പി.എം.എ സലാം
കേരളം ഭരിക്കുന്ന ഇടതു സര്‍ക്കാര്‍ പിന്നാക്ക ന്യൂനപക്ഷങ്ങള്‍ക്കെതിരെ തുടരുന്ന നിരന്തര നീതിനിഷേധത്തിനെതിരെ മുസ്‌ലിംലീഗ് സംസ്ഥാന കമ്മിറ്റി ഇന്ന് പ്രതിഷേധത്തിന്റെ അലകടല്‍ തീര്‍ക്കുകയാണ്. കേന്ദ്ര വഖഫ് ആക്ടിന് വിരുദ്ധമായി വഖഫ് ബോര്‍ഡിലേക്കുള്ള നിയമനങ്ങള്‍ പി.എസ്.സിക്ക് വിടാനുള്ള തീരുമാനം ഉള്‍പ്പെടെ നിരവധി വിഷയങ്ങള്‍ ഉയര്‍ത്തിയാണ് ഇന്ന് വഖഫ് സംരക്ഷണ റാലി സംഘടിപ്പിക്കുന്നത്. വഖഫ് സ്വത്തുക്കള്‍ സമുദായത്തിന്റേതാണ്. മതസംഘടനകളാണ് ഇത് കൈകാര്യം ചെയ്യുന്നത്. വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്ക് വിടാനുള്ള തീരുമാനം 1995ലെ ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കിയ വഖഫ് ആക്ടിന് വിരുദ്ധമാണ്. അണ്ടര്‍ സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥനും പാര്‍ലമെന്റ്, നിയമസഭാംഗങ്ങളും ഉള്‍പ്പെട്ട ബോര്‍ഡ് മെമ്പര്‍മാരടങ്ങുന്ന ഇന്റര്‍വ്യൂ ബോര്‍ഡ് യോഗ്യതയുടെ അടിസ്ഥാനത്തില്‍ സുതാര്യമായാണ് ഇക്കാലമത്രയും നിയമനം നടത്തിയത്. നേരത്തെ വഖഫ് ബോര്‍ഡിന്റെയും സമാന സ്വഭാവമുള്ള മറ്റ് സ്ഥാപനങ്ങളുടെയും നിയമനം പി.എസ്.സിക്ക് വിടുമെന്ന് പറഞ്ഞ സര്‍ക്കാര്‍ വഖഫ് ബോര്‍ഡ് വിഷയത്തില്‍ മാത്രം അമിതാവേശം കാണിക്കുന്നതിലെ ദുരുദ്ദേശ്യം ദുരൂഹമാണ്. ഇത് പാടില്ലെന്ന് നിയമസഭക്ക് അകത്തും പുറത്തും മുസ്‌ലിംലീഗ് നിരവധി തവണ ആവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ ഗൗനിച്ചില്ല. എല്ലാ എതിര്‍പ്പുകളെയും അവഗണിച്ചാണ് നിയമനം പി.എസ്.സിക്ക് വിടാന്‍ തീരുമാനിച്ചത്. ഈ ധിക്കാരം ചോദ്യം ചെയ്യപ്പെടണം. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയരണം.
റജിസ്റ്റര്‍ ചെയ്യപ്പെട്ട ഒമ്പതിനായിരത്തിലേറെ പള്ളിമദ്രസ സ്ഥാപനങ്ങളില്‍ നിന്ന് വരുമാനത്തിന്റെ ഏഴു ശതമാനമായി ലഭിക്കുന്ന തുകയില്‍ നിന്നാണ് വഖഫ് ബോര്‍ഡിലെ ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കുന്നത്. വഖഫ് ബോര്‍ഡിന്റെ പണം ഉപയോഗിച്ച് ശമ്പളം കൊടുക്കുന്ന ഉദ്യോഗസ്ഥരെ പൂര്‍ണമായും സര്‍ക്കാര്‍ പി.എസ്.സി വഴി നിയമിക്കുമെന്നതാണ് ഒന്നാമത്തെ വിവേചനം. ഇതര സ്ഥാപനങ്ങളിലെ നിയമനങ്ങള്‍ അവരുടെ സമിതിക്ക് നടത്താമെന്ന നിയമ നിര്‍മാണവും പിണറായി സര്‍ക്കാര്‍ നടത്തിയിരിക്കുന്നു. ഈ വിവേചനം ചോദ്യം ചെയ്യുന്നത് പോലും വിലക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. മുസ്‌ലിം ന്യൂനപക്ഷത്തിന്റെ തനിമയും വ്യക്തിത്വവും നഷ്ടപ്പെടുത്താനുള്ള ആസൂത്രിതമായ നീക്കങ്ങള്‍ സര്‍ക്കാരില്‍നിന്ന് ഇടക്കിടെ ഉണ്ടാകുന്നത് അതീവ ഗുരുതരമാണ്. മുസ്‌ലിംലീഗ് റാലിയില്‍ ഉയര്‍ത്തുന്ന മറ്റൊരു പ്രശ്‌നം സംവരണ അട്ടിമറിയാണ്. സംവരണ സമുദായങ്ങള്‍ക്ക് വലിയ നഷ്ടമുണ്ടാക്കിയ നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. ഇതോടെ ഓപ്പണ്‍ മെറിറ്റില്‍നിന്നും പിന്നാക്കക്കാര്‍ അവഗണിക്കപ്പെട്ടു. സംവരണ സംവിധാനത്തിലെ അട്ടിമറി മുസ്്‌ലിം പിന്നോക്ക സമുദായത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് കടുത്ത ആഘാതം വരുത്തി വെച്ചിട്ടുണ്ട്. മറ്റൊന്ന് സി.എ.എ, എന്‍.ആര്‍.സി കേസുകള്‍ പിന്‍വലിക്കാമെന്ന മുഖ്യമന്ത്രിയുടെ വാഗ്ദാനമാണ്. അധികാരത്തിലേറി മാസങ്ങള്‍ കഴിഞ്ഞിട്ടും ഇതുവരെ ഇക്കാര്യം നിറവേറ്റപ്പെട്ടിട്ടില്ല. കേരളത്തിലെ 33 എ.ഐ.പി സ്‌കൂളുകള്‍ക്ക് നല്‍കിയിരുന്ന ആനുകൂല്യങ്ങള്‍ ഒരുത്തരവിലൂടെ ഇടതുസര്‍ക്കാര്‍ യാതൊരു നീതീകരണവുമില്ലാതെ ഇപ്പോള്‍ പിന്‍വലിച്ചിരിക്കുന്നു. 2003 മുതല്‍ 2015 വരെ അദ്ധ്യാപകര്‍ക്കുള്ള മുഴുവന്‍ ആനുകൂല്യങ്ങളും ഇത് മൂലം നഷ്ടമാവുകയാണ്. ഇങ്ങനെ നിരവധി പ്രശ്‌നങ്ങളാണ് ഈ സമരത്തില്‍ മുസ്‌ലിംലീഗ് ഉയര്‍ത്തുന്നത്.
സച്ചാര്‍ റിപ്പോര്‍ട്ട് പ്രകാരം മുസ്‌ലിം ജനവിഭാഗത്തിന് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ ജനസംഖ്യാനുപാതികമായി വീതിച്ചത് പിന്നാക്ക മുസ്‌ലിം സമുദായത്തിന് വലിയ നഷ്ടമുണ്ടാക്കി. വളരെ ലളിതമായി സര്‍ക്കാറിന് പരിഹരിക്കാന്‍ കഴിയുന്ന ഒരു വിഷയം സങ്കീര്‍ണമാക്കി കേരളത്തിലെ ന്യൂനപക്ഷ സമുദായങ്ങളെ തമ്മിലടിപ്പിക്കാന്‍ ശ്രമിച്ചു. മുസ്‌ലിംലീഗിന്റെയും മുസ്‌ലിം സംഘടനകളുടെയും എതിര്‍പ്പുകള്‍ ചവറ്റുകുട്ടയിലെറിഞ്ഞാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ സച്ചാര്‍ റിപ്പോര്‍ട്ട് അട്ടിമറിച്ചത്. കോടതി വിധിക്കെതിരെ യഥാസമയം അപ്പീല്‍ പോകാന്‍ മടികാണിച്ച ഗവണ്‍മെന്റ് ഒരു ഉത്തരവിലൂടെ കോടതി വിധി നടപ്പിലാക്കി മുസ്്‌ലിം സമൂഹത്തെ വഞ്ചിച്ചു. കാലങ്ങളായി മുസ്്‌ലിം സമൂഹം കൈകാര്യം ചെയ്തിരുന്ന ന്യൂനപക്ഷ വകൂപ്പും ന്യൂനപക്ഷ ധനകാര്യ കോര്‍പ്പറേഷനും മുസ്‌ലിംകളില്‍ നിന്ന് എടുത്ത്മാറ്റി. മലബാറിലെ വിദ്യാഭ്യാസ സൗകര്യങ്ങളുടെ അപര്യാപ്തത ഏറെ പ്രഖ്യാപനങ്ങള്‍ വന്നിട്ടും ഇത് വരെ പരിഹരിക്കപ്പെട്ടിട്ടില്ല. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന സെന്‍ട്രല്‍ സെക്ടര്‍ സ്‌കോളര്‍ഷിപ്പില്‍ നിന്ന് മുസ്്‌ലിംകള്‍ പൂര്‍ണ്ണമായും ഒഴിവാക്കപ്പെടാന്‍ കാരണം കേരള ഗവണ്‍മെന്റിന്റെ അനാസ്ഥയായിരുന്നു. ഇത്തരം ഗുരുതരമായ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് മുസ്‌ലിംലീഗ് ഒറ്റക്കും മതസംഘടനകളുമായി സഹകരിച്ചും സര്‍ക്കാരിനും മുഖ്യമന്ത്രിക്കും നിരവധി നിവേദനങ്ങള്‍ നല്‍കുകയും കൂടിക്കാഴ്ച നടത്തുകയും ചെയ്തിട്ടും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് കടുത്ത നിസ്സംഗതയാണുണ്ടായത്. നല്‍കിയ ഉറപ്പുകളൊന്നും പാലിക്കപ്പെടാതെ പോകുന്നു. ഇത്രത്തോളം ദ്രോഹം സമുദായത്തിന് ഏല്‍ക്കേണ്ടി വരുമ്പോള്‍ മുസ്‌ലിംലീഗിന് നോക്കി നില്‍ക്കാന്‍ സാധ്യമല്ല. സമര സജ്ജരായി പതിനായിരങ്ങള്‍ ഇന്ന് കോഴിക്കോട്ടെത്തും. മുസ്‌ലിംലീഗ് പ്രതിഷേധം സര്‍ക്കാറിന് താക്കീതാകും.
(മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍
സെക്രട്ടറി ഇന്‍ ചാര്‍ജാണ് ലേഖകന്‍)