കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറെ കസ്റ്റംസ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണറേറ്റ് ആണ് ചോദ്യം ചെയ്യുക. പ്രതികളുടെ പക്കല്‍ നിന്നും ലഭിച്ച ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ശിവശങ്കറെ വീണ്ടും ചോദ്യം ചെയ്യുന്നത്. മൂന്നാം തവണയാണ് ശിവശങ്കറെ കസ്റ്റംസ് ചോദ്യം ചെയ്യുന്നത്. നയതന്ത്ര ബാഗേജ് വഴി സ്വര്‍ണ്ണംകടത്തിയ കേസിലാണ് ചോദ്യം ചെയ്യല്‍.
യുഎഇ കോണ്‍സുലേറ്റ് വഴി നല്‍കിയ ഖുര്‍ആന്‍ വിതരണം, ഈന്തപ്പഴ വിതരണം എന്നിവ സംബന്ധിച്ചും ശിവശങ്കറില്‍ നിന്നും കസ്റ്റംസ് വിശദാംശങ്ങള്‍ തേടും. ഈന്തപ്പഴ വിതരണം സംബന്ധിച്ച് സാമൂഹിക ക്ഷേമ വകുപ്പ് മുന്‍ ഡയറക്ടര്‍ ടി വി അനുപമയെ കഴിഞ്ഞദിവസം കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു.
ശിവശങ്കറുടെ വാക്കാലുള്ള നിര്‍ദേശപ്രകാരമാണ് കോണ്‍സുലേറ്റ് നല്‍കിയ ഈന്തപ്പഴം സാമൂഹിക ക്ഷേമ വകുപ്പിന്റെ വിവിധ കേന്ദ്രങ്ങളില്‍ വിതരണം ചെയ്തതെന്നാണ് അനുപമ മൊഴി നല്‍കിയത്. അനുപമയുടെ മൊഴിയില്‍ കസ്റ്റംസ് ശിവശങ്കറില്‍ നിന്നും വിശദീകരണം തേടും.