X

വോട്ടര്‍മാര്‍ക്ക് ചെരുപ്പ് വിതരണം ചെയ്തു; ബി.ജെ.പി സ്ഥാനാര്‍ത്ഥിക്കെതിരെ കേസ്‌

ഡല്‍ഹിയിലെ വോട്ടര്‍മാര്‍ക്ക് ചെരുപ്പ് വിതരണം ചെയ്തതിനെ തുടര്‍ന്ന് ബി.ജെ.പി സ്ഥാനാര്‍ത്ഥി പര്‍വേഷ് വര്‍മക്കെതിരെ തെരഞ്ഞെടുപ്പ് ചട്ടലംഘനത്തിന് കേസെടുത്തു.

ന്യൂഡല്‍ഹി നിയോജക മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്ക് പര്‍വേഷ് വര്‍മ ഷൂ വിതരണം ചെയ്യുന്നതായി കാണിക്കുന്ന വീഡിയോ വൈറല്‍ ആയതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് സമിതിയുടെ നടപടി.

അഭിഭാഷകനായ രജനിഷ് ഭാസ്‌കര്‍ ആണ് പര്‍വേഷ് വര്‍മക്കെതിരെ കേസ് കൊടുത്തിരിക്കുന്നത്. പരാതിക്കാരനായ അഭിഭാഷകന്‍ രജനിഷ് ഭാസ്‌കര്‍ പങ്കുവെച്ച വീഡിയോകള്‍ ലഭിച്ച തെരഞ്ഞെടുപ്പ് സമിതി റിട്ടേണിങ് ഓഫീസര്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു.

ജനപ്രാതിനിധ്യ നിയമത്തിന്റെ 123ാം വകുപ്പ് അനുസരിച്ച്, തെരഞ്ഞെടുപ്പ് സമയത്ത് ഒരു സ്ഥാനാര്‍ത്ഥി അല്ലെങ്കില്‍ അയാളുടെ ഏജന്റ് നല്‍കുന്ന ഏതൊരു സമ്മാനമോ വാഗ്ദാനമോ അഴിമതിയുടെ കീഴിലാണ് വരിക. ന്യൂഡല്‍ഹി അസംബ്ലി സീറ്റില്‍ ആം ആദ്മി പാര്‍ട്ടി അധ്യക്ഷന്‍ അരവിന്ദ് കെജ്‌രിവാളിനെയും കോണ്‍ഗ്രസിന്റെ സന്ദീപ് ദീക്ഷിതിനെയും നേരിടാന്‍ ബി.ജെ.പി നിര്‍ത്തിയ സ്ഥാനാര്‍ഥിയാണ് പര്‍വേഷ് വര്‍മ.

പര്‍വേഷ് വര്‍മ വനിതാ വോട്ടര്‍മാര്‍ക്കായി 1,100 രൂപ വിതരണം ചെയ്യുകയും വോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ ‘ഹര്‍ ഘര്‍ നൗക്രി’ പദ്ധതി പ്രോത്സാഹിപ്പിക്കുകയും ചെയ്തുവെന്ന് അരവിന്ദ് കെജ്‌രിവാള്‍ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വര്‍മ തെരഞ്ഞെടുപ്പ് സമിതിയുടെ നടപടി നേരിടുന്നത്.

മോഡല്‍ പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിന് ശേഷം വര്‍മ ഡല്‍ഹി നിയോജക മണ്ഡലത്തില്‍ തൊഴില്‍ മേളകള്‍ നടത്തിയിരുന്നു. ഒപ്പം ജോബ് കാര്‍ഡുകള്‍ വിതരണം ചെയ്യുകയും ആരോഗ്യ ക്യാമ്പുകള്‍ വഴി കണ്ണടകള്‍ വിതരണം ചെയ്യുകയും ചെയ്തിരുന്നെന്ന് എ.എ.പി ആരോപിച്ചു.ഫെബ്രുവരി അഞ്ചിന് ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുകയും ഫെബ്രുവരി എട്ടിന് ഫലം പ്രഖ്യാപിക്കുകയും ചെയ്യും

webdesk13: