X

മന്ത്രി ജലീലിനെ പുറത്താക്കിയില്ലെങ്കില്‍ ഗവര്‍ണ്ണറെ സമീപിക്കും: കെ.പി.എ മജീദ്

 

കോഴിക്കോട്: നിയമവും ചട്ടവും ലംഘിച്ച് ബന്ധുവിനെ നിയമിച്ച് സത്യപ്രതിജ്ഞാ ലംഘനം നടത്തിയ കെ.ടി ജലീലിനെ മന്ത്രി സ്ഥാനത്തു നിന്ന് മാറ്റിയില്ലെങ്കില്‍ ഗവര്‍ണ്ണറെ സമീപിക്കുമെന്ന് മുസ്്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. നിശ്ചിത യോഗ്യതയുടെ അടിസ്ഥാനത്തിലെ നോട്ടിഫിക്കേഷനെ തുടര്‍ന്ന് ഇന്റര്‍വ്യൂ നടത്തിയ ശേഷം യോഗ്യത തിരുത്തി ഡെപ്യൂട്ടേഷനില്‍ സ്വകാര്യ ബാങ്ക് ജീവനക്കാരനായ ബന്ധുവിനെ നിയമിച്ചത് വ്യക്തമായ അഴിമതിയാണ്.
ഇതുവരെയുള്ള നിയമ പ്രകാരം മന്ത്രി ബന്ധുവിന് കേരള സ്‌റ്റേറ്റ് മൈനോരിറ്റി ഡവലപ്‌മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്‍ ജനറല്‍ മാനേജര്‍ ആകാനുള്ള യോഗ്യതയില്ല. ഡയറക്ടര്‍ ബോര്‍ഡ് ഇളവ് തീരുമാനിക്കാതെയും അറിയാതെയുമാണ് പിതൃ സഹോദര പുത്രന്‍ കെ.ടി അദീബിന്റെ യോഗ്യതക്ക് അനുസരിച്ച് ഇളവ് വരുത്തിയത്. നോട്ടിഫിക്കേഷന്‍ പ്രകാരം ഇന്റര്‍വ്യൂ നടന്നപ്പോള്‍ ഇ.പി ജയരാജന്റെ ബന്ധുനിയമം വിവാദമായ പശ്ചാതലത്തില്‍ മന്ത്രി ബന്ധു ഇന്റര്‍വ്യൂവില്‍ നിന്ന് മാറി നില്‍ക്കുകയായിരുന്നു.
ജനറല്‍ മാനേജര്‍ തസ്തിക ഒഴിച്ചിട്ട് ഡെപ്യൂട്ടേഷനില്‍ സ്വകാര്യ ബാങ്ക് ജീവനക്കാരനായ അദീബിനെ ഡയറക്ടര്‍ ബോര്‍ഡ് പോലും അറിയാതെ നിയമിച്ച മന്ത്രി, തസ്തിക സ്ഥിരപ്പെടുത്താനാണ് ലക്ഷ്യമിട്ടത്. പൊതുമേഖലാ സ്ഥാപനങ്ങളിലെ ജനറല്‍ മാനേജര്‍ ഉള്‍പ്പെടെയുള്ള ഉന്നതതല നിയമനങ്ങള്‍ ദേശീയ തലത്തില്‍ അംഗീകാരമുള്ള സാങ്കേതിക വിദഗ്ധരുടെ ശുപാര്‍ശയനുസരിച്ചു മാത്രമേ നടത്താവൂ എന്ന മന്ത്രിസഭാ തീരുമാനം ലംഘിച്ചതിനെ കുറിച്ച് മുഖ്യമന്ത്രി പ്രതികരിക്കാതെ ഒളിച്ചോടുകയാണ്.
യോഗ്യതയില്ലെന്നു പറഞ്ഞു തള്ളിയ അപേക്ഷകരുടെ വിവരങ്ങള്‍ പുറത്തുവിട്ടാല്‍ മന്ത്രിയുടെ വാദം കളവാണെന്ന് കൂടുതല്‍ ബോധ്യപ്പെടും.നിയമപരമായും ധാര്‍മ്മികപരമായും അധികാരത്തില്‍ തുടരാന്‍ അര്‍ഹത നഷ്ടപ്പെട്ട മന്ത്രി കെ.ടി ജലീലിനെ മുഖ്യമന്ത്രി തയ്യാറായില്ലെങ്കില്‍ ഗവര്‍ണ്ണറെ സമീപിക്കുന്നതോടൊപ്പം നിയമ പരമായും രാഷ്ട്രീയമായും മുന്നോട്ടു പോകുമെന്നും കെ.പി.എ മജീദ് മുന്നറിയിപ്പ് നല്‍കി.

chandrika: