പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ നടക്കുന്ന അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിൽ പങ്കെടുക്കില്ലെന്ന 4 ശങ്കരാചാര്യന്മാരുടെ തീരുമാനത്തിൽ വിവാദം പുകയുന്നതിനിടെ വിശദീകരണവുമായി പുരി ശങ്കരാചാര്യർ.
പരമ്പരാഗത വിഗ്രഹപ്രതിഷ്ഠ രീതികളിൽനിന്ന് വ്യതിചലിച്ചതിനാലാണ് തങ്ങൾ അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിൽനിന്ന് വിട്ടു നിൽക്കുന്നതെന്ന് പുരി ശങ്കരാചാര്യ സ്വാമി നിശ്ചലാനന്ദ സരസ്വതി. ശങ്കരാചാര്യൻമാർ സ്വന്തം മഹത്ത്വമാണ് ഉയർത്തിപ്പിടിക്കുന്നത്.
ഇത് അഹങ്കാരമല്ല. പ്രധാനമന്ത്രി പ്രതിഷ്ഠ നടത്തുമ്പോൾ ഞങ്ങൾ പുറത്തിരുന്ന് വെറും കാഴ്ചക്കാരായി കൈയടിക്കുകയാണോ വേണ്ടതെന്ന് സ്വാമി നിശ്ചലാനന്ദ സരസ്വതി ചോദിച്ചു. മതേതര സർക്കാർ എന്നാൽ പാരമ്പര്യത്തെ നിരാകരിക്കലല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാമക്ഷേത്ര പ്രതിഷ്ഠ രാഷ്ട്രീയപരിപാടിയാക്കുന്നതിലാണ് ശങ്കരാചാര്യൻമാരുടെ വിട്ടുനിൽക്കലിലേക്ക് എത്തിയത്.
പണിപൂർത്തിയാകാത്ത േക്ഷത്രത്തിൽ പ്രതിഷ്ഠ നടത്തുന്നതുകൊണ്ടാണ് ശങ്കരാചാര്യൻമാർ വിട്ടുനിൽക്കുന്നതെന്ന് കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷം ആരോപിച്ചിരുന്നു.