കാസര്‍കോട്: ശോഭായാത്രയിലെ ടാബ്ലോയില്‍ മൂന്നു വയസ്സുകാരനെ മണിക്കൂറുകളോളം കെട്ടിയിട്ട സംഭവം സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ട യുവാവിന് ആര്‍.എസ്.എസ് ഭീഷണി. കാസര്‍കോട് സ്വദേശി ശ്രീകാന്ത് ഉഷ പ്രഭാകരനു നേരെയാണ് ആര്‍.എസ്.എസ് ഭീഷണി ഉയര്‍ത്തിയത്. ഫേസ്ബുക്ക് പേജിലൂടെയാണ് ശ്രീകാന്ത് ശോഭായാത്രയില്‍ കുട്ടിയെ കെട്ടിയിട്ടതായി സൂചിപ്പിക്കുന്ന ഫോട്ടോ പുറത്തുവിട്ടത്. പയ്യന്നൂരില്‍ നടന്ന ശോഭയാത്രയില്‍ ആലിലയില്‍ ഉറങ്ങുന്ന കൃഷ്ണനായി ചിത്രീകരിക്കാന്‍ കുട്ടിയെ കൃത്രിമമായി നിര്‍മിച്ച ആലിലയില്‍ കയര്‍ കൊണ്ട് കെട്ടിവച്ച് നഗരം ചുറ്റിക്കുകയായരുന്നു. ചിത്രം പുറത്തുവന്നതോടെ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്ന് സംഘാടകരായ വിവേകാനന്ദ ട്രസ്റ്റിനും മാതാപിതാക്കള്‍ക്കുമെതിരെ ബാലാവകാശ കമ്മീഷന്‍ കേസെടുത്തിരുന്നു.