X
    Categories: keralaNews

ശിവശങ്കറിന്റെ കസ്റ്റഡി കാലാവധി നീട്ടി; സര്‍ക്കാറിന്റെ രഹസ്യരേഖകള്‍ ശിവശങ്കര്‍ സ്വപ്നക്ക് കൈമാറിയെന്ന് ഇഡി

കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ ലൈഫ് മിഷനുമായി ബന്ധപ്പെട്ട പല സുപ്രധാന രേഖകളും സ്വപ്‌ന സുരേഷിന് കൈമാറിയെന്ന് എന്‍ഫോഴ്‌സ്‌മെന്റ് കോടതിയെ അറിയിച്ചു. ഇവര്‍ തമ്മിലുള്ള ചാറ്റ് വിവരങ്ങള്‍ ഇഡിക്ക് ലഭിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് കൂടുതല്‍ വ്യക്തത വേണമെന്നും ഇതിനായി ശിവശങ്കറിന്റെ കസ്റ്റഡി കാലാവധി നീട്ടണമെന്നും ഇഡി കോടതിയില്‍ ആവശ്യപ്പെട്ടു. ഇത് പ്രകാരം ശിവശങ്കറിന്റെ കസ്റ്റഡി അടുത്ത ബുധനാഴ്ച വരെ നീട്ടി.

ലൈഫ് മിഷന്‍ ക്രമക്കേടില്‍ ഇഡിക്ക് എന്താണ് കാര്യമെന്ന് കോടതി ചോദിച്ചു. സ്വര്‍ണ്ണക്കടത്ത് കേസും ലൈഫ് മിഷന്‍ കേസുമായി ബന്ധമുണ്ടെന്നായിരുന്നു ഇഡിയുടെ നിലപാട്. ലൈഫ് മിഷന്‍ അടക്കമുള്ളവയില്‍ സ്വപ്ന സജീവ പങ്കാളിയാണെന്നും ഇഡി പറയുന്നു. സര്‍ക്കാരിന്റെ രഹസ്യവിവരങ്ങള്‍ ശിവശങ്കര്‍ സ്വപ്നയ്ക്ക് വാട്സ് ആപ്പ് വഴി കൈമാറി. ലൈഫ് മിഷന്‍, കെഫോണ്‍ വിവരങ്ങളാണ് കൈമാറിയത്. സര്‍ക്കാര്‍ പദ്ധതികളുടെ വിവരങ്ങള്‍ സ്വപ്നയ്ക്ക് നല്‍കിയെന്ന് ശിവശങ്കര്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചുവെന്നും ഇഡി നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഈ പശ്ചാത്തലത്തില്‍ ശിവശങ്കറിനെ കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ട്. ബുധനാഴ്ച ശിവശങ്കറിന്റെ ജാമ്യാപേക്ഷ കോടതി പരിഗണിക്കും. അതുവരെ കസ്റ്റഡിനീട്ടണമെന്നായിരുന്നു എന്‍ഫോഴ്‌സ്‌മെന്റിന്റെ ആവശ്യം. കൂടാതെ മുഖ്യമന്ത്രിയുടെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനോട് നാളെ ഹാജരാകാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ആവശ്യപ്പെട്ടിട്ടുണ്ട്. കസ്റ്റഡികാലാവധി നീട്ടിയ സാഹചര്യത്തില്‍ ഇരുവരേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്‌തേക്കുമെന്ന സൂചനയുമുണ്ട്.

 

ചന്ദ്രിക വെബ് ഡെസ്‌ക്‌: