X

ശിവസേന എന്‍ഡിഎ വിടുന്നു; 2019ല്‍ ഒറ്റയ്ക്ക് മല്‍സരിക്കും

 

എന്‍ഡിഎയുമായുള്ള 29 വര്‍ഷം നീണ്ട ബന്ധം ശിവസേന അവസാനിപ്പിക്കുന്നു. 2019ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്കു മല്‍സരിക്കനാണ് തീരുംമാനമെന്നും ശിവസേന വ്യക്തമാക്കി. മുംബൈയില്‍ നടന്ന ദേശീയ നിര്‍വാഹക സമിതി യോഗത്തിലാണു തീരുമാനം. അടുത്ത വര്‍ഷത്തെ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ ശിവസേന ഒറ്റക്കായിരിക്കും മത്സരിക്കുകയെന്ന് വ്യക്തമായി.

ശിവസേന നേതാവ് സഞ്ജയ് റാവത്ത് ദേശീയ നിര്‍വാഹ സമിതിയില്‍ അവതരിപ്പിച്ച ഒറ്റയ്ക്കു മല്‍സരിക്കാമെന്ന പ്രമേയം ഏകകണ്ഠമായി പാസ്സാക്കുകയായിരുന്നു. മഹാരാഷ്ട്രയില്‍നിന്നുള്ള 48 ലോക്‌സഭാ സീറ്റുകളില്‍ 25 എണ്ണത്തിലെങ്കിലും വിജയം ഉറപ്പാക്കാനാണു സേനയുടെ നീക്കം. 288 അംഗ നിയമസഭയില്‍ 150 സീറ്റുകളെങ്കിലും നേടിയെടുക്കണമെന്നും തീരുമാനമായി.

നാളുകളായി സഖ്യം വിടണമെന്ന അഭിപ്രായത്തിലായിരുന്നു സേനാ നേതാക്കളെല്ലാം. മഹാരാഷ്ട്രാ സര്‍ക്കാരില്‍നിന്ന് ഒരു വര്‍ഷത്തിനുള്ളില്‍ വിട്ടുപോകുമെന്ന ഭീഷണിയും ആദിത്യ താക്കറെ കഴിഞ്ഞ വര്‍ഷം നല്‍കിയിരുന്നു. അതിനുപിന്നാലെ കഴിഞ്ഞ ഡിസംബറില്‍ സേനയും ബിജെപിയും പിളര്‍പ്പിന്റെ അടുത്താണെന്നു റാവത്ത് തന്നെ വ്യക്തമാക്കിയിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പല നയങ്ങളെയും ശക്തിയുക്തം ശിവസേന പലപ്പോഴും വിമര്‍ശിച്ചിരുന്നു. 2017ലെ ബ്രിഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്കു മല്‍സരിക്കാന്‍ തീരുമാനിച്ചതോടെതന്നെ സേന വിട്ടുപോകുമെന്ന് ഏറെക്കുറെ ഉറപ്പിച്ചു. വന്‍ പ്രചാരണം നടത്തിയ തിരഞ്ഞെടുപ്പില്‍ 227 സീറ്റില്‍ 84 എണ്ണം സ്വന്തമാക്കി സേന ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറുകയും ചെയ്തു. പാര്‍ട്ടി അധ്യക്ഷന്‍ ഉദ്ധവ് താക്കറെയുടെ മകന്‍ ആദിത്യ താക്കറെയെ ദേശീയ എക്‌സിക്യൂട്ടീവ് അംഗമാക്കാനും തീരുമാനിച്ചു.

chandrika: