X

ഉല്ലാസ യാത്രയുടെ ഭാരം ജനം ചുമക്കേണ്ടതുണ്ടോ-എഡിറ്റോറിയല്‍

ഇറാനിലേക്ക് കാമുകിയുമൊത്ത് സന്ദര്‍ശനത്തിനു പോയ സമയത്ത്, സര്‍ക്കാര്‍ അനുവദിച്ച മൊബൈല്‍ ഫോണ്‍ കൊണ്ടുപോയതിനാണ് നോര്‍വെയിലെ ഫിഷറീസ് മന്ത്രി പെര്‍സാന്‍ബര്‍ഗിന് രാജിവെക്കേണ്ടിവന്നത്. സര്‍ക്കാര്‍ അനുവദിച്ച ഔദ്യോഗിക മൊബൈല്‍ ഫോണ്‍ സ്വകാര്യ സന്ദര്‍ശന വേളയില്‍ കൈവശം വെച്ചതായിരുന്നു അയാള്‍ ചെയ്ത തെറ്റ്. ഇത് പ്രോട്ടോക്കള്‍ ലംഘനമായും സുരക്ഷാലംഘനമായും ഉത്തരവാദിത്തത്തിന്റെ ദുരുപയോഗമായും കണ്ടാണ് രാജിവെക്കേണ്ടിവന്നത്. ഇത്തരത്തില്‍ ജനാധിപത്യ മര്യാദ കണിശമായി പാലിക്കുന്ന രാജ്യത്തേക്കാണ് ജനാധിപത്യത്തിനു പേരുകേട്ട ഇന്ത്യയിലെ ഒരു സംസ്ഥാനമായ കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്‍ കുടുംബവുമൊത്ത് സര്‍ക്കാര്‍ സൗകര്യത്തില്‍ ഉല്ലാസ യാത്ര പോയത്. മുഖ്യമന്ത്രിയുടെ സംഘത്തില്‍ മന്ത്രിമാരായ രാജീവ്, അബ്ദുറഹിമാന്‍, ഭാര്യ കമല, കൊച്ചുമകന്‍ എന്നിവരുമുണ്ട്.

ഒരു സംസ്ഥാന സര്‍ക്കാരിന്റെ തിരഞ്ഞെടുക്കപ്പെട്ട ഔദ്യോഗിക തലവന്‍ എന്ന നിലയില്‍ പൊതുവെയുള്ള അന്താരാഷ്ട്ര ഔദ്യോഗിക രീതികളെപ്പോലെ തങ്ങളുടെ പങ്കാളികളെ ഇത്തരം സന്ദര്‍ശനത്തില്‍ ഒപ്പം കൊണ്ടുപോകുന്നത് അംഗീകരിക്കാവുന്നതാണ്. അതും സര്‍ക്കാരിന്റെ തലവന് മാത്രം അനുവദിക്കുന്ന മര്യാദയാണ്. സര്‍ക്കാരിന്റെ എല്ലാവിധ സൗകര്യങ്ങളും ഉപയോഗിച്ചുകൊണ്ട്, സര്‍ക്കാര്‍ തലവന്‍ എന്ന നിലയില്‍ മുഖ്യമന്ത്രിക്ക് ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും പറ്റിക്കൊണ്ട് ഒരാളേയും സ്വന്തം സംഘത്തില്‍ കൊണ്ടുപോകാന്‍ മുഖ്യമന്ത്രിക്ക് അധികാരമില്ല. എളുപ്പത്തില്‍ വിസ ലഭിക്കുന്നത് മുതല്‍, മുഴുവന്‍ നടപടിക്രമങ്ങളും സര്‍ക്കാര്‍ നീക്കുന്നതും വിദേശത്തുള്ള താമസം, ഭക്ഷണം, യാത്ര, സ്ഥല സന്ദര്‍ശനങ്ങളിലെ മുന്‍ഗണന എന്നിവയടക്കമെല്ലാം തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ തലവനായി നല്‍കുന്ന പരിഗണനകളാണ്. ഔദ്യോഗിക സംവിധാനങ്ങളെ വ്യക്തിപരമായ ആഘോഷങ്ങള്‍ക്കായി ദുരുപയോഗം ചെയ്യുന്നത് ലജ്ജാകരമാണ്. ജനാധിപത്യ സമ്പ്രദായമല്ലിത്, രാജാധികാരമാണിത്. തിരഞ്ഞെടുപ്പ് നടത്തി ജനപ്രതിനിധികളെയും സര്‍ക്കാരിനെയും തിരഞ്ഞെടുക്കുമ്പോള്‍ അവരുടെയൊക്കെ മക്കളെയും കൊച്ചുമക്കളെയും പരമാവധി ആഗോള വിനോദസഞ്ചാരം നടത്തി സന്തോഷിപ്പിക്കാം എന്നുകൂടിയല്ല അര്‍ഥമാക്കുന്നത്. മുഖ്യമന്ത്രിക്ക് നല്‍കിയ സൗകര്യങ്ങള്‍ ഒരു ഭരണാധികാരി എന്ന നിലയില്‍ സംസ്ഥാനത്തിന്റെ ഭരണം നിര്‍വഹിക്കാനാണ്. സര്‍ക്കാരിനെ സംബന്ധിച്ച്, ജനാധിപത്യ ഭരണസംവിധാനത്തെ സംബന്ധിച്ച് ആ ബാധ്യത ഏറ്റെടുക്കാനാകില്ല. രാജ ഭരണത്തില്‍ പൗരനില്‍ നിന്നും ഭരണാധികാരിയെ വ്യത്യസ്തനാക്കുന്നത് അയാള്‍ രാജാവും മറ്റുള്ളവര്‍ പൗരനും എന്ന നിലയിലാണ്. ഇത് തകര്‍ത്തുകൊണ്ടാണ് ജനാധിപത്യം കടന്നുവരുന്നത്. പക്ഷേ ഇവിടെ പഴയ രാജവാഴ്ച കടന്നുവരുന്നതായാണ് കാണേണ്ടത്. സര്‍ക്കാര്‍ സംവിധാനം ദുരുപയോഗം ചെയ്യുന്നതാണിത്. ഒരാള്‍ മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുമ്പോള്‍ അതിനര്‍ഥം അവരുടെ ചിറ്റപ്പന്‍, കുടുംബം, വല്യപ്പന്‍ ഇവരെയൊക്കെയും അവരുടെ പശുക്കളെയും നോക്കാനുള്ള ഉത്തരവാദിത്തം സമൂഹം ഏറ്റെടുക്കുന്നു എന്നല്ല. മുഖ്യമന്ത്രിക്ക് പേരക്കുട്ടിയില്ല, പിണറായി വിജയനേ പേരക്കുട്ടിയുള്ളു. എങ്ങനെയാണ് ഒരധികാര കേന്ദ്രം ചോദ്യങ്ങളില്ലാത്ത ഒന്നായി മാറുന്നുവെന്നതാണ് ഇത് കാണിക്കുന്നത്. ആരും ഇതൊന്നും ചോദ്യംചെയ്യില്ല എന്ന ധാര്‍ഷ്ഠ്യമാണ് ഇത്തരം യാത്രകള്‍ക്ക് പിന്നില്‍.

കുടുംബാംഗങ്ങളുടെ യാത്രക്ക് സര്‍ക്കാര്‍ പണം നല്‍കുന്നില്ല എന്ന് പറയുമ്പോഴും മുഖ്യമന്ത്രിക്ക് നല്‍കുന്ന എല്ലാ സൗകര്യങ്ങളും തന്നെയാണ് ഇവരും ഉപയോഗിക്കുന്നതെന്നോര്‍ക്കണം. കൊടിയേരി ബാലകൃഷ്ണന്റെ സംസ്‌കാര ചടങ്ങ് കഴിഞ്ഞ് മുഖ്യമന്ത്രി കൊച്ചിയിലേക്ക് മടങ്ങിയത് സ്വകാര്യ വ്യക്തിയുടെ ഹെലികോപ്റ്ററിലാണ്. എന്ത് അടിസ്ഥാനത്തിലാണ് സ്വകാര്യ വ്യക്തിയുടെ സൗകര്യം മുഖ്യമന്ത്രി സ്വീകരിച്ചത്. 1988ലെ അഴിമതി നിരോധന നിയമത്തിലെ സെക്ഷന്‍ 7 പ്രകാരം സ്വകാര്യ വ്യക്തികളില്‍ നിന്ന് സൗകര്യങ്ങളോ സേവനങ്ങളോ സ്വീകരിക്കുന്നത് മൂന്ന് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്. ഈ നിയമം നിലനില്‍ക്കുമ്പോഴാണ് മുഖ്യമന്ത്രി സ്വകാര്യവ്യക്തിയുടെ സൗകര്യം സ്വീകരിച്ചതെന്നോര്‍ക്കണം. ഇത്തരത്തില്‍ തുടക്കം മുതല്‍ ഒരുപാട് നിയമലംഘനങ്ങളാണ് യാത്രയിലുടനീളം അരങ്ങേറുന്നത്. ഇത് നികുതി കൊടുക്കുന്ന സാധാരണ ജനങ്ങളോട് കാട്ടുന്ന അനീതിയാണ്. ഈ ചിലവും പാവപ്പെട്ട ജനങ്ങളുടെ തലയില്‍ തന്നെ വന്നു വീഴും. ഇത് അനുവദിച്ചുകൊടുക്കേണ്ടതുണ്ടോ?

Test User: