മുംബൈ: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിലും ലോക്‌സഭാ തെരഞ്ഞെടുപ്പിലും ബി.ജെ.പിയെ പിന്തുണക്കണമെന്ന അമിത് ഷായുടെ ആവശ്യം ശിവസേന നിഷ്‌കരുണം തള്ളി. കഴിഞ്ഞ ദിവസം മുംബൈയിലെത്തിയ അമിത് ഷാ ശിവസേന തങ്ങള്‍ക്കൊപ്പം തുടരുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. വരുന്ന തെരഞ്ഞെടുപ്പിലും ബി.ജെ.പിയുടെ നേതൃത്വത്തില്‍ എന്‍.ഡി.എ വിജയം നേടുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
എന്നാല്‍ ബി.ജെ.പിയോട് സഹകരിക്കേണ്ടെന്ന മുന്‍ തീരുമാനത്തില്‍ മാറ്റമില്ലെന്ന് ശിവസേനയുടെ മുതിര്‍ന്ന നേതാവ് സുഭാഷ് ദേശായ് പറഞ്ഞു. ഇതുവരെ ഒറ്റക്ക് അധികാരത്തില്‍ വരുമെന്ന് പറഞ്ഞിരുന്ന ബി.ജെ.പി ഇപ്പോള്‍ സുഹൃത് പാര്‍ട്ടികളെ കുറിച്ച് ആലോചിക്കുകയാണ്. ഇക്കഴിഞ്ഞ ആറ് മാസത്തിനിടെ അവരുടെ സംസാരിത്തിന്റെ രീതി തന്നെ മാറിയിരിക്കുന്നു. ഇപ്പോള്‍ അവര്‍ എന്‍.ഡി.എയെ കുറിച്ച് വിശാലമായി പറയുന്നു ശിവസേന നേതാവ് സുഭാഷ് ദേശായി താനെയില്‍ പൊതു സമ്മേളനത്തില്‍ സംസാരിക്കവെ ബി.ജെ.പിയെ പരിഹസിച്ചു കൊണ്ട് പറഞ്ഞു. ഉദ്ധവ് താക്കറെയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് ശിവസേന ഒറ്റക്ക് ഭരണം നേടുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
ബി.ജെ.പിയുമായി നിലവില്‍ സഖ്യമുണ്ടെങ്കിലും ഭാവിയില്‍ സഖ്യത്തിനില്ലെന്ന് ജനുവരിയില്‍ ശിവസേന വ്യക്തമാക്കിയിരുന്നു. മോദി സര്‍ക്കാറിനെതിരെ നിശിത വിമര്‍ശനങ്ങളാണ് ശിവസേന അടുത്ത കാലത്ത് ഉന്നയിച്ചിട്ടുള്ളത്.