ദല്ലാൾ ടി.ജി. നന്ദകുമാറിൽ നിന്ന് പണം വാങ്ങിയെന്ന് സമ്മതിച്ച് ആലപ്പുഴയിലെ എൻ.ഡി.എ സ്ഥാനാർഥി ശോഭാ സുരേന്ദ്രൻ. പണം വാങ്ങിയത് സ്ഥലമിടപാടിനാണെന്ന് അവർ പറഞ്ഞു. പണം പൂർണമായി നൽകുമ്പോൾ സ്ഥലം എഴുതി നൽകും. അല്ലാത്തപക്ഷം 10 ലക്ഷം തിരികെ നൽകില്ലെന്നും ശോഭ പറഞ്ഞു.
നന്ദകുമാറും താനും തമ്മിലുള്ള ബന്ധം സി.പി.എമ്മിലെ ഉന്നത നേതാവിനെ ബി.ജെ.പിയിലേക്ക് എത്തിക്കുന്ന ഇടനിലക്കാരൻ എന്ന നിലയിലാണ്. കണ്ണൂരിൽ നിന്നുള്ള ഉന്നത നേതാവ് തൃശൂർ ഗസ്റ്റ് ഹൗസിലും ഡൽഹിയിലും ബി.ജെ.പി നേതാക്കളുമായി ചർച്ച നടത്തി. ഇടനിലക്കാരനായി നിന്ന നന്ദകുമാർ കോടികൾ ചോദിച്ചു. മഹാരാഷ്ട്ര ഗവർണർ പദവിയോ ക്യാബിനറ്റ് മന്ത്രി സ്ഥാനമോ ആണ് നേതാവ് ആവശ്യപ്പെട്ടത്.
മുഖ്യമന്ത്രിയുടെ ഗുണ്ടകൾ കുടംബത്തെ അടക്കം ഭീഷിണിപ്പെടുത്തിയത് കൊണ്ടാണ് സി.പി.എം നേതാവ് പിന്മാറിയത്. കരിമണൽ വ്യവസായി കർത്തക്കെതിരെ ആലപ്പുഴയിൽ പ്രസംഗിച്ചപ്പോൾ, സംസാരിക്കരുതെന്നു ആവശ്യപ്പെട്ട് ജോൺ ബ്രിട്ടാസ് മലപ്പുറത്തെ തന്റെ അടുത്ത ബന്ധുവിനെ വിളിച്ചുവെന്നും ശോഭ തുറന്നടിച്ചു. ദല്ലാളിനു പിന്നിൽ സി.പി.എം ആണെന്നും ആരോപണം പരാജയ ഭീതി കൊണ്ടാണെന്നും അവർ വ്യക്തമാക്കി.