠീരവ സ്‌റ്റേഡിയത്തില്‍ നടന്ന പ്ലേ ഓഫില്‍ റഫറിയുടെ വിവാദ തീരുമാനത്തില്‍ പ്രതിഷേധിച്ച് ബ്ലാസ്‌റ്റേഴ്‌സ് മൈതാനം വിട്ടിരുന്നു. 90 മിനുട്ട് പോരാട്ടം സമനിലയില്‍ അവസാനിച്ചപ്പോള്‍ അധികസമയത്തേക്ക് കാര്യങ്ങള്‍ നീങ്ങി. അഞ്ചാം മിനുട്ടില്‍ ബ്ലാസ്‌റ്റേഴ്‌സ് ബോക്‌സിന് സമീപത്ത് നിന്ന് ബെംഗളൂരുവിന് അനുകൂലമായി ലഭിച്ച ഫ്രീകിക്ക് വിവാദ സാഹചര്യത്തില്‍ ബെംഗളുരു നായകന്‍ സുനില്‍ ഛേത്രി ഗോളാക്കിയിരുന്നു. എന്നാല്‍ ബ്ലാസ്‌റ്റേഴ്‌സ് താരങ്ങള്‍ ഒരുങ്ങുന്നതിന് മുമ്പായിരുന്നു കിക്ക്. ഇതില്‍ പ്രതിഷേധിച്ചായിരുന്നു ബഹിഷ്‌ക്കരണം.