പ്രിയാഗ്‌രാജ്: കാറിന്റെ ബോണറ്റില്‍ ഇരുന്നു സഞ്ചരിച്ച് വീഡിയോ ഷൂട്ട് ചെയ്ത കല്യാണപെണ്ണിന് 16,500 രൂപ പിഴയിട്ട് ഗതാഗത വകുപ്പ്. ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജിലാണ് സംഭവം.
യുവതി സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്യുന്നതിനായാണ് വീഡിയോ ഷൂട്ട് ചെയ്തത്. വീഡിയോ വൈറലാവുകയും ചെയ്തു. എന്നാല്‍ ഇതിനു പിന്നാലെ തന്നെ ഗതാഗത വകുപ്പിന്റെ ചെലാന്‍ എത്തി. നിയമലംഘനത്തിന് 16,500 രൂപ പിഴയടക്കണം.
അല്ലാപൂര്‍ സ്വദേശിയായ വാമികയാണ് വീഡിയോ ഷൂട്ട് ചെയ്തത്. ഏതാനും ദിവസം മുമ്പാണ് വീഡിയോ എടുത്തത് എന്നാണ് മോട്ടോര്‍ വാഹന വകുപ്പ് അന്വേഷണത്തില്‍ കണ്ടെത്തിയത്. ഞായറാഴ്ച ഇത് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. വധുവിന്റെ വേഷത്തില്‍ ഹെല്‍മറ്റ് ഇല്ലാതെ സ്‌കൂട്ടര്‍ ഓടിക്കുന്ന വീഡിയോയും ഇവരുടെ അക്കൗണ്ടിലുണ്ട്.
ബോണറ്റില്‍ ഇരുന്ന് യാത്ര ചെയ്തതിന് 15,000 രൂപയും ഹെല്‍മറ്റ് ഇല്ലാതെ സ്‌കൂട്ടര്‍ ഓടിച്ചതിന് 1500 രൂപയുമാണ് പിഴ ചുമത്തിയത്.