ഷൊർണൂരിൽ ട്രെയിൻ അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. മരണപ്പെട്ട ശുചീകരണത്തൊഴിലാളികളുടെ കുടുംബങ്ങളെ അദ്ദേഹം അനുശോചനം അറിയിച്ചു. മരിച്ച നാലുപേരുടെയും കുടുംബങ്ങൾക്ക് മൂന്നുലക്ഷം രൂപ വീതം നൽകാനാണ് സ്റ്റാലിന്‍റെ ഉത്തരവ്.
മരണപ്പെട്ട നാല് പേരും തമിഴ്‌നാട് സേലം സ്വദേശികളാണ്. ട്രെയിൻ വരുന്നത് അറിയാതെ റെയിൽവേ ട്രാക്കിൽനിന്ന് മാലിന്യം പെറുക്കുന്നതിനിടെ നാലുപേരെയും ട്രെയിൻ ഇടിക്കുകയായിരുന്നു. തിരുവനന്തപുരം ഭാഗത്തേക്ക് പോകുകയായിരുന്ന കേരള എക്സ്പ്രസ് ഷൊർണൂർ പാലത്തിൽ വെച്ചാണ് ശുചീകരണ തൊഴിലാളികളെ ഇടിച്ച് തെറിപ്പിച്ചത്.
തമിഴ്നാട് സ്വദേശികളായ ലക്ഷ്മൺ, വള്ളി, റാണി, ലക്ഷ്മൺ എന്നിവരാണ് അപകടത്തിൽ പെട്ടത്. ഇതിൽ മൂന്ന് പേരുടെ മൃതദേഹം സംഭവ ദിവസവും ട്രെയിനിടിച്ച് പുഴയിൽ വീണ ലക്ഷ്മണന്‍റെ മൃതദേഹം ഞായറാഴ്ച നടത്തിയ തിരച്ചിലിലുമാണ് കണ്ടെത്തിയത്.
അഞ്ചു മാസം മുമ്പാണ് ഇവർ ചെന്നൈയിൽനിന്ന് കുടുംബസമേതം ജോലിക്കായി പാലക്കാട് ഡിവിഷന്റെ കീഴിലെ സ്വകാര്യ ഏജൻസിയുടെ ജോലിക്കാരായി എത്തിയത്. കുറച്ചുപേർ ഒറ്റപ്പാലത്തും കുറച്ചുപേർ ഷൊർണൂരുമായിരുന്നു ജോലി ചെയ്തിരുന്നത്. 70 കിലോമീറ്റർ വേഗത്തിലാണ് ട്രെയിൻ വന്നതെന്നാണ് വിവരം.
അതേസമയം, അപകടത്തിൽ കരാറുകാരനെതിരെ കേസെടുത്തു. ക്രിമിനല്‍ വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തത്. ശുചീകരണത്തിനായി എത്തിച്ച തൊഴിലാളികളുടെ സുരക്ഷ കരാറുകാരന്‍ ഉറപ്പാക്കിയില്ല എന്നാരോപിച്ചാണ് കേസ്. ഇയാള്‍ക്ക് നല്‍കിയ കരാര്‍ റദ്ദാക്കിയതായി റെയില്‍വെ പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. അപകടത്തില്‍ മരിച്ച തൊഴിലാളികളുടെ കുടുംബത്തിന് ഒരു ലക്ഷം രൂപ വീതം ധനസഹായം നല്‍കുമെന്നും റെയില്‍വെ അറിയിച്ചിട്ടുണ്ട്.