കോഴിക്കോട്: ദേശീയ പണിമുടക്കിലും മിഠായിത്തെരുവില്‍ കടകളും തുറന്നു തുടങ്ങി. രാവിലെ ഒമ്പത് മണിയോടെത്തന്നെ ചില കടകള്‍ തുറന്നത്. പണിമുടക്കാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ടെന്നും എന്നാല്‍ നിര്‍ബന്ധിച്ച് കടകള്‍ അടപ്പിക്കുന്നത് അനുവദിക്കാനാകില്ലെന്ന് വ്യാപാരികള്‍ പറഞ്ഞു.
കനത്ത പൊലീസ് സുരക്ഷയിലാണ് കടകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നത്. കോഴിക്കോട്ട് മേലേ പാളയം, വലിയങ്ങാടി എന്നീ വ്യാപാരകേന്ദ്രങ്ങളിലും പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ പതിവുപോലെ ആളുകള്‍ നഗരത്തില്‍ എത്താനും കടകള്‍ തുറക്കാനും സാധ്യതയില്ല.
കഴിഞ്ഞ ദിവസം ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് കര്‍മസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ മിഠായിതെരുവില്‍ വലിയ അക്രമസംഭവങ്ങള്‍ അരങ്ങേറിയിരുന്നു. തുറന്ന കടകള്‍ അടപ്പിക്കാന്‍ കര്‍മസമിതി – ബിജെപി – ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ശ്രമിച്ചതോടെ സംഘര്‍ഷമുണ്ടായി. കടകള്‍ അക്രമികള്‍ കല്ലെറിഞ്ഞ് തകര്‍ത്തു. മിഠായിത്തെരുവില്‍ തെരുവുയുദ്ധമായി.
മിഠായിത്തെരുവിലെ സംഘര്‍ഷം നിയന്ത്രിക്കാന്‍ കഴിയാതിരുന്നത് ജില്ലാ പൊലീസ് മേധാവിയുടെ പിഴവാണെന്നാരോപിച്ച് പൊലീസുദ്യോഗസ്ഥന്‍ തന്നെ രംഗത്തെത്തിയത് വിവാദമായിരുന്നു. ഹര്‍ത്താല്‍ നേരിടുന്നതില്‍ വീഴ്ച വരുത്തിയതിന് കോഴിക്കോട്ടെ പൊലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ്‌കുമാറിനെ മാറ്റിയിരുന്നു. കോറി സഞ്ജയ് കുമാര്‍ ഐപിഎസ്സാണ് പുതിയ കോഴിക്കോട് കമ്മീഷണര്‍.