ഷൂട്ടിങ് താരം ആത്മഹത്യ ചെയ്തു. കൊണിക ലായക് എന്ന ജാര്‍ഖണ്ഡില്‍ നിന്നുള്ള താരമാണ് ജീവനൊടുക്കിയത്. കൊല്‍ക്കത്തയിലെ ഹോസ്റ്റല്‍ മുറിയില്‍ 26കാരിയായ കൊണികയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇതുവരെ ആത്മഹത്യാക്കുറിപ്പൊന്നും ലഭിച്ചിട്ടില്ല.
ഒരാഴ്ച മുന്‍പ് ഷൂട്ടര്‍ ഖുഷ് സീറത് കൗര്‍ ആത്മഹത്യ ചെയ്ത്തതിന് പിന്നാലെയാണ് മറ്റൊരു താരം കൂടെ ആത്മഹത്യ ചെയ്യുന്നത്. ഇതോടെ നാല് മാസത്തിനിടെ നാലാമത്തെ ഇന്ത്യന്‍ ഷൂട്ടിങ് താരങ്ങളാണ് ആത്മഹത്യ ചെയ്യുന്നത്.
കൊണിക പരിശീലനം നേടിയിരുന്നത് ഒളിമ്പ്യന്‍ ജോയ്ദീപ് കര്‍മാകറുടെ ഷൂട്ടിങ് അക്കാദമിയിലാണ്. കൊണിക വാര്‍ത്തകളില്‍ നിറഞ്ഞത് ബോളിവുഡ് താരം സോനു സൂദ് 2.70 ലക്ഷം രൂപയുടെ റൈഫിള്‍ സമ്മാനിച്ചതിന് പിന്നാലെയാണ്. ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ റൈഫിള്‍ ഇല്ലാത്തതിനെതുടര്‍ന്ന് പങ്കെടുക്കാന്‍ കഴിയാത്തെ ഇരിക്കുകയായിരുന്ന താരത്തിന് സോനു സൂദാണ് റൈഫിള്‍ വാങ്ങിനല്‍കിയത്.
സംഭവം ഞെട്ടിക്കുന്ന കാര്യമാണെന്നും കഴിഞ്ഞ 10 ദിവസം കൊണിക പരിശീലനത്തിന് കൃത്യമായി എത്തിയിരുന്നില്ലെന്നും കോച്ച് പറഞ്ഞു. കൊണിക കൃത്യമായി പരിശീലനത്തിന് എത്താറുണ്ടായിരുന്നെന്നും എന്നാല്‍ കുറച്ചുനാളായി എന്തുകൊണ്ടോ അവള്‍ പരിശീലനത്തിന് എത്തിയില്ലെന്നും കോച്ച് കൂട്ടിചേര്‍ത്തു.
കൊണിക ഉള്‍പ്പെടെ ഖുഷ് സീറത് കൗര്‍, ഹുനര്‍ദീപ് സിങ് സോഹല്‍, നമന്‍വീര്‍ സിങ് എന്നിങ്ങനെ നാല് പേരാണ് കഴിഞ്ഞ നാല് മാസത്തിനിടയില്‍ ജീവനൊടുക്കിയ ഷൂട്ടിങ് താരങ്ങള്‍.