X
    Categories: Video Stories

ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ വീണ്ടും; അമിത് ഷാക്ക് അനുകൂലമായി വിധിപറയാന്‍ ജഡ്ജിക്ക് നൂറു കോടി വാഗ്ദാനം ചെയ്തു

അമിത് ഷാ പ്രതിയായ സൊഹ്‌റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ വാദം കേട്ട സി.ബി.ഐ ജഡ്ജ് ബ്രിജ് ഗോപാല്‍ ലോയയുടെ മരണത്തെച്ചൊല്ലിയുള്ള വിവാദം കൊഴുക്കുന്നു. അമിത് ഷാക്ക് അനുകൂലമായി വിധി പറയാന്‍ ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന മോഹിത് ഷാ, ബ്രിജ് ലോയക്ക് നൂറു കോടി രൂപ വാഗ്ദാനം ചെയ്തതായി ലോയയുടെ സഹോദരി അനുരാധ ബിയാനി ആരോപിച്ചു. സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകന്‍ നിരഞ്ജന്‍ ടാക്‌ലെ ‘ദി കാരവനി’ല്‍ എഴുതിയ ലേഖനത്തിലാണ് ഇക്കാര്യമുള്ളത്.

മഹാരാഷ്ട്ര ലാത്തൂരിലെ ഗേറ്റ്ഗാവിലെ പൈതൃക വസതിയില്‍ ദീപാവലിക്ക് ഒത്തു ചേര്‍ന്നപ്പോള്‍ ലോയ തന്നോട് ഇക്കാര്യം പറഞ്ഞതെന്ന് അനുരാധ പറയുന്നു. അദ്ദേഹത്തിന്റെ മരണത്തിന് ആഴ്ചകള്‍ മാത്രം മുമ്പായിരുന്നു ഇത്. അമിത് ഷാക്ക് അനുകൂലമായി വിധി പറയുന്നതിനു വേണ്ടി തനിക്ക് വിവിധ കേന്ദ്രങ്ങളില്‍ നിന്ന് ഓഫറുകള്‍ ലഭിക്കുന്നതായി ലോയ പറഞ്ഞതി അദ്ദേഹത്തിന്റെ പിതാവ് ഹര്‍കിഷന്‍ ലോയയും പറയുന്നു.

2014 നവംബര്‍ 31-ന് ഒരു സുഹൃത്തിന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയ ബ്രിജ് ലോയ, അന്നു രാത്രി മരിച്ചിരുന്നു. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് മെഡിക്കല്‍ ഡോക്ടറായ അനുരാധ വെളിപ്പെടുത്തിയത് ഇന്നലെ കാരവന്‍ പ്രസിദ്ധീകരിച്ചിരുന്നു. 2016 നവംബറിനും 2017 നവംബറിനുമിടയില്‍ നടത്തിയ തന്റെ അന്വേഷണത്തില്‍ ബ്രിജ് ഗോപാല്‍ ലോയയുടെ മരണം അസ്വാഭാവികമാണെന്നതിന് നിരവധി തെളിവുകള്‍ ലഭിച്ചതായി നിരഞ്ജന്‍ ടാക്‌ലെ വ്യക്തമാക്കുന്നു.

ഗുജറാത്ത് ഉപമുഖ്യമന്ത്രിയായിരിക്കെ, സൊഹ്‌റാബുദ്ദീന്‍ ഷെയ്ഖിനെയും കുടുംബത്തെയും വ്യാജ ഏറ്റുമുട്ടലില്‍ വധിച്ചത് അമിത് ഷായുടെ നിര്‍ദേശ പ്രകാരമായിരുന്നു എന്നാണ് കേസ്. കോടതിയെ സ്വാധീനിക്കുമെന്ന ഭയത്താല്‍ ഗുജറാത്തിന് പുറത്ത് നടത്തിയ വിചാരണയുടെ ഒരു ഘട്ടത്തില്‍ പോലും അമിത് ഷാ കോടതിയില്‍ ഹാജരായിരുന്നില്ല. അമിത് ഷാക്ക് ഹാജരാകാന്‍ അന്ത്യശാസനം നല്‍കിയ ജഡ്ജ് ജെ.ടി ഉത്പത്തിനെ, സുപ്രീം കോടതിയുടെ നിര്‍ദേശം അവഗണിച്ച് സ്ഥലം മാറ്റിയിരുന്നു. 201 ജൂണിലാണ് ബ്രിജ് ഗോപാല്‍ ലോയ ജഡ്ജിയാകുന്നത്.

10,000 പേജിലധികം വരുന്ന കുറ്റപത്രം സൂക്ഷ്മമായി വായിക്കുകയും തെളിവുകള്‍ എല്ലാം മുഖവിലക്കെടുക്കുകയും ചെയ്ത ബ്രിജ് ലോയയുടെ വിധി അമിത് ഷാക്ക് എതിരായിരിക്കുമെന്ന് നിയമ വൃത്തങ്ങളില്‍ സംസാരമുണ്ടായിരുന്നു. വിചാരണാ കാലയളവില്‍ താന്‍ കടുത്ത സമ്മര്‍ദങ്ങള്‍ നേരിട്ടതായി ലോയ നിരവധി പേരോട് വെളിപ്പെടുത്തിയിട്ടുണ്ട്.

2014 ഡിസംബര്‍ ഒന്നിന് ദുരൂഹ സാഹചര്യത്തില്‍ ലോയ മരിച്ചതിനു ശേഷം ഒരു മാസത്തിനുള്ളില്‍ കേസില്‍ നിന്ന് അമിത് ഷാ കുറ്റവിമുക്തനാക്കപ്പെട്ടു. തെളിവില്ലെന്നു കണ്ടാണ് ഷായെ കുറ്റവിമുക്തനാക്കിയത്.

Related: അമിത് ഷാ പ്രതിയായ കേസിലെ ജഡ്ജിയുടെ മരണം; സംശയങ്ങളുന്നയിച്ച് കുടുംബം

 

ചന്ദ്രിക വെബ് ഡെസ്‌ക്‌: