ന്യൂഡല്‍ഹി: അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന്റെ പേരില്‍ മുന്‍പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയെ കുറ്റപ്പെടുത്തുന്ന ബി.ജെ.പിയേയും പ്രധാനമന്ത്രി നരേന്ദ്രമോദിയേയും വിമര്‍ശിച്ച് ശിവസേനയുടെ മുഖപത്രമായ സാമ്‌ന. അടിയന്തരാവസ്ഥയുടെ പേരില്‍ ഇന്ദിരാ ഗാന്ധി രാജ്യത്തിനായി നല്‍കിയ സംഭാവനകള്‍ കാണാതിരിക്കാനാവില്ലെന്ന് പാര്‍ട്ടി മുഖപത്രമായ സാമ്‌ന പറയുന്നു. സാമ്‌നയില്‍ എം.പിയായ സഞ്ജയ് റൗട്ട് എഴുതിയ കോളത്തിലാണ് മോദിയുടേയും ജെയ്റ്റിലിയുടേയും കോണ്‍ഗ്രസ് വിമര്‍ശനത്തിനുള്ള മറുപടി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇന്ദിര ഇന്ത്യന്‍ ഹിറ്റ്‌ലറെന്നായിരുന്നു ജെയ്‌ല്റ്റിയുടെ വിമര്‍ശനമുണ്ടായിരുന്നത്.
ഇന്ദിരാ ഗാന്ധിയെപ്പോലെ ഈ രാജ്യത്തിന് വേണ്ടി പ്രവര്‍ത്തിച്ച മറ്റൊരാളും ഇല്ല. അടിയന്തരാവസ്ഥ പ്രഖ്യാപനം അവരുടെ മറ്റു നേട്ടങ്ങളെ ഇല്ലാതാക്കുന്നതല്ല. 1975-ലെ അടിയന്തരാവസ്ഥ പിന്‍വലിച്ച് 1977 ല്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്താനും തീരുമാനിച്ചത് ഇതേ ഇന്ദിര തന്നെയായിരുന്നു. ആ തെരഞ്ഞെടുപ്പില്‍ അവര്‍ പരാജയപ്പെട്ടു. അപ്പോഴും അവര്‍ ജനാധിപത്യത്തിന് അനുകൂലമായിരുന്നു എന്നത് നമ്മള്‍ മറക്കാന്‍ പാടില്ലെന്നും ശിവസേന പറയുന്നു.
ദേശീയ നേതാക്കളായ ജവഹര്‍ലാല്‍ നെഹ്‌റു, മഹാത്മാ ഗാന്ധി, സര്‍ദാര്‍ പട്ടേല്‍, രാജേന്ദ്ര പ്രസാദ്, ബി.ആര്‍ അംബേദ്കര്‍, നേതാജി ബോസ്, വീര്‍ സവര്‍ക്കര്‍ എന്നിവരുടെ സംഭാവനകളെ തള്ളിക്കളയുന്നത് രാജ്യദ്രോഹം തന്നെയാണെന്നും ലേഖനം പറയുന്നു.
അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനെ കറുത്ത ദിനമെന്നാണ് ചിലര്‍ വിശേഷിപ്പിക്കുന്നത്. നോട്ട് നിരോധനം പ്രഖ്യാപിച്ചതും അതേ പോലെ ഒരു കറുത്ത ദിനമായി വിശേഷിപ്പിക്കാവുന്നതാണ്. അക്കാലത്ത് ഉദ്യോഗസ്ഥര്‍ കൃത്യമായി ഓഫീസുകളില്‍ എത്തിയിരുന്നു. അധോലോക നേതാക്കളായ ഹാജി മസ്താനും കരിം ലാലയും, യൂസഫ് പട്ടേലും അടക്കമുള്ളവരെ അടിയന്തരാവസ്ഥക്കാലത്ത് ജയിലിലടച്ചു. ഇന്നത്തെ സ്ഥിതി നോക്കുക, തട്ടിപ്പ് നടത്തിയ നിരവ് മോദിയും മെഹുല്‍ ചോക്‌സിയും വിജയ് മല്യയും ഒക്കെ തട്ടിപ്പ് നടത്തി രാജ്യം വിട്ടിരിക്കുകയാണെന്നും ലേഖനത്തില്‍ പറയുന്നു.