ഹബീബ്‌റഹ്മാന്‍ കൊടുവള്ളി
തുടര്‍ഭരണം എന്നത് കേരളത്തെയും കേരള ജനതയെയും എത്രമാത്രം കുത്തുപാളയെടുപ്പിക്കുകയും ദുസ്സഹമാക്കുകയും ചെയ്യും എന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണിപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. കടക്കെണി മൂലം പൊറുതിമുട്ടിയ കേരളത്തെയും കാലിയായ ഖജനാവിനെയും രക്ഷിക്കാനെന്നോണം സകല മേഖലയിലും അധികഭാരം അടിച്ചേല്‍പ്പിച്ചാണ് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള സംസ്ഥാന ബജറ്റ് നിയമസഭയില്‍ അവതരിപ്പിച്ചത്. ജനത്തെ പിഴിഞ്ഞ് നികുതി പിരിക്കാന്‍ തീരുമാനിച്ച സര്‍ക്കാര്‍ 3000 കോടി നേരിട്ടും 1000 കോടി തദ്ദേശസ്ഥാപനങ്ങള്‍ വഴിയും അധികം സമാഹരിക്കാനാണത്രെ ലക്ഷ്യമിടുന്നത്. പുതിയ ക്ഷേമ പദ്ധതികളോ വികസന പദ്ധതികളോ ഒട്ടുമേ പ്രഖ്യാപിച്ചിട്ടുമില്ല. ചുരുക്കത്തില്‍ വെള്ളത്തിനും മണ്ണിനും മണലിനും മാത്രമല്ല പാറക്ക് പോലും വില കൂട്ടിയിരിക്കുന്നു എന്നര്‍ത്ഥം. ഇപ്രാവശ്യത്തെ ബജറ്റില്‍ ചരക്കുകള്‍ക്ക് മാത്രമല്ല സേവനങ്ങള്‍ക്ക് പോലും വില വര്‍ധിപ്പിച്ചു എന്നതാണ് യാഥാര്‍ത്ഥ്യം. ശ്വസിക്കുന്ന വായുവിന് വില കൂട്ടാത്തത് മഹാഭാഗ്യം എന്നേ പറയേണ്ടൂ. പ്രയാസങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കുമിടയില്‍ നട്ടംതിരിയുന്ന സാധാരണക്കാരുടെ ജീവിതം കൂനിന്മേല്‍ കുരുവാക്കുന്നതും കൂടുതല്‍ ദുരിതമയമാക്കുന്നതുമാണ് ബജറ്റ്. തിരഞ്ഞെടുപ്പ് ഭീതിയില്ലാത്തതിനാലും ഇനിയുമൊരു വിജയം സ്വപ്‌നം കാണുന്നതിനാലുമാവണം സകല മേഖലകളെയും ഊറ്റിയെടുത്തതിന് പുറമെ വന്‍ വിലക്കയറ്റത്തിന് വഴിവെക്കുന്ന പെട്രോള്‍, ഡീസല്‍ വിലയെപ്പോലും വെറുതെ വിടാത്തത്. സമീപകാല ചരിത്രത്തിലൊന്നും ഇത്ര വലിയ ജീവിത ഭാരം ഒരു സര്‍ക്കാരും ഒറ്റയടിക്ക് അടിച്ചേല്‍പിച്ചിട്ടില്ല. വെള്ളക്കരം, വൈദ്യുതി ചാര്‍ജ്, ബസ്ചാര്‍ജ് തുടങ്ങിയവയൊക്കെ വര്‍ധിപ്പിച്ചതിന് പിറകേയാണീ പിടിച്ചുപറി എന്നോര്‍ക്കണം. ഏകദേശം 4000 കോടി രൂപയുടെ അധിക ബാധ്യതയാണ് ജനത്തിന്റെ മുതുകില്‍ വീഴാന്‍ പോകുന്നത്.
കേന്ദ്ര സര്‍ക്കാര്‍ കേരളത്തോട് കാണിക്കുന്ന അവഗണനയും പക്ഷപാതവും തികഞ്ഞ യാഥാര്‍ത്ഥ്യമാണ്. അതവരുടെ നയവുമാണ്. കഴിഞ്ഞ ആഴ്ചയിലെ കേന്ദ്ര ബജറ്റിലൊക്കെ ജനസംഖ്യ പരിഗണിക്കുമ്പോള്‍ മറ്റു സംസ്ഥാനങ്ങളേക്കാള്‍ തുലാം തുച്ഛമാണ് കേരളത്തിന് അനുവദിച്ച വിഹിതം. മഹാമാരി, പ്രളയം, വരള്‍ച്ച എന്നിത്യാദി ദുരന്ത സന്ദര്‍ഭങ്ങളിലൊക്കെയും കേരളത്തെ കൂടുതല്‍ ബുദ്ധിമുട്ടിക്കാനാണ് കേന്ദ്ര ഗവണ്‍മെന്റ് ശ്രമിച്ചത്. കേരളത്തിലും സംഘ്പരിവാര്‍ സര്‍ക്കാര്‍ വന്നാലല്ലാതെ ഒരു മാറ്റവും പ്രതീക്ഷിക്കുക വയ്യ എന്നതാണ് കേന്ദ്ര സര്‍ക്കാറിന്റെ മനോഭാവം. ഇതൊക്കെ ഇടതുപക്ഷത്തിനോ കൂട്ടാളികള്‍ക്കോ അറിയാത്തതുമല്ല. അത് മനസ്സിലാക്കി കേന്ദ്രത്തിന്റെ ഇത്തരം പ്രതികാര നടപടികളെ തീക്ഷ്ണമായി എതിര്‍ക്കുന്നതോടൊപ്പം സ്വന്തം സംസ്ഥാനത്തെ ജനങ്ങളെ പരമാവധി ക്രിയാത്മകമായി സംരക്ഷിക്കേണ്ട ഉത്തരവാദിത്തവും ഇടതുപക്ഷ സര്‍ക്കാറിനുണ്ട്. കേരളത്തില്‍ ഇനി വരുന്ന ഏത് സര്‍ക്കാറിനും ഈ ഇരട്ട ഉത്തരവാദിത്തം നിര്‍വഹിക്കേണ്ടി വരിക സ്വാഭാവികമാണ്. അതിന് ക്രിയാത്മകമായ പദ്ധതികളാവിഷ്‌കരിച്ച് മുന്നോട്ടുപോകുന്നതിന്പകരം സംസ്ഥാനത്തെ സ്വന്തം ജനങ്ങളുടെമേല്‍ കനത്ത നികുതി ഭാരം അടിച്ചേല്‍പ്പിക്കുകയല്ലല്ലോ വേണ്ടത്. സര്‍ക്കാരിന്റെയും ഭരണ രംഗങ്ങളിലെയും ചിലവുകള്‍ കുറച്ച് മാതൃക കാണേണ്ടതിനുപകരം മുഖ്യമന്ത്രിക്ക് കാലിത്തൊഴുത്ത് നിര്‍മിച്ചും ചിന്താജെറോമുമാരുടെ ശമ്പളം വര്‍ധിപ്പിച്ചും ലക്ഷങ്ങളുടെ ശമ്പളം നല്‍കി തോമസുമാരെ ഡല്‍ഹിയില്‍ കുടിയിരുത്തിയും മന്ത്രിമാരുടെയും എം.എല്‍.എമാരുടെയും ശമ്പളവും ആനുകൂല്യങ്ങളും വര്‍ധിപ്പിച്ചും മാസംതോറും കൊടും പലിശക്ക് കടമെടുത്തും ധൂര്‍ത്ത് നടത്തുന്ന സര്‍ക്കാറിന് ജനങ്ങളെ പിഴിയാന്‍ എന്തര്‍ഹതയാണുള്ളത്?
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് സാമൂഹിക സുരക്ഷാ മിഷന്‍ വഴി 17 കോടിയുടെ സമഗ്ര പാക്കേജ്, വന്യജീവികള്‍ ജനവാസ മേഖലകളിലേക്ക് കടക്കുന്നത് തടയാന്‍ രണ്ടുകോടി തുടങ്ങിയ അപൂര്‍വം ചില ക്ഷേമ പദ്ധതികളെക്കൊണ്ട് ഓട്ടയടക്കാനാവുന്നതല്ല ജനക്ഷേമ പദ്ധതികളില്‍ നിന്നുള്ള ഇടതു സര്‍ക്കാരിന്റെ തിരിഞ്ഞു നടത്തം. വിശിഷ്യാ ജനങ്ങള്‍ പട്ടിണിയിലും കോവിഡാനന്തര രോഗങ്ങളിലും ദുരിതങ്ങളിലും കടക്കെണിയിലുമൊക്കെ അകപ്പെട്ട് നിലവാരമുള്ള വിദ്യാഭ്യാസവും ചികിത്സയുമൊക്കെ അപ്രാപ്യമായിക്കൊണ്ടിരിക്കുമ്പോള്‍ വിശേഷിച്ചും.
രാജ്യത്തും സംസ്ഥാനത്തും സകലതിനും വില വര്‍ധിച്ച് ജന ജീവിതം ദുസ്സഹമായിക്കൊണ്ടിരിക്കുന്നു. അടുക്കള ബജറ്റ് മാത്രമല്ല ജീവിത ബജറ്റ് പോലും താളം പിഴക്കുന്നു. നിത്യോപയോഗ സാധനങ്ങളായ പച്ചക്കറി, പലചരക്ക്, പഴ വര്‍ഗങ്ങള്‍, മത്സ്യമാംസാദികള്‍ തുടങ്ങി എല്ലാത്തിനും വില വര്‍ധിക്കുന്നതിന് യാതൊരു പരിധിയും പരിമിതിയും ഇല്ലാതായിരിക്കുന്നു. ഒരു സാധനത്തിന് തൊട്ടു പിറ്റേ ദിവസത്തേക്ക് തന്നെ വില ഒന്നും രണ്ടും മൂന്നും ഇരട്ടിയായി വര്‍ധിക്കുന്ന അവസ്ഥയാണുള്ളത്.യഥാര്‍ത്ഥത്തില്‍ ഒരു രാജ്യത്തെ ഗവണ്‍മെന്റിന്റെ മുഖ്യ ഉത്തരവാദിത്തം വിപണിയെ പിടിച്ചുനിര്‍ത്തുകയും ജനജീവിതം സുഗമമാക്കുകയുമാണ്. വില കൂടാനും കൂട്ടാനും ഒരു സര്‍ക്കാരിന്റെ ആവശ്യമില്ല. അത് വിപണി മല്‍സരത്തില്‍ സ്വാഭാവികമായി ഉണ്ടാകുന്നതാണ്. മാര്‍ക്കറ്റില്‍ ഇടപെട്ടുകൊണ്ട് ഇച്ഛാശക്തിയോടെ അതിനെ പിടിച്ചുനിര്‍ത്തുക എന്നതാണ് ഗവണ്‍മെന്റിന്റെ ഉത്തരവാദിത്തം. എന്നാല്‍ പ്രളയ ദുരിതത്തില്‍ നിന്നും കോവിഡ് ദുരന്തത്തില്‍ നിന്നുമൊക്കെ കഷ്ടിച്ച് കരകയറുന്ന സാധാരണക്കാരുടെ നടുവൊടിക്കുന്ന വിലക്കയറ്റത്തെ വിപണി ഇടപെടലുകളിലൂടെയും പൂഴ്ത്തിവെപ്പ് പരിശോധനയിലൂടെയും നിയന്ത്രിക്കേണ്ട ഭക്ഷ്യവകുപ്പോ അധികാരികളോ ഇതൊന്നും കണ്ടതായി നടിക്കുന്നു പോലുമില്ല.
ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തി കേരളത്തെ കൂടുതല്‍ മുന്നോട്ടു നയിക്കുകയും അതുവഴി നവകേരളം സൃഷ്ടിക്കുകയുമാണ് ബജറ്റിന്റെ കാഴ്ചപ്പാട് എന്ന് പ്രഖ്യാപിച്ചു കൊണ്ടുള്ള ധനമന്ത്രിയുടെ ബജറ്റ് പ്രസംഗത്തുടക്കമൊക്കെ മഹാ തമാശയായെടുക്കാം. അതിനേക്കാള്‍ വലിയ തമാശയെന്തെന്നോ? വിലക്കയറ്റം തടയാന്‍ 2000 കോടി രൂപ ബജറ്റില്‍ വിലയിരുത്തിയിരിക്കുന്നു. മൊത്തം സാധന സേവനങ്ങള്‍ക്കും വില വര്‍ധിപ്പിച്ച് അത് തടയാന്‍ മറ്റൊരു 2000 കോടി രൂപ. ഇതെന്തൊരു മറിമായമാണാവോ? കേവലം 600 രൂപയുടെ കിറ്റ് തന്ന് പാട്ടിലാക്കാന്‍ വേണ്ടി 4000 കോടി രൂപയുടെ അധിക ഭാരം!.
ഉപഭോക്തൃ സംസ്ഥാനമായ കേരളത്തെ സംബന്ധിച്ചേടത്തോളം ഭാരിച്ച ജീവിത ചെലവാണ് വരാന്‍ പോകുന്നത്. കാലാവസ്ഥാവ്യതിയാനവും ഇടക്കിടെയുണ്ടാകുന്ന പേമാരിയും ന്യൂനമര്‍ദ്ദവും കൊടുങ്കാറ്റുകളും ഉള്ള കൃഷിയെ മാത്രമല്ല, ഇനി കൃഷി ചെയ്യാനുള്ള താല്‍പര്യത്തെപ്പോലും അവതാളത്തിലാക്കിയിരിക്കുന്നു. ഇക്കാര്യത്തില്‍ ഭക്ഷ്യ ഉത്പന്നങ്ങളെന്നോ നാണ്യ വിളകളെന്നോ കയറ്റുമതി വിഭവങ്ങളെന്നോ വ്യത്യാസമില്ല. കടല്‍ ക്ഷോഭങ്ങളും സമുദ്ര താളപ്പിഴകളും കാരണം കടല്‍ വിഭവങ്ങളില്‍ പോലും കുറവ് വന്നതായാണനുഭവം. കഷ്ടപ്പെട്ടുണ്ടാക്കുന്ന വിളകള്‍ക്കാകട്ടെ തുഛമായ വിലയും. ഇത്തരം ദുരിത പര്‍വ്വത്തിനിടയിലുള്ള വില വര്‍ധനാ ബജറ്റ് കൂടിയാവുമ്പോള്‍ സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ജീവിതം അതീവ ദുസ്സഹമായിരിക്കുമെന്നര്‍ത്ഥം. ശമ്പളവും പെന്‍ഷനും മറ്റാനുകൂല്യങ്ങളും അടിക്കടി ഉയരാന്‍ പോകുന്ന മന്ത്രിമാര്‍ക്കോ എം. എല്‍.എമാര്‍ക്കോ ഉദ്യോഗസ്ഥര്‍ക്കോ സില്‍ബന്തികള്‍ക്കോ ഇതൊന്നും വിഷയമല്ല.