X

ഷോപ്പ് ലോക്കല്‍ സമ്മാന പദ്ധതി; വിജയികളെ പ്രഖ്യാപിച്ചു

കോഴിക്കോട്: പ്രാദേശിക വിപണികളെ പ്രോത്സാഹിപ്പിക്കുന്നതിന് വിവിധ സംസ്ഥാനങ്ങളില്‍ വികെസി പ്രൈഡ് നടത്തി വരുന്ന ‘ഷോപ്പ് ലോക്കല്‍’ പ്രചരണത്തോടനുബന്ധിച്ച് ഉപഭോക്താക്കള്‍ക്കായി സംഘടിപ്പിച്ച സമ്മാന പദ്ധതിയുടെ വിജയികളെ പ്രഖ്യാപിച്ചു. കോഴിക്കോട്ട് നടന്ന ഷോപ്പ് ലോക്കല്‍ മെഗാ പരിപാടിയില്‍ മേയര്‍ ഡോ. ബീന ഫിലിപ്പ് വിജയികളെ തെരഞ്ഞെടുത്തു. കേരളത്തിലെ ബംബര്‍ സമ്മാനമായ കാര്‍ സുഭീഷ് താനൂര്‍ നേടി. രണ്ടാം സമ്മാനമായ നാല് റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകള്‍ ബഷീര്‍ ചുങ്കത്തറ, ഫാത്തിമ മുഹസിന ചെമ്മാട്, റിസ്വാന്‍ വി എ ആലുവ, ശരത്ത് കോട്ടയം എന്നിവര്‍ക്കും ലഭിച്ചു. കര്‍ണാടക, ആന്ധ്ര പ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലെ വിജയികളെയും പ്രഖ്യാപിച്ചു. പദ്ധതിയുടെ ഭാഗമായി ആഴ്ചതോറും നടത്തി വന്ന നറുക്കെടുപ്പിലൂടെ ഇതിനകം 3000ലേറെ ഉപഭോക്താക്കള്‍ക്ക് സമ്മാനം വിതരണം ചെയ്തിട്ടുണ്ട്.

”അയല്‍പ്പക്ക വ്യാപാരത്തേയും പ്രാദേശിക വിപണികളിലെ ധനവിനിമയ സംസ്‌കാരത്തേയും പ്രോത്സാഹിപ്പിക്കുന്നതിന് ലക്ഷ്യമിട്ടു നടപ്പിലാക്കി വരുന്ന ഷോപ്പ് ലോക്കല്‍ ക്യാമ്പയിന്‍ വ്യാപാരികളും ഉപഭോക്താക്കളും സ്വീകരിച്ചിരിക്കുന്നു. ഇതിലൂടെ വിവിധ സംസ്ഥാനങ്ങളില്‍ പ്രാദേശിക വിപണികളെ ഉണര്‍ത്താന്‍ കഴിഞ്ഞു. ഓണ്‍ലൈന്‍ വ്യാപാരത്തിന്റെ കടന്നുകയറ്റ ഭീഷണി നേരിടുന്ന അയല്‍പ്പക്ക വ്യാപാരത്തെ പിന്തുണയ്ക്കാന്‍ വിവിധ പദ്ധതികളുമായി ഷോപ്പ് ലോക്കല്‍ ക്യാമ്പയിന്‍ തുടരും,” വികെസി ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ വികെസി റസാക്ക് പറഞ്ഞു. ഷോപ്പ് ലോക്കല്‍ ക്യാമ്പയിനോടനുബന്ധിച്ച് വ്യാപാരികളുടേയും ജീവനക്കാരുടേയും ക്ഷേമത്തിനായി വികെസി ഗ്രൂപ്പ് അവതരിപ്പിച്ച ഡീലര്‍ കെയര്‍ ഫണ്ടില്‍ നിന്നുള്ള ധനസഹായ വിതരണവും നടന്നു. പരപ്പനങ്ങാടി നാഷണല്‍ ഫൂട്വെയറിലെ ബാലന്‍ കെ, തളിപ്പറമ്പ് കെ എസ് ഫൂട്വെയറിലെ ഫാസില്‍ എന്നിവര്‍ക്ക് 25000 രൂപ വീതമാണ് വിതരണം ചെയ്തത്.

ചടങ്ങില്‍ വികെസി ഗ്രൂപ്പ് ഡയറക്ടര്‍ വി റഫീഖ് സ്വാഗതം പറഞ്ഞു. ചെയര്‍മാന്‍ വികെസി മമ്മദ് കോയ അധ്യക്ഷനായി. ഡീലര്‍മാര്‍, റീട്ടെയ്ലര്‍മാര്‍, സ്റ്റാഫ് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. രാജ്യത്തുടനീളം രണ്ടു ലക്ഷത്തിലേറെ അയല്‍പ്പക്ക വ്യാപാരികള്‍ക്ക് വികെസിയുടെ ഷോപ്പ് ലോക്കല്‍ ക്യാമ്പയില്‍ ഗുണം ചെയ്തു. പദ്ധതിയുടെ കേരളത്തിലെ വിജയത്തെ തുടര്‍ന്നാണ് മറ്റു സംസ്ഥാനങ്ങളിലേക്കും ഈ വ്യാപാര പ്രോത്സാ ഹന പദ്ധതി വ്യാപിപ്പിച്ചത്. ബിഹാര്‍, ജാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍, അസം, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലും ഈ പദ്ധതി നടന്നുവരുന്നു. പ്രാദേശിക വിപണനം പ്രോത്സാഹിപ്പിക്കുന്നതിന് വികെസി ഗ്രൂപ്പ് ബ്രാന്‍ഡ് അംബാസഡറായി അമിതാഭ് ബച്ചനെയാണ് അവതരിപ്പിച്ചിരിക്കുന്നത്.


Test User: