X

‘ഹൃദയംകൊണ്ട് വിജയിച്ചത് രാഹുല്‍’; കോണ്‍ഗ്രസ് അധ്യക്ഷനെ പിന്തുണച്ച് ശിവസേന

ന്യൂഡല്‍ഹി: സര്‍ക്കാറിനെതിരായ അവിശ്വാസപ്രമേയ ചര്‍ച്ചക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷവിമര്‍ശനം ഉന്നയിക്കുകയും ഒടുവില്‍ മോദിയെ ആലിംഗനം ചെയ്യുകയും ചെയ്ത കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ നിലപാടിനെ പിന്തുണച്ച് ശിവസേന മുഖപത്രമായ സാമ്‌ന. അവിശ്വാസ പ്രമേയത്തെ മറികടക്കാന്‍ സര്‍ക്കാറിന് സാധിച്ചെങ്കിലും ഹൃദയംകൊണ്ട് വിജയിച്ചത് രാഹുല്‍ഗാന്ധിയായിരുന്നുവെന്നാണ് സാമ്‌ന ചൂണ്ടിക്കാട്ടുന്നത്.
ബെഞ്ചില്‍ നിന്നും ഇറങ്ങി വന്ന് പ്രധാനമന്ത്രിയെ രാഹുല്‍ കെട്ടിപിടിക്കുന്ന ചിത്രമടക്കം ഉള്‍പ്പെടുത്തി വലിയ വാര്‍ത്ത നല്‍കിയാണ് സാമ്‌ന രാഹുലിന്റെ രീതിയെ റിപ്പോര്‍ട്ട് ചെയ്തത്.

കോണ്‍ഗ്രസിനെയും രാഹുലിനെയും പിന്തുണച്ച് ഇതാദ്യമായാണ് സാമ്‌ന വാര്‍ത്ത നല്‍കുന്നത്. ബി.ജെ.പി നേതൃത്വത്തെ ശക്തമായി വിമര്‍ശിക്കാറുണ്ടെങ്കിലും കോണ്‍ഗ്രസിനെ ഇതുവരെ സാമ്‌ന പിന്തുണച്ച് വാര്‍ത്ത നല്‍കിയിട്ടില്ല.
രാഹുലിന്റെ ലോക്‌സഭാ പ്രസംഗത്തില്‍ നിന്ന് അദ്ദേഹം യഥാര്‍ത്ഥ രാഷ്ട്രീയ സ്‌കൂളില്‍ നിന്ന് ബിരുദം നേടി എന്നതിന്റെ തെളിവാണെന്ന് ശിവസേന നേതാവും സാമ്‌നയുടെ അസോസിയേറ്റ് എഡിറ്ററുമായ സഞ്ജയ് റാവത്തും പ്രതികരിച്ചു. രാഹുലിന്റേത് വെറും ആലിംഗനമല്ല, മറിച്ച് മോദിക്ക് നല്‍കിയ ഷോക്കായിരുന്നു അതെന്നാണ് റാവത്ത് പറഞ്ഞു. രാഹുല്‍ രാജ്യത്തെ നയിക്കാന്‍ സന്നദ്ധനാണെന്ന് ആദ്യം പറഞ്ഞത് ശിവസേനയാണ്. ഇക്കാര്യം ഇപ്പോള്‍ തെളിഞ്ഞിരിക്കുകയാണെന്നും അദ്ദേഹം പ്രതികരിച്ചു.

ഇതിനിടെ ശിവസേന മുതിര്‍ന്ന പാര്‍ട്ടി നേതാവ് ചന്ദ്രകാന്ത് ഖൈറയെ ചീഫ് വിപ്പ് സ്ഥാനത്ത് നിന്നും മാറ്റി. കഴിഞ്ഞ ദിവസം നടന്ന വിശ്വാസ വോട്ടെടുപ്പില്‍ ചന്ദ്രകാന്ത് ഖൈറയുടെ ലെറ്റര്‍ പാഡ് ഉപയോഗിച്ച് ബി.ജെ.പിക്ക് അനുകൂലമായി പിന്തുണ അഭ്യര്‍ഥിച്ച് എം.പി മാര്‍ക്ക് കത്ത് നല്‍കിയിരുന്നു. ഇത് പാര്‍ട്ടി അറിവോടെയായിരുന്നില്ല. തുടര്‍ന്നാണ് ചന്ദ്രകാന്ത് ഖൈറയെ പിന്‍വലിക്കാന്‍ ശിവസേന തീരുമാനിച്ചത്.

chandrika: