X

വിദ്യാര്‍ഥി വെടിയേറ്റുമരിച്ച സംഭവത്തില്‍ സുഹൃത്ത് അറസ്റ്റില്‍

പെരിന്തല്‍മണ്ണ: മാനത്ത്മംഗലത്ത് വെടിയേറ്റ് വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ സുഹൃത്ത് അറസ്റ്റില്‍. സംഘത്തിലുണ്ടായിരുന്ന മാനത്തുമംഗലം പിലാക്കല്‍ മുത്തഹമ്മില്‍(24) ആണ് അറസ്റ്റിലായത്. സംഭവുമായി ബന്ധപ്പെട്ട് മാസിന്റെ എട്ട് കുട്ടുകാരെ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയിലെടുത്തിടുണ്ട്. ഞായറാഴ്ച വൈകീട്ട് തന്നെ പെരിന്തല്‍മണ്ണ പൊലീസ് മുത്തഹമ്മിലിനെ കസ്റ്റഡിയിലെടുത്തിരുന്നു. എന്നാല്‍ തിങ്കളാഴ്ച വൈകീട്ട് മൂന്ന് മണിയോടെയാണ് അറസ്റ്റുരേഖപ്പെടുത്തിയത്. സംഭവസമയത്ത് മുത്തഹമ്മില്‍ മദ്യലഹരിയിലായിരുന്നുവെന്ന് അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന പെരിന്തല്‍മണ്ണ സി.ഐ. ടി.എസ് ബിനു പറഞ്ഞു.
ഞായറാഴ്ച വൈകീട്ട് നാല് മണിക്ക് മുമ്പായാണ് പത്തംഗസംഘം പൂപ്പലം നിരപ്പിലെ തടപറമ്പ് കുന്നിന്‍മുകളിലെത്തിയത്. സുഹൃത്തുക്കളടങ്ങിയ സംഘം അവധി ആഘോഷിക്കാനാണ് എത്തിയത്. ഇവരുടെ കൂട്ടത്തിലൊരാളുടേതാണ് വെടിവെക്കാനുപയോഗിച്ച എയര്‍ഗണ്‍. പക്ഷികളെയോ മറ്റോ വെടിവെക്കാനായാണ് തോക്ക് കൊണ്ടു പോയതെന്നാണ് കരുതുന്നത്. തോക്കില്‍ ഉണ്ടയുള്ളത് അറിയില്ലായിരുന്നുവെന്ന് മുത്തഹമ്മില്‍ ചോദ്യം ചെയ്യലില്‍ പറഞ്ഞെങ്കിലും പോലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. ഇവര്‍ തമ്മില്‍ മുന്‍ വൈരാഗ്യമുള്ളതായി അറിയില്ല. അബദ്ധത്തില്‍ വെടിയുതിര്‍ത്തതാണോയെന്ന് കൂടുതല്‍ അന്വേഷണത്തിന് ശേഷമെ അറിയാനാവൂ. മാസിനിന്റെ തൊട്ടടുത്ത് നിന്നാണ് മുത്തഹമ്മില്‍ വെടിവെച്ചത്. വെടിയുണ്ട ശ്വാസകോശത്തില്‍ കയറിയ നിലയിലായിരുന്നു.
മാസിനെ മുത്തമ്മിലും മറ്റൊരാളും ചേര്‍ന്നാണ് ആസ്പത്രിയിലെത്തിച്ചത്. ഞായറാഴ്ച രാത്രി തന്നെ തോക്ക് കണ്ടെടുക്കുന്നതിനായി സംഭവ സ്ഥലത്ത് തിരച്ചില്‍ നടത്തിയിരുന്നെങ്കിലും കണ്ടെത്താനായിരുന്നില്ല. മുത്തഹമ്മിലുമായി തിങ്കളാഴ്ച നടത്തിയ പിശോധനയിലാണ് പൊലീസ് കുറ്റിക്കാട്ടില്‍ വലിച്ചെറിഞ്ഞ നിലയില്‍ തോക്ക് കണ്ടെടുത്തത്. പ്രതി എയര്‍ഗണ്ണുമായി നില്‍കുന്ന ചിത്രങ്ങള്‍ കസ്റ്റഡിയിയുള്ളവരുടെ മൊബൈല്‍ ഫോണില്‍ നിന്ന് പൊലീസ് കണ്ടെടുത്തു. മാസിന് വെടിയേറ്റയുടന്‍ ആശുപത്രിയില്‍ എത്തിച്ച ശേഷം ഇരുവരും സ്ഥലം വിട്ടത് ജനരോഷം ഭയന്നാണെന്ന് ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തി.
തിങ്കളാഴ്ച പൊലീസ് ഇന്ക്വസ്റ്റിന് ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കല്‍കോളേജ് ആസ്പത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി. വൈകീട്ട് എട്ടു മണിയോടെ കക്കൂത്ത് വലിയങ്ങാടി പള്ളി ഖബര്‍സ്ഥാനില്‍ മൃതദേഹം ഖബറടക്കി. കല്ലായി എ.ഡബ്ലുയു.എച്ച് സ്‌പെഷ്യല്‍ കോളേജില്‍ മൂന്നാം വര്‍ഷ ഓഡിയോളജി വിദ്യാര്‍ഥിയായിരുന്നു മാസിന്‍.
സയന്റിഫിക് വിദഗ്ധന്‍ ഡോ.അനീഷ്, വിരലടയാള വിദഗ്ധന്‍ സതീഷ്, ബാലിസ്റ്റിക് വിദഗ്ധ എന്നിവരടങ്ങിയ സംഘം സംഭവസ്ഥലത്ത് പരിശോധന നടത്തി. പ്രതിയെ ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കുമെന്ന് സി.ഐ. പറഞ്ഞു. സി.ഐ ടി.എസ് ബിനു, എസ്. ഐ കമറുദ്ദീന്‍ വള്ളിക്കാടന്‍, നരേന്ദ്രന്‍, സീനയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ സുകുമാരന്‍, രത്‌നാകരന്‍, മോഹനകൃഷ്ണന്‍ എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിക്കുന്നത്.

chandrika: