X
    Categories: indiaNews

രാജ്യദ്രോഹക്കുറ്റം കേന്ദ്രസര്‍ക്കാര്‍ പകപോക്കലിന് ഉപയോഗിക്കുന്നു:ശിവസേന

മുംബൈ: കേന്ദ്രസര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി ശിവസേന മുഖപത്രമായ സാംന. വിയോജിക്കുന്നവരെ സിബിഐ, ഇഡി തുടങ്ങിയ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് നിശബ്ദരാക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്ന് ശിവസേന മുഖപത്രം ആരോപിക്കുന്നു. രാജ്യദ്രോഹക്കുറ്റം വിമര്‍ശകര്‍ക്കെതിരെ പകപോക്കാനുള്ള ആയുധമായി കേന്ദ്രസര്‍ക്കാര്‍ ഉപയോഗിക്കുകയാണെന്നും ശിവസേന ആരോപിക്കുന്നു.

രാജ്യദ്രോഹത്തിനും രാജ്യസ്‌നേഹത്തിനും കഴിഞ്ഞ നാലഞ്ച് വര്‍ഷങ്ങളായി ഇന്ത്യയില്‍ പുതിയ നിര്‍വചനങ്ങള്‍ ചമക്കപ്പെട്ടിരിക്കുകയാണ്. മോദി സര്‍ക്കാറിനെ പിന്തുണക്കുന്നതിനെ രാജ്യസ്‌നേഹമായും സര്‍ക്കാറിനെ വിമര്‍ശിച്ചാല്‍ അത് രാജ്യദ്രോഹമായുമാണ് കണക്കാക്കുന്നത്. രാജ്യത്ത് ഇതുവരെ നിരവധിപേര്‍ക്കെതിരെ ഇത്തരത്തില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ടിട്ടുണ്ടെന്നും സാംന പ്രസിദ്ധീകരിച്ച എഡിറ്റോറിയല്‍ പറയുന്നു.

മോദി വിമര്‍ശകരായ അനുരാഗ് കശ്യപ്, മധു മന്ദേന, താപ്‌സീ പന്നു, വികാസ് ബഹി തുടങ്ങിയവരുടെ വീടുകളിലും ഓഫീസുകളിലും ഇന്‍കം-ടാക്‌സ് ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ശിവസേന കേന്ദ്രസര്‍ക്കാറിന്റെ പകപോക്കല്‍ രാഷ്ട്രീയത്തിനെതിരെ വിമര്‍ശനവുമായി രംഗത്ത് വന്നിരിക്കുന്നത്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: