ശരീരമാകെ കോമ്പസ് കൊണ്ട് കുത്തി മുറിവേല്‍പ്പിച്ചെന്നും സ്വകാര്യ ഭാഗത്ത് ഡമ്പല്‍ അമര്‍ത്തിയെന്നുമുള്ള കോട്ടയം സര്‍ക്കാര്‍ നഴ്‌സിങ് കോളജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളുടെ റാഗിങ് പരാതി തെളിയിക്കുന്ന അതിക്രൂര ദൃശ്യങ്ങള്‍ പുറത്ത്. സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളെ കട്ടിലില്‍ കെട്ടിയിട്ട് ക്രൂരമായി ഉപദ്രവിക്കുന്നതിന്റെ ഭീതിദമായ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. കുട്ടികളുടെ ശരീരത്തില്‍ കോമ്പസ് കൊണ്ട് കുത്തി മുറിവുണ്ടാക്കിയ ശേഷം മുറിവില്‍ ബോഡി ലോഷന്‍ ഒഴിച്ച് കൂടുതല്‍ വേദനിപ്പിക്കുന്നതായി ദൃശ്യങ്ങളിലുണ്ട്.
സ്വകാര്യ ഭാഗത്ത് ഡമ്പല്‍ വയ്ക്കുന്ന ദൃശ്യങ്ങളും കുട്ടികള്‍ അലറിക്കരയുമ്പോള്‍ അക്രമികള്‍ അത് ആസ്വദിച്ച് ചിരിക്കുന്നതും വിഡിയോയില്‍ കാണാം. നിലവിളി പുറത്ത് കേള്‍ക്കാതിരിക്കാന്‍ ഉച്ചത്തില്‍ പാട്ടുവയ്ക്കുകയും ചെയ്യുന്നുണ്ട് അക്രമികളായ വിദ്യാര്‍ത്ഥികള്‍.
ഇന്നലെയാണ് ഒന്നാം വർഷ വിദ്യാർഥികളുടെ പരാതിയിൽ 6 സീനിയർ വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്തത്. മൂന്നു മാസത്തോളം നീണ്ടു നിന്ന റാഗിങ്ങിന് ഒടുവിൽ പൊറുതിമുട്ടിയ വിദ്യാർഥികൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. സമാനതകളില്ലാത്ത പീഡനമാണ് ജൂനിയർ വിദ്യാർഥികൾ നേരിട്ടത്. സാമുവൽ ജോൺസൺ, ജീവ, രാഹുൽ രാജ്, റിജിൽജിത്ത് , വിവേക് എന്നിവർക്കെതിരെയാണ് കേസ് എടുത്തത്.