X

‘കുട്ടികളുടെ മരണം കൂട്ടക്കൊലപാതകം’; യു.പി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ശിവസേന

മുംബൈ: ഗോരഖ്പൂരിലെ ബാബ രാഘവ് ദാസ് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ കുട്ടികള്‍ക്കുണ്ടായ ദുരന്തത്തില്‍ കേന്ദ്രസര്‍ക്കാരിനേയും ഉത്തര്‍പ്രദേശ് സര്‍ക്കാരിനേയും രൂക്ഷമായി വിമര്‍ശിച്ച് ശിവസേന രംഗത്ത്. മുഖപത്രമായ സാമ്‌നയിലാണ് സര്‍ക്കാരിനെതിരെയുള്ള വിമര്‍ശനം പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. കുട്ടികളുടെ മരണം കൂട്ടക്കൊലപാതകങ്ങളാണെന്ന് സര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ട് മുഖപത്രത്തില്‍ പറയുന്നു.

ഇത്രയും കുട്ടികള്‍ മരിച്ച ദു:ഖകരമായ സംഭവം ഉണ്ടായപ്പോള്‍ യു.പിയിലെ ഒരു മന്ത്രി പറഞ്ഞത് എല്ലാ ഓഗസ്റ്റ് മാസവും ഇത്തരത്തില്‍ കുഞ്ഞുങ്ങള്‍ മരിക്കാറുണ്ടെന്നാണ്. എന്തുകൊണ്ടാണ് പാവപ്പെട്ടവന്റെ കുഞ്ഞുങ്ങള്‍ മാത്രം ഓഗസ്റ്റില്‍ മരിക്കുന്നത്? എന്തുകൊണ്ട് പണക്കാരന്റെ കുഞ്ഞുങ്ങള്‍ മരിക്കുന്നിലെന്നും ശിവസേന ചോദിച്ചു. മോദിയുടെ അച്ഛാദിന്‍ പാവപ്പെട്ടവരിലേക്ക് എത്തിയിട്ടില്ലെന്നും കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ട് സാമ്‌നയില്‍ പറയുന്നു.

പത്തു ദിവസത്തിനുള്ളില്‍ 72കുട്ടികളാണ് ഇതുവരെ മരിച്ചത്. സംഭവത്തില്‍ യു.പി സര്‍ക്കാരിന് കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് ആഭ്യന്തരവകുപ്പ് ഒഴിയണമെന്നും പാര്‍ട്ടിയില്‍ നിന്നുതന്നെ ആവശ്യമുയര്‍ന്നിട്ടുണ്ട്.

chandrika: