യോഗി സർക്കാറിനെ പരസ്യമായി വിമർശിച്ച ബിജെപി എംഎൽഎക്ക് കാരണംകാണിക്കൽ നോട്ടീസ്‌

യോഗി ആദിത്യനാഥ് സർക്കാരിനെ പരസ്യമായി വിമർശിച്ച് പാർട്ടിയുടെ പ്രതിച്ഛായക്ക് കളങ്കം വരുത്തിയതിന് ഉത്തര്‍പ്രദേശിലെ ലോണി എംഎൽഎ നന്ദ് കിഷോർ ഗുർജാറിന് കാരണം കാണിക്കല്‍ നോട്ടീസയച്ച് ബിജെപി സംസ്ഥാന നേതൃത്വം. ഗാസിയാബാദ് ജില്ലയിലാണ് ലോണി നിയമസഭാ മണ്ഡലം.

ചരിത്രത്തിലെ ഏറ്റവും അഴിമതി നിറഞ്ഞ സർക്കാരാണ് യോഗിയുടേത് എന്നായിരുന്നു നന്ദ് കിഷോർ ഗുർജാര്‍ വ്യക്തമാക്കിയിരുന്നത്. ഉദ്യോഗസ്ഥൻമാർ മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിക്കുകയും ഖജനാവ് കൊള്ളയടിക്കുകയുമാണെന്നും എംഎൽഎ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപി കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരിക്കുന്നത്.

ഇത്തരം പ്രസ്താവനകളും പ്രവൃത്തികളും പാർട്ടിയുടെ പ്രശസ്തിക്ക് കോട്ടം വരുത്തുന്നുണ്ടെന്ന് പാർട്ടി സംസ്ഥാന പ്രസിഡന്റ് ഭൂപേന്ദ്ര സിംഗ് ചൗധരി അയച്ച നോട്ടീസില്‍ വ്യക്തമാക്കുന്നു. ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദയുടെ നിർദ്ദേശപ്രകാരം, ഏഴ് ദിവസത്തിനുള്ളിൽ മറുപടി നല്‍കണമെന്നും നോട്ടീസില്‍ പറയുന്നു.

ലോണിയിൽ സംഘടിപ്പിച്ച കലശയാത്രക്കിടെ എംഎൽഎയുടെ അനുയായികൾ പൊലീസുമായി ഏറ്റുമുട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് നന്ദ കിഷോർ യോഗിക്കെതിരെ രംഗത്തെത്തിയത്. കീറിയ കുർത്ത ധരിച്ച് വാർത്താസമ്മേളനത്തിന് എത്തിയ ഗുർജാർ, പൊലീസാണ് തന്റെ വസ്ത്രം കീറിയതെന്നും ആരോപിച്ചിരുന്നു.

അതേസമയം ഗുർജാറിന്റെ വിമര്‍ശനം ഏറ്റുപിടിച്ച് സമാജ്‌വാദി പാർട്ടി പ്രസിഡന്റ് അഖിലേഷ് യാദവ് രംഗത്ത് എത്തി. “അനീതിയും അഴിമതിയും എല്ലായിടത്തും എങ്ങനെ വ്യാപിച്ചുവെന്നതിന്റെ രഹസ്യങ്ങൾ ബിജെപി അംഗങ്ങൾ തന്നെ വെളിപ്പെടുത്തുന്നുവെന്നായിരുന്നു അഖിലേഷിന്റെ വിമര്‍ശനം.

webdesk13:
whatsapp
line