പ്രകാശ് ജാവഡേക്കറുമായുള്ള കൂടിക്കാഴ്ചയില്‍ ഇ.പി ജയരാജനെ തള്ളി സി.പി.ഐ. കൂടിക്കാഴ്ച ഒഴിവാക്കണമായിരുന്നുവെന്നും കമ്മ്യൂണിസ്റ്റ് മൂല്യബോധം എല്ലാവര്‍ക്കും പ്രധാനമെന്നും സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. ‘അണികളെ പഠിപ്പിക്കുന്ന മൂല്യം പാലിക്കാന്‍ ആരേക്കാളും ബാധ്യത നേതാക്കള്‍ക്കുണ്ട്. കളങ്കിത വ്യക്തികളുടെ കമ്പോള താത്പര്യങ്ങളില്‍ രാഷ്ട്രീയക്കാര്‍ പെട്ടുപോകരുത്. ഏതെങ്കിലും വ്യക്തികള്‍ക്ക് പാളിച്ച പറ്റിയാല്‍ വ്യക്തികളുടെ മാത്രം വീഴ്ചയാണ്’.. ബിനോയ് വിശ്വം പറഞ്ഞു.
ബി.ജെ.പി നേതാവ് പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍ പറഞ്ഞു. ടി.ജി നന്ദകുമാറിനൊപ്പം തിരുവനന്തപുരത്ത് മകന്റെ ഫ്‌ലാറ്റില്‍ എത്തിയാണ് ജാവദേക്കര്‍ കണ്ടതെന്നും രാഷ്ട്രീയം സംസാരിച്ചിട്ടില്ലന്നും ഇ.പി പറഞ്ഞു. ജയരാജനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ കളങ്കിതരുമായുള്ള സൗഹൃദത്തില്‍ ഇ.പിക്ക് ജഗ്രത ഉണ്ടായില്ലെന്ന് കുറ്റപ്പെടുത്തി. പിണറായിയെ പിന്തുണച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും രംഗത്തെത്തി.
പ്രമുഖ സി.പി.എം നേതാവ് ബി.ജെ.പി നേതൃത്വവുമായി ചര്‍ച്ച നടത്തിയെന്ന് ആദ്യം ആരോപിച്ചത് ശോഭാ സുരേന്ദ്രനാണ്. ആ നേതാവ് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍ എന്ന കെ.സുധാകരന്റെ പ്രസ്താവനയോടെ വിവാദം വീണ്ടും ചൂട് പിടിച്ചു. ആരോപണം ഇ.പി ജയരാജന്‍ നിഷേധിച്ചതിന് പിന്നാലെ കൂടിക്കാഴ്ച സ്ഥിരീകരിച്ച്ടി.ജി നന്ദകുമാറും ശോഭ സുരേന്ദ്രനും രംഗത്തെത്തി. ഒടുവില്‍ ജാവഡേക്കറെ കണ്ടെന്ന് ഇ.പി തുറന്നുപറഞ്ഞു. ദല്ലാള്‍ നന്ദകുമാറിനൊപ്പം തിരുവനന്തപുരത്ത് മകന്റെ വീട്ടിലെത്തിയായിരുന്നു കൂടിക്കാഴ്ച. എന്നാല്‍ രാഷ്ട്രീയം സംസാരിച്ചിട്ടില്ലന്നും ഇ.പി പറഞ്ഞു.
പിന്നാലെ ഇ.പി ജയരാജനെതിരെ പരസ്യ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തി. കളങ്കിതരുമായുള്ള സൗഹൃദത്തില്‍ ജയരാജന് ജാഗ്രത ഉണ്ടായില്ല. പാപിയുടെ കൂടെ ശിവന്‍ കൂടിയാല്‍ ശിവനും പാപിയാകുമെന്നും മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്. തെരഞ്ഞെടുപ്പ് ദിവസം ഇ.പി ജയരാജന്‍ നടത്തിയ പ്രസ്താവന അനുചിതമായന്നാണ് മുതിര്‍ന്ന എല്‍ഡിഎഫ് നേതാക്കളുടെയും വിലയിരുത്തല്‍.