ന്യൂഡല്‍ഹി: രാജ്യത്ത് സമാധാനവും സഹവര്‍ത്തിത്വവും പാലിക്കണമെന്നും വര്‍ഗീയ കലാപങ്ങളില്‍ കുറ്റക്കാര്‍ക്കെതിരേ ശക്തമായ നടപടി വേണമെന്നും 13 പ്രതിപക്ഷ പാര്‍ട്ടികള്‍ സംയുക്തമായി ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്രമോദിയെ കടന്നാക്രമിച്ച പ്രതിപക്ഷ പാര്‍ട്ടികള്‍ അദ്ദേഹത്തിന്റെ മൗനത്തില്‍ നടുക്കം രേഖപ്പെടുത്തി.
വാക്കിലൂടെയും പ്രവര്‍ത്തിയിലൂടെയും മതാന്ധത പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ ഒരു വാക്ക് പോലും പറയുന്നതില്‍ പരാജയപ്പെട്ട പ്രധാനമന്ത്രിയുടെ മൗനത്തില്‍ നടുക്കം രേഖപ്പെടുത്തുന്നുവെന്ന് അവര്‍ പറഞ്ഞു. സായുധ ജനക്കൂട്ടം ഔദ്യോഗിക രക്ഷകര്‍ത്വത്തിന്റെ ആഢംബരം ആസ്വദിക്കുന്നു എന്നതിന്റെ തെളിവാണ് ഈ മൗനമെന്നും അവര്‍ പറഞ്ഞു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അടുത്തിടെയുണ്ടായ വര്‍ഗീയ കലാപങ്ങളെ അപലപിച്ച പ്രതിപക്ഷ പാര്‍ട്ടികള്‍, ഇക്കാര്യത്തില്‍ തങ്ങള്‍ക്ക് അതിയായ ആശങ്കയുണ്ടെന്നും പറഞ്ഞു.
പ്രധാന പ്രതിപക്ഷ പാര്‍ട്ടികളായ കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, മുസ്്‌ലിം ലീഗ്, എന്‍സിപി, സിപിഎം, ഡിഎംകെ, ആര്‍ജെഡി അടക്കമുള്ളവരാണ് സംയുക്ത പ്രസ്താവന നടത്തിയത്. എന്നാല്‍ ശിവസേന, ബിഎസ്പി, ആംആദ്മി പാര്‍ട്ടി അടക്കമുള്ളവര്‍ ഇതിന്റെ ഭാഗമായില്ല. നേരത്തെ, രാമനവമി ആഘോഷങ്ങള്‍ക്കിടെയുണ്ടായ അക്രമ സംഭവങ്ങളില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരുന്നു. വെറുപ്പ്, അക്രമം, നിഷേധം എന്നിവ നമ്മുടെ പ്രിയപ്പെട്ട രാജ്യത്തെ ദുര്‍ബലപ്പെടുത്തുകയാണ്. സാഹോദര്യത്തിന്റെയും സമാധാനത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും കല്ലുകള്‍ക്കൊണ്ടാണ് പുരോഗതിയുടെ പാത നിര്‍മിക്കപ്പെട്ടിരിക്കുന്നത്. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഇന്ത്യയ്ക്കായി നമുക്ക് ഒരുമിച്ച് നില്‍ക്കാമെന്നും രാഹുല്‍ പറഞ്ഞിരുന്നു. രാമനവമി ആഘോഷവുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളില്‍ അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. മധ്യപ്രദേശില്‍ 20 പേര്‍ക്ക് അക്രമത്തില്‍ പരിക്കേറ്റു. ഗുജറാത്തില്‍ രണ്ടിടങ്ങളില്‍ ഉണ്ടായ അക്രമ സംഭവങ്ങളില്‍ ഒരാള്‍ മരിച്ചു.
ഡല്‍ഹിയില്‍ സംഘര്‍ഷം
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ജഹാന്‍ഗീര്‍പുരിയില്‍ ഹനുമാന്‍ ജയന്തി ആഷോഷത്തിനിടെ ഇരു വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം. കല്ലേറില്‍ പൊലീസുകാരുള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. ജഹാന്‍ഗീര്‍പുരിയിലെ റോഡിന്റെ രണ്ടു വശത്തു നിന്നും ഇരുവിഭാഗങ്ങള്‍ കല്ലേറ് നടത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.
ജഹാന്‍ഗീര്‍പുരിക്കു പുറമെ ഡല്‍ഹിയുടെ മറ്റ് ചില ഭാഗങ്ങളില്‍ കൂടി സംഘര്‍ഷമുണ്ടായതായി പൊലീസ് കമ്മീഷണര്‍ രാകേഷ് അസ്താന അറിയിച്ചു. സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരികയാണെന്നും കൂടുതല്‍ സേനയെ മേഖലയിലേക്ക് അയച്ചതായും അദ്ദേഹം പറഞ്ഞു. സംഘര്‍ഷത്തില്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഡല്‍ഹി പൊലീസിന് നിര്‍ദേശം നല്‍കി. സമാധാനം പാലിക്കണമെന്നും നടപടി അങ്ങേയറ്റം അപലപനീയമാണെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു.