X

സ്വന്തം തട്ടകത്തിൽ ബ്ലാസ്റ്റേഴ്സിന് ഞെട്ടിക്കുന്ന തോൽവി

ആരാധകരെ ത്രസിപ്പിക്കുന്ന നീക്കങ്ങളിലും പന്ത് കൈവശം വെക്കുന്നതിലും മുന്നിട്ട് നിന്നിട്ടും പ്രതിരോധത്തില്‍ വരുത്തിയ മൂന്ന് പിഴവുകളില്‍ ബംഗളുരു മൂന്ന് തവണ സ്‌കോര്‍ ചെയ്തപ്പോള്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന് ഹോം ഗ്രൗണ്ടില്‍ നാണംകെട്ട തോല്‍വി. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ബംഗളുരു കേരളത്തിന്റെ കൊമ്പൊടിച്ചത്.

ബംഗളുരുവിനായി എഡ്ഗര്‍ മെന്‍ഡെസ് ഇരട്ട ഗോളുകള്‍ നേടി. ഹോര്‍ഹ പെരേര ഡിയാസിന്റെ വകയായിരുന്നു ബംഗളുരുവിന്റെ ആദ്യ ഗോള്‍. ബ്ലാസ്റ്റേഴ്സിന്റെ ആശ്വാസ ഗോള്‍ ആദ്യപകുതിയുടെ അവസാനനിമിഷത്തില്‍ ലഭിച്ച പെനാല്‍റ്റിയിലൂടെ ജീസസ് ജിമെനെസിന്റെ വകയായിരുന്നു.

എട്ടാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധനിര താരം പ്രീതം കോട്ടാലിന് സംഭവിച്ച പിഴവ് ബംഗളൂരു ഗോളാക്കി മാറ്റുകയായിരുന്നു. ഓടിയടുത്ത പെരേര ഡയസ് പന്ത് കാൽപ്പിടിയിലാക്കുകയും നേരെ വലയിലേക്കു വീഴ്ത്തുകയും ചെയ്തു.

അതുവരെ നിലക്കാത്ത ആവേശാരവങ്ങളുയർന്ന ഗാലറി കുറച്ചു നേരത്തെക്ക് നിശബ്ദമായി. പിന്നീട് യാഥാർഥ്യത്തിലേക്ക് തിരിച്ചുവന്ന മഞ്ഞപ്പട തിരിച്ചടിക്കാനുള്ള നീക്കങ്ങൾ തുടർച്ചയായി നടത്തിയെങ്കിലും ഒന്നും ലക്ഷ്യത്തിലെത്തിയില്ല. ജീസസ് ജിമിനസിന്റെ ഷോട്ട് ക്രോസ്ബാറില്‍ ഇടിച്ച് മടങ്ങിയതുൾപ്പടെ നിരവധി ഗോൾ അവസരങ്ങൾ തലനാരിഴക്ക് നഷ്ടമായി.

കളി മാറിയത് 45ാം മിനിറ്റിലാണ്. പന്തുമായി ബംഗളുരുവിെൻറ ഗോൾവല ലക്ഷ്യമാക്കി കുതിച്ച ക്വാമെ പെപ്രയെ ബോക്സിൽ വെച്ച് രാഹുൽ ബെക്കെ ഫൗൾ ചെയ്തപ്പോൾ റഫറി ശിക്ഷ വിധിച്ചത് മഞ്ഞക്കാർഡിനൊപ്പം പെനാൽറ്റിയും. ബംഗളുരുവിെൻറ ഗോൾവലയുടെ കാവൽക്കാരൻ ഗുര്‍പ്രീത് സിങ് സന്ധുവിനെ കാഴ്ചക്കാരനാക്കി ജീസസ് ജെമിനിസ് പെനാൽറ്റി കിക്കെടുത്തപ്പോൾ ഗോളിനൊപ്പം പെയ്തിറങ്ങിയത് ആശ്വാസത്തിെൻറ മഞ്ഞക്കടലിരമ്പം.

രണ്ടാം പകുതിയിലും ഇരു ടീമുകളും അങ്ങേയറ്റം ചടുലമായ നീക്കങ്ങളാണ് നടത്തിയത്. 50ാം മിനിറ്റിൽ ബംഗളുരുവിെൻറ നിഖിൽ പൂജാരിക്ക് റഫറി വക മഞ്ഞക്കാർഡ്. മിനിറ്റുകൾക്കകം പരിക്കിനെ തുടർന്ന് പുറത്തിറങ്ങിയ പൂജാരിക്കു പകരം എൽ. ഫനായിയെ ഇറക്കി. 63ാം മിനിറ്റിൽ പെരേര ഡയസിനു പകരം എഡ്ഗാർ മെൻഡസും ഇറങ്ങി. 74ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സിെൻറ ഗോൾവല കുലുങ്ങിയപ്പോൾ മഞ്ഞപ്പടയുടെ തല വീണ്ടും താഴ്ന്നു. ഇൻജുറി ടൈമിലാണ് ബംഗളൂരുവിനായി മെൻഡസ് മൂന്നാം ഗോൾ സ്കോർ ചെയ്തത്.

webdesk13: