X

ദീര്‍ഘദൃഷ്ടിയില്ലാത്ത സി.പി.എം – കെ.കെ അബ്ദുസ്സലാം

കെ.കെ അബ്ദുസ്സലാം

ലോകത്തെങ്ങുമുള്ള അടിസ്ഥാന വര്‍ഗം ഏറെ പ്രതീക്ഷയോടെ നോക്കിക്കണ്ട തൊഴിലാളി വര്‍ഗ പ്രസ്ഥാനമാണ് കമ്യൂണിസം. അതിന്റെ തറവാട് നാടുകളില്‍ ആ പ്രത്യയശാസ്ത്രം അസ്തമിച്ചു കഴിഞ്ഞു. പഴയ പ്രമുഖ കമ്യൂണിസ്റ്റ് നാടുകളില്‍ പലതും ഇന്ന് മുതലാളിത്ത ചേരിയിലാണ്. ബാക്കിയുള്ളവയും മുതലാളിത്ത പാതയിലൂടെ മുന്നോട്ടു കുതിച്ചു കൊണ്ടിരിക്കുന്നു. ഇരുപതാം നൂറ്റാണ്ട് അവസാനിക്കുന്നതിനുമുമ്പ് ഇന്ത്യ കമ്യൂണിസ്റ്റ് രാജ്യമായി മാറുമെന്ന് ആദ്യ കാലത്തെ കമ്യൂണിസ്റ്റാചാര്യന്‍മാര്‍ സ്വപ്‌നം കണ്ടിരുന്നു. ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ അഞ്ചിലൊന്നു പിന്നിട്ടു കഴിഞ്ഞിട്ടും ഇന്ത്യയില്‍ ഈ പ്രസ്ഥാനം ഒരിഞ്ചുപോലും മുന്നോട്ടു പോയിട്ടില്ല. മാത്രമല്ല, ഉള്ള ശക്തിയില്‍ മൂന്നിലൊന്നേ ഇപ്പോള്‍ അവശേഷിക്കുന്നുള്ളൂ. കേരളം എന്ന ഇന്ത്യയിലെ കൊച്ചു സംസ്ഥാനത്തില്‍ മാത്രമേ ഇന്നത് ബാക്കിയുള്ളു എന്നോര്‍ക്കുക. അവിടെത്തന്നെ ഒറ്റക്കല്ല ഭരിക്കുന്നത്, കുറെ വലതുപക്ഷ പിന്തിരിപ്പന്‍ വാല്‍ക്കഷ്ണങ്ങളുടെ സഹകരണത്തോടെയാണ്. ഇപ്പോള്‍ നിവര്‍ന്നു നിന്ന് ‘കമ്യൂണിസ്റ്റ് പാര്‍ട്ടി’ എന്ന് ഒരു സഖാവും പറയാറില്ല. മറിച്ച് ഇടതുപക്ഷ മുന്നണി എന്നാണ് പറയുന്നത്.

അധികാരവും സ്വാധീനവും ലഭിച്ചിട ത്തൊക്കെ ആദ്യം നേതാക്കളും പിന്നെ അടുത്ത അനുയായികളും അലസരും സുഖലോലുപരുമായി മാറുകയും പതുക്കെ മുതലാളിത്ത പാതയിലേക്കു നീങ്ങുകയും ചെയ്തു. അതോടെ സാധാരണക്കാര്‍ പാര്‍ട്ടിയില്‍ നിന്നകലാന്‍ തുടങ്ങി. ഇന്ന് ഇന്ത്യയില്‍ ഏറ്റവുമധികം സ്വജനപക്ഷപാതം വെച്ചു പുലര്‍ത്തുന്ന രാഷ്ട്രീയ പാര്‍ട്ടിയായി കമ്യൂണിസ്റ്റ് പാര്‍ട്ടി മാറിക്കഴിഞ്ഞു. അനാവശ്യ സമരങ്ങളെ പ്രോല്‍സാഹിപ്പിക്കുക, പിന്‍വാതിലിലൂടെ പാര്‍ട്ടി അണികള്‍ക്ക് ജോലി നേടിക്കൊടുക്കുക, അനര്‍ഹമായ സ്ഥാനമാനങ്ങള്‍ നല്‍കി സഹായിക്കുക എന്നിവ അതില്‍ ചിലതു മാത്രം. ഈ പ്രകടനം പാര്‍ട്ടിയുടെ വിശ്വസ്തതക്ക് കളങ്കം ചാര്‍ത്തി. നിഷ്പക്ഷരില്‍ പാര്‍ട്ടിക്കുണ്ടായിരുന്ന അന്തസും ആദരവും കുറച്ചു. ഇന്ത്യയിലെ ഇതര രാഷ്ട്രീയ പാര്‍ട്ടികളില്‍ ഒന്നായി മാത്രം കമ്യൂണിസ്റ്റു പാര്‍ട്ടിയെയും ജനങ്ങള്‍ കാണാന്‍ തുടങ്ങി. കോണ്‍ഗ്രസിനെ നശിപ്പിക്കുക എന്ന ഉറച്ച തീരുമാനം ഇന്ത്യന്‍ ജനാധിപത്യക്രമം തന്നെ താളം തെറ്റാനിടയാക്കുമെന്ന സത്യം മുന്‍കൂട്ടി കണ്ടറിഞ്ഞ്, എന്തു വില കൊടുത്തും ഹിന്ദുത്വ രാഷ്ട്രീയത്തെ ഈ മണ്ണില്‍ നിന്ന് തൂത്തെറിയുക എന്ന കാലഘട്ടത്തിന്റെ ആവശ്യം നിറവേറ്റാന്‍ പാര്‍ട്ടിക്കു കഴിയാതെ പോയി. മറിച്ച് കോണ്‍ഗ്രസുമായി ഒരു ബന്ധവും സന്ധിയും ഉണ്ടാവില്ല എന്ന് പ്രഖ്യാപിച്ചു വര്‍ഗീയ ശക്തികളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുകയാണ് പാര്‍ട്ടി ചെയ്തത്. അതായത് ചരിത്രം മാപ്പു നല്‍കാത്ത മറ്റൊരു മണ്ടത്തരത്തിലേക്ക് വീണ്ടും പാര്‍ട്ടി എടുത്തുചാടി എന്നര്‍ഥം. രാഷ്ട്രീയത്തില്‍ വേണ്ടത് ദീര്‍ഘദൃഷ്ടിയാണ്. താല്‍ക്കാലിക വികാര പ്രകടനമല്ല. ഇതു മനസ്സിലാക്കി ഇനിയെങ്കിലും വിവേകത്തോടെ മുന്നോട്ടുപോയാല്‍ നഷ്ടപ്പെട്ട നേട്ടങ്ങള്‍ വീണ്ടും തിരിച്ചുപിടിക്കാനും ഇന്ത്യ അതിന്റെ യഥാര്‍ഥ സാംസ്‌കാരിക പൈതൃകത്തിലേക്ക് തിരിച്ചു പോകുമ്പോള്‍ അതില്‍ അര്‍ഹിക്കുന്ന സംഭാവനകള്‍ നല്‍കി ചരിത്രത്തിന്റെ ആദരവു പിടിച്ചുപറ്റാനും ഈ പാര്‍ട്ടിക്ക് ഇനിയും കഴിയും.

ഇടതുപക്ഷ രാഷ്ട്രീയത്തിന് ഇന്ത്യന്‍ സാഹചര്യത്തില്‍ എന്നും പ്രസക്തിയുണ്ട്. കേന്ദ്രത്തിലെയോ സംസ്ഥാനങ്ങളിലെയോ ഭരണാധികാരമല്ല ഈ പ്രസക്തിയുടെ മാനദണ്ഡം, ജനാധിപത്യ മതേതര സംവിധാനത്തിലെ രാഷ്ട്രീയ നിലപാടുകളാണ്. ഇടതു രാഷ്ട്രീയം പലപ്പോഴും അന്ധമായ കോണ്‍ഗ്രസ് വിരോധത്തിലൂന്നിയുള്ള രാഷ്ട്രീയ പ്രവര്‍ത്തനമായി ചുരുങ്ങുന്നു എന്നത് നിസ്തര്‍ക്കമാണ്. എന്നും ജനാധിപത്യ രാഷ്ടീയത്തെ ഉയര്‍ത്തിപ്പിടിച്ച, ഇന്നും ഉയര്‍ത്തിപ്പിടിക്കുന്ന കക്ഷിയാണ് കോണ്‍ഗ്രസ് എന്ന കാര്യത്തില്‍ ഇടതു കക്ഷികള്‍ക്കുപോലും തര്‍ക്കമുണ്ടാവില്ല.

ജനാധിപത്യത്തില്‍ വിശ്വസിക്കാത്ത രാഷ്ട്രീയ കക്ഷിയാണ് ഇന്ന് രാജ്യഭരണം കയ്യാളുന്നതെന്നത് ആശങ്കപ്പെടുത്തുന്ന കാര്യമാണ്. അത്തരമൊരു ഫാസിസ്റ്റ് ഭരണകൂടത്തെ രാജ്യത്തിന്റെ ഭരണാധികാരത്തില്‍ നിന്നെങ്ങനെ പുറത്തു നിര്‍ത്താനാകും എന്നതായിരിക്കണം ജനാധിപത്യത്തിലും മതേതരത്വത്തിലും വിശ്വസിക്കുന്ന ഓരോ രാഷ്ട്രീയ കക്ഷിയുടെയും ഇപ്പോഴത്തെ ആദ്യ പരിഗണന. അധികാരത്തിലേക്കുള്ള വഴിയായി ജനാധിപത്യത്തെ സ്വീകരിച്ച്, അനന്തരം ജനാധിപത്യ വിരുദ്ധമായി പെരുമാറുകയും ചെയ്ത ഭരണകൂടങ്ങള്‍ എന്നും പുറത്താക്കപ്പെട്ടത് ജനാധിപത്യത്തിന്റെ അടിക്കല്ലായ വോട്ടെടുപ്പിലൂടെ തന്നെയായിരുന്നു എന്നത് ജനാധിപത്യത്തിന്റെ ശക്തിയെയാണ് വിളിച്ചോതുന്നത്. അതിനാല്‍ രാജ്യത്തെ ജനാധിപത്യ സംവിധാനത്തിന്റെ സംരക്ഷണം മുഖ്യകാര്യപരിപാടിയായി ജനാധിപത്യ വിശ്വാസികള്‍ സ്വീകരിക്കേണ്ടതുണ്ട്. ഒരിക്കല്‍ നഷ്ടമായാല്‍ പുനഃസ്ഥാപിക്കാന്‍ ഏറെ പ്രയാസകരമായ ഒന്നാണ് ജനാധിപത്യം. അയല്‍ രാജ്യങ്ങളുടെയും മറ്റു പല ലോക രാഷ്ട്രങ്ങളുടേയും അനുഭവങ്ങള്‍ പഠിപ്പിക്കുന്ന ചരിത്രം അതാണ്.

പാര്‍ട്ടിയും പാര്‍ട്ടി നേതാവും ഭരണ നേതൃത്വവും എല്ലാം ഒരാളില്‍ കേന്ദ്രീകരിക്കുന്ന കാഴ്ചയാണ് ബംഗാളിലേത്. ഇത്തരം അധികാര സൂത്രവാക്യങ്ങള്‍ ഭരണാധികാരം തകരാനും തകര്‍ക്കാനും എളുപ്പത്തില്‍ വഴിയൊരുക്കുന്നു എന്നതാണ് യാഥാര്‍ഥ്യം. തൃണമൂലിന്റെ തകര്‍ച്ച ഒരുപക്ഷേ, പശ്ചിമ ബംഗാളില്‍ ഫാസിസ്റ്റ് കക്ഷിയുടെ അധികാരാരോഹണത്തിന് വഴി തുറന്നേക്കാമെന്ന് മതേതര ജനാധിപത്യ വിശ്വാസികള്‍ ആശങ്കപ്പെടുന്നു. പശ്ചിമ ബംഗാളില്‍ ഇടതു രാഷ്ട്രീയത്തിനേറ്റ തിരിച്ചടി ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ വര്‍ത്തമാന ചരിത്രത്തില്‍ തന്നെ ഇടതു കക്ഷികള്‍ നേരിടേണ്ടി വന്ന ഏറ്റവും കനത്ത വെല്ലുവിളിയായിരുന്നു. ദീര്‍ഘകാലം ഭരണാധികാരം കയ്യാളിയിരുന്ന രാഷ്ട്രീയ കക്ഷിയുടെ അണികളെയും നേതൃത്വത്തെയും ഞെട്ടിച്ച വിധിയെഴുത്തായിരുന്നു അത്.

ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ നിര്‍ണായക ദശാസന്ധികളിലൊക്കെ ശക്തവും സുവ്യക്തവുമായ നിലപാടുകളെടുത്തുകൊണ്ട് രാഷ്ട്രത്തിന്റെ അഖണ്ഡതക്കു വേണ്ടി നിലകൊണ്ട പാരമ്പര്യവും ചരിത്രവുമുള്ളവരാണ് കമ്യൂണിസ്റ്റ് പാര്‍ട്ടികളും മറ്റു ഇടതുപക്ഷ കക്ഷികളും. വിഘടന വാദമുന്നയിച്ച് പഞ്ചാബില്‍ ഖലിസ്ഥാന്‍ തീവ്രവാദികള്‍ സായുധ കലാപത്തിന്നൊരുമ്പെട്ടപ്പോള്‍, അതിനെതിരെ രാഷ്ട്രീയ നിലപാടെടുത്ത് ആദ്യം ഇന്ദിരാ സര്‍ക്കാറിന് ശക്തി പകര്‍ന്നത് കമ്യൂണിസ്റ്റ് പാര്‍ട്ടിയാണ്. ആണവക്കരാര്‍ വിഷയത്തില്‍ വിരുദ്ധ നിലപാടുകള്‍ വെച്ചുപുലര്‍ത്തുമ്പോഴും കോണ്‍ഗ്രസ് കമ്യൂണിസ്റ്റ് നേതൃത്വങ്ങള്‍ പല കാര്യങ്ങളിലും സഹകരിച്ചു പോന്നത് കണ്ടിട്ടുണ്ട്.

ഇടതുപക്ഷം എന്നും കോണ്‍ഗ്രസിന്റെ യഥാര്‍ഥ സുഹൃത്തും കുലീന ശത്രുവുമാണെന്ന് രാഷ്ട്രീയ ചരിത്രം പരിശോധിച്ചാല്‍ കാണാനാവും. തിരഞ്ഞെടുപ്പു രാഷ്ട്രീയത്തില്‍ പരസ്പരം കടിച്ചു കീറുന്ന ശത്രുക്കളാണെങ്കിലും മാനവികതയിലും മതനിരപേക്ഷതയിലും അവരൊരേ നിലപാടുകാരാണ്. വര്‍ഗീയതക്കെതിരെ പരസ്പരം കൈകോര്‍ക്കാനും ഇരുകക്ഷികള്‍ക്കും രണ്ടാമതൊന്നാലോചിക്കേണ്ടി വരുന്നില്ല എന്നതും ശ്രദ്ധേയമാണ്. വര്‍ഗീയ വംശീയവാദികളെ അധികാരത്തില്‍നിന്നകറ്റി നിര്‍ത്താനായി കോണ്‍ഗ്രസിനെ പിന്തുണച്ചപ്പോഴും അധികാരത്തിന്റെ പങ്കുപറ്റാന്‍ ഇടതുപക്ഷം വ്യഗ്രത കാണിച്ചില്ല എന്നത് നിലപാടിലെ വ്യക്തതയും സ്ഥൈര്യവുമാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയെ നയിക്കുന്നത് എന്നു വ്യക്തമാക്കുന്നു.
സാമ്പത്തിക നയത്തിലെ വിയോജിപ്പാണ് ഇടതുപക്ഷത്തെ കോണ്‍ഗ്രസുമായി അകറ്റി നിര്‍ത്തുന്ന പ്രധാന ഹേതു. എങ്കിലും ജനാധിപത്യ രാഷ്ട്രീയ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രീയ കക്ഷി എന്ന ഒറ്റക്കാരണം കൊണ്ടു തന്നെ ഇടതു രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ കോണ്‍ഗ്രസിനോടു പുലര്‍ത്തുന്ന അന്ധമായ വിരോധം അവസാനിപ്പിക്കേണ്ടതുണ്ട്. ഇന്ത്യയില്‍ ഇന്നും ജനാധിപത്യ മതേതര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഏറ്റവും പ്രബല രാഷ്ട്രീയ കക്ഷി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസാണെന്നതില്‍ ഇടതു കക്ഷികള്‍ക്കും തര്‍ക്കമുണ്ടാകുമെന്ന് തോന്നുന്നില്ല. ഫാസിസം പോലുള്ള തിന്മക്കെതിരെ ഒരുമിച്ചു നില്‍ക്കുന്നതിന് സാമ്പത്തിക നയത്തിലെ അഭിപ്രായ വ്യത്യാസങ്ങള്‍ തടസ്സമായിക്കൂട. അടിയന്തരാവസ്ഥയോടുള്ള എതിര്‍പ്പിന്റെ ഭാഗമായി ഹിന്ദുത്വവാദികളുമായി കൂട്ടുകൂടിയ ചരിത്രം ഇടതുപക്ഷത്തിനുണ്ടെങ്കിലും ഫാസിസത്തെ പിന്തുണക്കുന്നത് നയപരിപാടിയായി അവര്‍ സ്വീകരിച്ചിട്ടില്ല. ആ ഹൃസ്വകാല ബന്ധം പക്ഷേ, അതിതീവ്ര ഹിന്ദുത്വ ശക്തികളുടെ പൊതു സ്വീകാര്യതക്ക് വഴിവെച്ചു എന്ന കാര്യത്തില്‍ സംശയമില്ല. ഇന്ത്യയുടെ രാഷ്ട്രീയ ചിത്രം മാറ്റിക്കുറിക്കാന്‍ ഇടയായ ആ കര്‍മ്മ ദോഷത്തിന്റെ പ്രായശ്ചിത്തം കൂടിയാകട്ടെ കോണ്‍ഗ്രസുമായി ചേര്‍ന്നുള്ള ഫാസിസ പ്രതിരോധം.

Test User: