X

വ്യാപാരി പ്രതിഷേധം രൂക്ഷമായി, വന്‍ ജനപിന്തുണ; കുടുങ്ങി സര്‍ക്കാര്‍

കോഴിക്കോട്: കടകള്‍ തുറക്കാന്‍ അനുവദിക്കണമെന്ന ആവശ്യത്തിന്മേല്‍ വ്യാപാരികള്‍ നടത്തുന്ന സമരത്തിന് വന്‍ ജനപിന്തുണ. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കടകള്‍ തുറക്കാന്‍ അനുവദിക്കണമെന്ന ആവശ്യം ഇടതുകോണുകളില്‍ നിന്ന് തന്നെ ഉയരുന്നു. ഇടതനുകൂല വ്യാപാര സംഘടനയായ വ്യാപാരി വ്യവസായ സമിതി, വികെസി മമ്മദ് കോയ, എഎം ആരിഫ് എംപി തുടങ്ങി പലരും സര്‍ക്കാരിന്റെ ധാര്‍ഷ്ട്യ നിലപാടിനെതിരെ പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്.

കടകള്‍ തുറക്കാനുള്ള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ തീരുമാനത്തെ വെല്ലുവിളിച്ച് മുഖ്യമന്ത്രി ഇന്നലെ നടത്തിയ പ്രസ്താവന സംഭവത്തെ വീണ്ടും വഷളാക്കി. ‘എനിക്കാ കാര്യത്തില്‍ ഒന്നേ പറയാനുള്ളൂ. അവരുടെ വികാരം മനസ്സിലാക്കാന്‍ കഴിയും. അതിനൊപ്പം നില്‍ക്കുന്നതിനും വിഷമമില്ല. പക്ഷേ മറ്റൊരു രീതിയില്‍ തുടങ്ങിയാല്‍ അതിനെ സാധാരണ ഗതിയില്‍ നേരിടേണ്ട രീതിയില്‍ നേരിടും. അതു മനസ്സിലാക്കി കളിച്ചാല്‍ മതി. അത്രയേ പറയാനുള്ളൂ’ എന്നായിരുന്നു മുഖ്യമന്ത്രി ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞത്. മുഖ്യമന്ത്രിയുടെ വാക്കുകള്‍ പ്രതിപക്ഷത്തിന് വീണു കിട്ടിയ രാഷ്ട്രീയ ആയുധമായി. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, കോണ്‍ഗ്രസ് അധ്യക്ഷന്‍ കെ സുധാകരന്‍, മുസ്‌ലിംലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി എന്നിവര്‍ രൂക്ഷമായ ഭാഷയിലാണ് മുഖ്യമന്ത്രിക്കെതിരെ രംഗത്തുവന്നത്.

പ്രസ്താവനയിലൂടെ മുഖ്യമന്ത്രി കേരളത്തിലെ വ്യാപാരികളെയും ജനങ്ങളെയും ധിക്കരിച്ചിരിക്കുകയാണെന്നും വിരട്ടിയോ പേടിപ്പിച്ചോ ഇവിടെ ഭരിക്കാമെന്ന് വിചാരിക്കേണ്ടെന്നും വിഡി സതീശന്‍ കുറ്റപ്പെടുത്തി. വ്യാപാരികള്‍ക്ക് പൂര്‍ണ പിന്തുണ അര്‍പ്പിച്ച് സുധാകരനും രംഗത്തെത്തി.

ആശ്വസിപ്പിച്ച് കൂടെ നിര്‍ത്തേണ്ട ബിസിനസ് സമൂഹത്തെ മുഖ്യമന്ത്രി ശത്രുക്കളായാണ് കാണുന്നതെന്നും പികെ കുഞ്ഞാലിക്കുട്ടിയും കുറ്റപ്പെടുത്തി.

‘കട തുറക്കാതെ വ്യാപാരികള്‍ അവരുടെ ബാധ്യതകള്‍ എങ്ങനെ നിറവേറ്റാനാണ്. അധ്വാനിച്ച് കഴിയുന്ന എല്ലാവരും ക്ഷമിച്ചു ക്ഷമിച്ചു നില്‍ക്കുകയാണ്. അപ്പോഴാണ്, നിങ്ങളൊക്കെ മര്യാദയ്ക്ക് നിന്നില്ല എങ്കില്‍ കാണിച്ചു തരാം എന്ന് മുഖ്യമന്ത്രി പറയുന്നത്. അത് ജനങ്ങളുടെ ആത്മവിശ്വാസം നഷ്ടപ്പെടുത്തും. അവരെ വിരട്ടുകയാണ്. ഞങ്ങളുടെ കൈയില്‍ പൊലീസുണ്ട് എന്ന ചിന്തയാണ് എങ്കില്‍ അത് കേരളത്തില്‍ നടക്കുമെന്ന് തോന്നുന്നില്ല’ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

അതേ സമയം പ്രതിപക്ഷ പ്രതിഷേധത്തിനു മുന്നില്‍ മുട്ടുമടക്കിയിരിക്കുകയാണ് സര്‍ക്കാര്‍. കടകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് വ്യാപാരികളുമായി ചര്‍ച്ചക്ക് തയ്യാറാണെന്ന് അറിയിച്ചു. വ്യാപാരികളോടുള്ള സര്‍ക്കാര്‍ നിലപാടില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെയാണ് ചര്‍ച്ച.

കോഴിക്കോട് കളക്ടറേറ്റില്‍ വെച്ച് ഇന്ന് 12 മണിക്ക് വ്യാപാരികളുമായി ചര്‍ച്ച നടത്തും. മന്ത്രി എ.കെ.ശശീന്ദ്രന്‍, കോഴിക്കോട് ജില്ലാ കളക്ടര്‍, വ്യാപാര സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും.

web desk 1: