സംസ്ഥാനത്ത് അവശ്യസാധനങ്ങള്‍ക്ക് തീവില. വില കൂടില്ലെന്ന് പ്രഖ്യാപിച്ച് സര്‍ക്കാര്‍ ആരംഭിച്ച സപ്ലൈകോ ഓണച്ചന്ത വിപണികളിലും സാധനങ്ങള്‍ക്ക് ഉയര്‍ന്ന വിലയാണ്. ഇതിന് പുറമെ സബ്‌സിഡി സാധനങ്ങള്‍ സ്റ്റോക്കില്ലാത്തതും പൊതുജനങ്ങളെ ദുരിതത്തിലാക്കുന്നു.
സപ്ലൈകോ ഔട്ട്‌ലെറ്റുകളില്‍ സബ്‌സിഡി നിരക്കില്‍ നല്‍കേണ്ട അരലിറ്റര്‍ വെളിച്ചെണ്ണ ലഭ്യമല്ല. പകരമായി ഒരു ലിറ്ററിന്റെ ശബരി വെളിച്ചെണ്ണ പകുതി മാത്രം സബ്‌സിഡി നിരക്കിലാണ് ജനങ്ങളിലെത്തുന്നത്. 13 അവശ്യസാധനങ്ങള്‍ക്ക് ഒരിക്കലും വിലകൂടില്ലെന്ന സര്‍ക്കാരിന്റെ ഉറപ്പിന് ഇതോടെ യാതൊരു വിലയുമില്ലാതായിരിക്കുകയാണ്.
ആന്ധ്ര ജയ അരി, കുറുവ അരി, മട്ട അരി, പച്ചരി, പഞ്ചസാര, ഉഴുന്ന്, ചെറുപയര്‍, കടല, തുവര, വന്‍പയര്‍, മുളക്, മല്ലി, വെളിച്ചെണ്ണ എന്നീ ഇനങ്ങള്‍ സബ്‌സിഡി വിലയില്‍ ലഭ്യമാക്കാനായിരുന്നു തീരുമാനം. എന്നാല്‍ ഇതെല്ലാം ജനങ്ങളിലേക്ക് എത്തുന്നത് ഉയര്‍ന്ന നിരക്കിലാണ്. പച്ചക്കറിയുടെ കാര്യത്തിലും വലിയ മാറ്റമൊന്നുമില്ല. ഓണത്തിന് സംസ്ഥാനത്ത് കുറഞ്ഞ നിരക്കില്‍ പച്ചക്കറി ലഭ്യമാകുമെന്നായിരുന്നു സര്‍ക്കാര്‍ വാഗ്ദാനം. എന്നാല്‍ അതും വെറും വാഗ്ദാനം മാത്രമായി ചുരുങ്ങുന്നു. ബീന്‍സ് കിലോക്ക് 70 രൂപ, വള്ളിപ്പയര്‍ 75, പച്ചമുളക് 50, പടവലം 50, വെള്ളരി 40 എന്നിങ്ങനെയാണ് നിലവിലെ വില.