X

ഷോക്കേറ്റ് വിദ്യാര്‍ത്ഥി മരിച്ച സംഭവം; ഉടന്‍ നടപടി സ്വീകരിക്കണം: പി.എം.എ സലാം

പുവ്വാട്ടുപറമ്പില്‍ റിജാസ് എന്ന വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ കെ.എസ്.ഇ.ബിയുടെ ഭാഗത്ത് നിന്നും ഗുരുതരമായ വീഴ്ചയാണുണ്ടായതെന്ന് മുസ് ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം ആരോപിച്ചു. റിജാസിന്‍റെ കുടുംബത്തിന് ഇപ്പോള്‍ പ്രഖ്യാപിച്ച അഞ്ച് ലക്ഷം ധനസഹായം അപര്യാപ്തമാണ്. റിജാസിന്‍റെ പ്രായവും ബോര്‍ഡിന് സംഭവിച്ച വീഴ്ചയുടെ ഗൗരവവും പരിഗണിച്ച് പരമാവധി തുക നഷ്ടപരിഹാരം അനുവദിക്കണം. റിജാസിൻ്റെ വീട് സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

സർവീസ് ലൈനിലെ ചോർച്ച സംബന്ധിച്ച് പരാതി നൽകിയിട്ടും നേരിൽ സന്ദർശിച്ച് ബോധ്യപ്പെട്ടിട്ടും കെ എസ് ഇ ബി അധികൃതർ യാതൊരു നടപടിയും സ്വീകരിക്കാതിരുന്നതാണ് ദുരന്തത്തിന് കാരണം. വീഴ്ച വരുത്തിയ ജീവനക്കാർക്കെതിരെ ഇതേവരെ നടപടി സ്വീകരിക്കാത്തത് ആശ്ചര്യമുളവാക്കുന്നതാണ്. ജീവനക്കാരുടെ കുറവ് മൂലം പലയിടത്തും കെഎസ്ഇബിയുടെ പ്രവർത്തനം താളം തെറ്റിയ നിലയിലാണ്. ഒഴിവുകൾ നികത്തുന്നതിന് യാതൊരു നടപടിയും സർക്കാരിൽ നിന്നും ഉണ്ടാവുന്നില്ല. എല്ലാ വകുപ്പുകളിൽ നിന്നും വരുമാനമുണ്ടാക്കുക എന്നതല്ലാതെ സേവനം കാര്യക്ഷമമാക്കുക എന്നത് സർക്കാർ അജണ്ടയിലില്ല.

അവശ്യ സേവന മേഖല എന്ന നിലയിൽ ബോർഡിനെ കാര്യക്ഷമാക്കാൻ നടപടി സ്വീകരിക്കാത്ത സർക്കാർ ജനങ്ങളുടെ ജീവൻ കൊണ്ടാണ് കളിക്കുന്നത് എന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ, സയ്യിദ് ബഷീറലി ശിഹാബ് തങ്ങൾ, മുസ് ലിം ലിഗ് സംസ്ഥാന സെക്രട്ടറി യു സി രാമൻ, ജില്ലാ ആക്റ്റിംഗ് പ്രസിഡണ്ട് കെ എ ഖാദർ മാസ്റ്റർ, സംസ്ഥാന സെക്രട്ടേറിയറ്റ് മെമ്പർ എൻ സി അബൂബക്കർ, മണ്ഡലം പ്രസിഡണ്ട് കെ മൂസ മൗലവി, കോൺഗ്രസ് നേതാക്കളായ എൻ. സുബ്രഹ്മണ്യൻ, അഡ്വ. പി എം നിയാസ്, കെ എം അഭിജിത്, ആദം മുൻസി, യുത്ത് കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് ആർ ഷെഹിൻ , യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡണ്ട് ആശിക്ക് ചെലവൂർ, ജില്ലാ ഭാരവാഹികളായ മിസ്അബ് കീഴരിയൂർ, കെ എം എ റഷീദ്, എ.ഷിജിത് ഖാൻ , ഒ എം നൗഷാദ്, ഷഫീഖ് അരക്കിണർ, എം എസ് എഫ് ജില്ലാ ജനറൽ സെക്രട്ടറി സാഹിബ് മുഹമ്മദ് വസതി സന്ദർശിച്ചു.

webdesk13: