X

പിണറായി ഭരണത്തില്‍ പ്രതിഷേധിക്കാനും പാടില്ലേ- എഡിറ്റോറിയല്‍

പ്രതിഷേധ സ്വരങ്ങളെ അടിച്ചമര്‍ത്തുന്നതില്‍ കേന്ദ്രം ഭരിക്കുന്ന ഫാസിസ്റ്റ് സര്‍ക്കാറും കേരളം ഭരിക്കുന്ന മാര്‍ക്‌സിസ്റ്റ് സര്‍ക്കാറും ഒരേ പാതയിലാണ് സഞ്ചരിക്കുന്നത്. തങ്ങള്‍ക്കെതിരെ ഉയരുന്ന ശബ്ദങ്ങള്‍ ഇരുകൂട്ടരെയും വല്ലാതൊന്നുമല്ല അസ്വസ്ഥമാക്കുന്നത്. ജനാധിപത്യ പ്രക്രിയയിലെ ഏറ്റവും ശക്തമായ ആയുധങ്ങളിലൊന്നാണ് സമരമുറകള്‍. ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതില്‍ സമരങ്ങള്‍ക്കുള്ള പങ്ക് വലുതാണ്. എന്നാല്‍ സമാധാനപരമായ പ്രതിഷേധങ്ങളെ സര്‍ക്കാറുകള്‍ കൈകാര്യം ചെയ്യുന്ന രീതി വളരെ ക്രൂരമായതാണെന്ന് പറയാതിരിക്കാന്‍ നിര്‍വാഹമില്ല. ഈ മാസം പതിനെട്ടിന് നടന്ന മുസ്‌ലിം യൂത്ത്‌ലീഗ് സേവ് കേരള മാര്‍ച്ചിനെ അതിക്രൂരമായാണ് സര്‍ക്കാര്‍ നേരിട്ടത്.

സംഭവവുമായി ബന്ധപ്പെട്ട് കള്ളക്കേസ് ചുമത്തി ഇപ്പോള്‍ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസിനെ അറസ്റ്റ് ചെയ്ത നടപടി അത്യന്തം അപലപനീയവും പ്രതിഷേധാര്‍ഹവുമാണ്. യൂത്ത് ലീഗ് സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ അനാവശ്യമായ പ്രകോപനം ഉണ്ടാക്കി മാനദണ്ഡങ്ങള്‍ പാലിക്കാതെ ടിയര്‍ ഗ്യാസും ലാത്തിച്ചാര്‍ജും പ്രയോഗിച്ചത് പൊലീസാണ്. പ്രവര്‍ത്തകരുടെ ഭാഗത്ത്‌നിന്ന് സ്വാഭാവിക പ്രതിഷേധത്തിലപ്പുറം ഒന്നുമുണ്ടായിട്ടില്ല. പ്രവര്‍ത്തകരെ ശാന്തരാക്കി പൊലീസിനെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ച ഫിറോസിനു നേരെ ക്രൂരമായ മര്‍ദ്ദനമാണ് നടന്നത്.

ഇടതു സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളില്‍ നാട് പൊറുതിമുട്ടിയ സമയത്താണ് മുസ്‌ലിം യൂത്ത്‌ലീഗ് സമരവുമായി രംഗത്തെത്തിയത്. സമരത്തിന് അഭൂതപൂര്‍വമായ ജനപിന്തുണയായിരുന്നു ലഭിച്ചിരുന്നത്. സമസ്ത മേഖലയിലും പരാജയപ്പെട്ട സര്‍ക്കാര്‍, ജനത്തിന് ബാധ്യതയായിമാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് സമൂഹത്തോടും രാജ്യത്തോടുമുള്ള യുവാക്കളുടെ കടമ നിര്‍വഹിക്കുന്നതില്‍ എക്കാലവും മുന്‍പന്തിയില്‍ നില്‍ക്കുന്ന യൂത്ത്‌ലീഗ് ബഹുജന സമരവുമായി രംഗത്ത്‌വന്നത്.

യുവാക്കള്‍ തൊഴിലില്ലാതെ അലയുകയാണ്. പൊതുജനങ്ങളോടുള്ള സര്‍ക്കാരിന്റെ ക്രൂരതയും ഭരണരംഗത്തെ പിടിപ്പുകേടും ധൂര്‍ത്തും അഴിമതിയും ജനജീവിതം തീര്‍ത്തും ദുസ്സഹമാക്കിയിരിക്കുകയാണ്. ഭരണത്തിന്റെ തണലില്‍ കുട്ടി സഖാക്കളും പൊലീസും ഗുണ്ടാവിളയാട്ടം തന്നെയാണ് നടത്തുന്നത്. മയക്കുമരുന്ന് മുതല്‍ സ്ത്രീപീഡനം വരെയുള്ള നിരവധി കേസുകളില്‍ ഭരണപക്ഷക്കാര്‍ പ്രത്യേകിച്ച് സി.പി.എം പ്രവര്‍ത്തകരും നേതാക്കളും പ്രതികളാകുന്ന അവസ്ഥയാണ്. ഗുണ്ടകളായി മാറിയ പൊലീസ് സമരം പൊളിക്കാനുള്ള തന്ത്രമാണ് മെനഞ്ഞത്.

പി.കെ ഫിറോസിനെ മര്‍ദിച്ച് പ്രവര്‍ത്തകരെ രോഷാകുലരാക്കാനാണ് പൊലീസിന്റെ ഭാഗത്തുനിന്ന് ശ്രമമുണ്ടായത്. ലാത്തിച്ചാര്‍ജില്‍ ഫിറോസിന്റെ കൈക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സമാധാനം ഉറപ്പാക്കാന്‍ ശ്രമിച്ച പി.കെ ഫിറോസിനെ ഒന്നാം പ്രതിയാക്കി കേസെടുത്തത് സര്‍ക്കാരിന്റെ ഗൂഢാലോചനയുടെ ഭാഗമാണ്. സമരത്തില്‍ പൊതുമുതലൊന്നും നശിപ്പിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്. മുപ്പതോളം യൂത്ത്‌ലീഗ് പ്രവര്‍ത്തകരാണ് ഇതുമായി ബന്ധപ്പെട്ട് ജയിലിലടക്കപ്പെട്ടത്. അവര്‍ക്കെതിരെല്ലാം കള്ളക്കേസുകള്‍ മെനഞ്ഞാണ് പൊലീസ് കേസെടുത്തത്.

സമരങ്ങളെ പ്രോത്സാഹിപ്പിക്കുകയും അനാവശ്യ സമരങ്ങള്‍ പോലുമുണ്ടാക്കി അതിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി അതിലൂടെ അധികാരത്തില്‍ വരികയും ചെയ്ത ഇടതുപക്ഷ സര്‍ക്കാര്‍ ജനകീയ സമരങ്ങളോട് ഇപ്പോള്‍ കാണിക്കുന്ന അസഹിഷ്ണുത അത്ഭുതപ്പെടുത്തുന്നതാണ്. നിയമസഭ തല്ലിപ്പൊളിച്ചവര്‍ വരെ മന്ത്രിമാരായി തുടരുന്ന കേരളത്തില്‍തന്നെയാണ് ഭരണാധികാരികള്‍ സമരങ്ങളോട് ഇത്ര അസഹിഷ്ണുത കാണിക്കുന്നത് എന്നത് ലജ്ജാകരമാണ്. അധികാരത്തിന്റെ മത്തില്‍ ജനകീയ സമരങ്ങളെ ഇല്ലാതാക്കാം എന്നത് അതിമോഹം മാത്രമാണ്. പ്രതിഷേധിക്കാനുള്ള അവകാശംപോലും നിഷേധിക്കുന്ന കിരാത ഭരണമാണ് കേരളത്തില്‍ നടക്കുന്നതെന്ന് പറയാതിരിക്കാനാവില്ല.

ഇങ്ങനെ പോയാല്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നടക്കുന്ന ബുള്‍ഡോസര്‍ രാജ് കേരളത്തിലും എത്തുന്ന നാള്‍ അധിവിദൂരമായിരിക്കില്ല. സര്‍ക്കാറിന്റെ തെറ്റായ നയങ്ങള്‍ക്കെതിരെ ഇനിയും ഉച്ചത്തില്‍ സംസാരിക്കുകയും വേണ്ടിവന്നാല്‍ ജനകീയ പ്രക്ഷോഭങ്ങളുടെ കൊടുങ്കാറ്റ് തീര്‍ക്കുകയും ചെയ്യാന്‍ മുസ്‌ലിം യൂത്ത്‌ലീഗിന് ശേഷിയുണ്ടെന്ന് സര്‍ക്കാര്‍ ഓര്‍മിക്കുന്നത് നല്ലതാണ്. ഇത്തരം ഭയപ്പെടുത്തലുകള്‍ക്ക് വഴങ്ങാന്‍ കഴിയില്ല. സര്‍ക്കാര്‍ നടപടി തീക്കളിയാണെന്ന് പറയേണ്ട സാഹചര്യത്തിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. സമരങ്ങള്‍ അടിച്ചൊതുക്കി ജനാധിപത്യത്തെ അടിച്ചമര്‍ത്താന്‍ ആര്‍ക്കും കഴിയില്ല എന്നതും ഓര്‍മവേണം.

 

webdesk13: