നരേന്ദ്ര മോദി സര്‍ക്കാര്‍ ഓര്‍ക്കാപ്പുറത്ത് പ്രഖ്യാപിച്ച 500, 1000 നോട്ടുകളുടെ നിരോധനം എല്ലാ തരം ജനങ്ങളെയും ദുരിതത്തിലേക്കാണ് തള്ളിവിട്ടത്. അധ്വാനിച്ച് സമ്പാദിച്ച പണം മുന്നറിയിപ്പൊന്നുമില്ലാതെ ഒരൊറ്റ രാത്രികൊണ്ട് വെറും കടലാസായി മാറുന്ന ദുരന്തം ഒരുപക്ഷേ, ആധുനിക കാലത്ത് ഇന്ത്യയില്‍ മാത്രമാവും സംഭവിച്ചിട്ടുണ്ടാവുക. അടിസ്ഥാന യാഥാര്‍ത്ഥ്യങ്ങള്‍ മനസ്സിലാക്കാതെയുള്ള കറന്‍സി നിരോധനം എഴുപതോളം പേരുടെ മരണത്തിനും ശതകോടികളുടെ നഷ്ടത്തിനുമാണ് കാരണമായത്.
കറന്‍സി നിരോധനം ജനങ്ങള്‍ക്ക് സമ്മാനിച്ച ദുരിതത്തിന്റെ നേര്‍ക്കാഴ്ച പകര്‍ത്തിയ ഹൃസ്വ ചിത്രം വൈറലാവുകയാണ്. ജെ.സി.ആര്‍ ഒഞ്ചിയം രചന നിര്‍വഹിച്ച് സംവിധാനം ചെയ്ത ‘ദി റിച്ച് ബെഗ്ഗര്‍’ എന്ന ഷോര്‍ട്ട് ഫിലിം ആണ് യൂടൂബിലൂടെയും മറ്റ് സോഷ്യല്‍ മീഡിയയിലൂടെയും ശ്രദ്ധേയമാവുന്നത്..
കറന്‍സി നിരോധനത്തെപ്പറ്റിയുള്ള ഇന്ത്യയിലെ ആദ്യത്തെ ചലച്ചിത്ര പ്രതികരണമാണ് അഞ്ചു മിനുട്ടില്‍താഴെയുള്ള The Rich Beggar. 500, 1000 നോട്ടുകള്‍ നിരോധിച്ചതിലൂടെ ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ പോലും ചില്ലറയില്ലാതെ യാചിക്കേണ്ടി വരുന്ന ഒരു സാധാരണ മനുഷ്യന്റെ ഹൃദയവേദനയാണ് ദി റിച്ച് ബെഗ്ഗര്‍ പറയുന്നത്.
കയ്യില്‍ പണമില്ലാത്തവരാണ് സാധാരണ മറ്റുള്ളവര്‍ക്ക് മുന്നില്‍ കൈ നീട്ടാറ്, എന്നാല്‍ ഇവിടെ അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ കൈയ്യിലുണ്ടായിട്ടും ഭക്ഷണം കഴിക്കാന്‍ മറ്റുള്ളവരുടെ കനിവ് തേടേണ്ടി വരുന്ന സമ്പന്ന യാചകര്‍ ഇന്ത്യയില്‍ ഒരു പാടുണ്ടെന്ന് ഓര്‍മിപ്പിക്കുന്നു.
പ്രശസ്ത പ്രൊഫഷണല്‍ നാടക നടനായ പ്രകാശ് നന്തിയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. ചലച്ചിത്ര ഛായാഗ്രാഹകനായ സജിത് വിസ്തയാണ് ക്യാമറ. വയല്‍പക്ഷി വിഷ്വല്‍സ്സാണ് ദി റിച്ച് ബെഗ്ഗര്‍ നിര്‍മ്മിച്ചിരിക്കുന്നത്.
The Rich Beggar കാണാം