കോഴിക്കോട്: മലബാര്‍ മേഖലയില്‍ അര ലക്ഷത്തോളം കുട്ടികള്‍ക്ക് ഹയര്‍ സെക്കന്ററി പഠനത്തിന് സീറ്റില്ലാത്ത പ്രശ്‌നം പരിഹരിക്കാതെ പ്ലസ് വണ്‍ അലോട്ട്‌മെന്റ് തുടങ്ങുന്നു. എസ്.എസ്.എല്‍.സി ഫലം റെക്കോര്‍ഡ് വിജയമായി പുറത്തു വന്നപ്പോള്‍ പരീഷ എഴുതിയ 4,19,128 വിദ്യാര്‍ത്ഥികളില്‍ 4,17,864 വിദ്യാര്‍ത്ഥികളാണ് ഉപരിപഠനത്തിന് അര്‍ഹരായത്. സംസ്ഥാനത്ത് പ്ലസ് വണ്ണിന് ആകെ 4,65,141 സീറ്റുകളാണുള്ളത്. ഇങ്ങനെ നോക്കുമ്പോള്‍ വലിയ കുറവില്ല. പക്ഷെ, ഉത്തര, ദക്ഷിണ കേരളത്തിലെ അസന്തുലിതത്വം വി്ദ്യാര്‍ത്ഥികളെ കുഴക്കുകയാണ്. എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ച കുട്ടികള്‍ക്ക് പോലും ഇഷ്ട സ്‌കൂളില്‍ ഇഷ്ട വിഷയം കിട്ടുക മലബാറില്‍ പ്രയാസകരമാണ്.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ ഉപരിപഠനത്തിന് അര്‍ഹത നേടിയത് മലപ്പുറം ഉള്‍പ്പെടെ മലബാര്‍ മേഖലയിലാണ്. സീറ്റ് ക്ഷാമം പഠിച്ച വി കാര്‍ത്തികേയന്‍ കമ്മിറ്റി മലബാറില്‍ 150 അധിക ബാച്ചുകള്‍ വേണമെന്നാണ് സര്‍ക്കാരിന് നല്‍കിയ ശുപാര്‍ശ നല്‍കിയിരുന്നു. പത്തനംതിട്ട, കോട്ടയം, ആലപ്പുഴ എന്നീ ജില്ലകളിലെ കുട്ടികള്‍ തീരെ കുറഞ്ഞ ബാച്ചുകള്‍ ഇവിടേക്ക് മാറ്റാമെന്നുമാണ് കമ്മിറ്റിയുടെ നിര്‍ദേശം. മലബാറില്‍ ഇക്കുറി 225702 കുട്ടികളാണ് പ്ലസ് വണ്‍ പ്രവേശനത്തിന് യോഗ്യത നേടിയത്. നിലവിലുള്ള സീറ്റുകള്‍ 195050 മാത്രമാണ്. യോഗ്യത നേടിയവര്‍ക്കെല്ലാം തുടര്‍ന്ന് പഠിക്കണമെങ്കില്‍ 30652 സീറ്റുകളുടെ കുറവാണുള്ളത്. സിബിഎസ്ഇ, ഐ.സി.എസ്.സി കുട്ടികളുടെ എണ്ണം കൂടി കൂട്ടിയാല്‍ അര ലക്ഷത്തോളം വരും. വിജയശതമാനം കൂടിയത് കൊണ്ട് ഇഷ്ടവിഷയം പഠിക്കാനുള്ള അവസരത്തിനും വെല്ലുവിളിയാകും.
2022 ലെ കണക്ക് പ്രകാരം മലപ്പുറം ജില്ലയില്‍ മാത്രം 30941 പേരാണ് സീറ്റില്ലാതെ പുറത്തായത്. ആവശ്യമായ ബാച്ചുകള്‍ അനുവദിച്ചും ഹയര്‍ സെക്കന്ററി ഇല്ലാത്ത ഹൈസ്‌കൂളുകള്‍ ഹയര്‍സെക്കന്ററിയായി ഉയര്‍ത്തിയും പ്രശ്‌ന പരിഹാരമുണ്ടാക്കാതെ മാര്‍ജിനല്‍ ഇന്‍ക്രീസ് എന്ന തരികിടയിലൂടെ താല്‍ക്കാലികാശ്വാസം നല്‍കുന്നതോടെ മലബാറിലെ ക്ലാസ്സ് മുറികളില്‍ 60 ഉം 70 ഉം വിദ്യാര്‍ത്ഥികളെ കുത്തിനിറക്കുകയാണ് ചെയ്യാറുളളത്.