ന്യുഡല്‍ഹി: പൊതു തെരഞ്ഞെടുപ്പ് മാസങ്ങള്‍ മാത്രം അകലെ നില്‍ക്കെ ബി.ജെ.പിയെ പ്രതിസന്ധിയിലാക്കി എന്‍.ഡി.എ വിട്ടുപോകുമെന്ന ഭീഷണിയുമായി സഖ്യകക്ഷികള്‍. എന്‍.ഡി.എ സര്‍ക്കാറിന്റെ അവസാന ബജറ്റില്‍ ആന്ധ്രാപ്രദേശിന് ഒന്നും ലഭിച്ചില്ല എന്നാരോപിച്ചാണ് ആന്ധ്രാപ്രദേശിലെ തെലുഗു ദേശം പാര്‍ട്ടി മുന്നണി വിടാനൊരുങ്ങുന്നത്. പാര്‍ട്ടി തലവനും ആന്ധ്ര മുഖ്യമന്ത്രിയുമായ എന്‍. ചന്ദ്രബാബു നായിഡു ഇതുസമ്പന്ധിച്ച ആലോചനകള്‍ തുടങ്ങി എന്നാണ് സൂചന.
നേരത്തെ ശിവസേനയും ബി.ജെ.പിക്കെതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു. തനിച്ച് 2019 ലെ തെരഞ്ഞെടുപ്പിനെ നേരിടുമെന്ന് ശിവസേന നേരെത്ത അറിയിച്ചിരുന്നു. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് ഒരു ട്രെയിലര്‍ ആയിരുന്നു. പിന്നീട് നടന്ന രാജസ്ഥാന്‍ ഉപതെരഞ്ഞെടുപ്പ് ഇടവേളയാണ്. ഇനി യഥാര്‍ത്ഥ സിനിമ 2019ല്‍ വരും അപ്പോള്‍ അറിയാം ബിജെപിയുടെ അവസ്ഥ എന്നാണ് ശിവസേന നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞത്. അടുത്ത തവണ മല്‍സരിക്കാന്‍ വെറും ഒന്‍പതു സീറ്റ് മാത്രമേ നല്‍കാനാവൂ എന്ന ബിജെപിയുടെ നിലപാടിനെത്തുടര്‍ന്നു ബിഹാറിലെ ജനതാദള്‍ യുവും അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്.
നരേന്ദ്ര മോദി സര്‍ക്കാറിനെതിരായ ജനരോഷം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഉയരുമ്പോള്‍ എന്‍.ഡി.എയില്‍ തുടരുന്നത് അടുത്ത തെരഞ്ഞെടുപ്പില്‍ ക്ഷീണം ചെയ്യുമെന്നാണ് ടി.ഡി.പിയുടെ കണക്കുകൂട്ടല്‍. തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് അരുണ്‍ ജെയ്റ്റ്‌ലി അവതരിപ്പിച്ച ബജറ്റില്‍ ആന്ധ്രയ്ക്ക് കാര്യമായി ഒന്നുമില്ലാത്തതിനെ അമരാവതിയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ നായിഡു രൂക്ഷമായി വിമര്‍ശിച്ചു. ബി.ജെ.പിയുമായുള്ള ബന്ധം തുടരുന്ന കാര്യം ചര്‍ച്ച ചെയ്യാന്‍ നായിഡു ഞായറാഴ്ചയോ അടുത്തയാഴ്ചയോ പാര്‍ട്ടി ഉന്നതതല യോഗം വിളിച്ചു ചേര്‍ക്കുന്നുണ്ടെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
2014ല്‍ തെലങ്കാന വിട്ടു പോയതിനു ശേഷം കേന്ദ്ര സര്‍ക്കാര്‍ ആന്ധ്രയെ അവഗണിക്കുകയാണെന്ന പരാതി ടി.ഡി.പിക്കു നേരത്തെ തന്നെയുണ്ട്. വന്‍ കടബാധ്യതയുള്ള സംസ്ഥാനത്തെ സഹായിക്കാന്‍ കേന്ദ്രം തയ്യാറാകുന്നില്ലെന്നും പുതിയ തലസ്ഥാനമായ അമരാവതി നിര്‍മിക്കുന്നതിനുള്ള ധനസഹായം പോലും ലഭ്യമാകുന്നില്ലെന്നും പാര്‍ട്ടി കുറ്റപ്പെടുത്തുന്നു.
അതേസമയം, നിലവില്‍ ബി.ജെ.പിക്കെതിരെ പരസ്യമായി രംഗത്തു വരുന്നത് പ്രതിപക്ഷമായ വൈ.എസ്.ആര്‍ കോണ്‍ഗ്രസിനെ സഹായിക്കുമെന്നതിനാല്‍ സൂക്ഷിച്ചായിരിക്കും നായിഡുവിന്റെ നീക്കം. ബി.ജെ.പിയെ പരസ്യമായി കുറ്റപ്പെടുത്തേണ്ടെന്ന് അദ്ദേഹം പാര്‍ട്ടി നേതാക്കള്‍ക്കും അണികള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
‘ഞാന്‍ സഖ്യ മര്യാദ പാലിക്കുകയും മിണ്ടാതിരിക്കുകയുമാണ് ചെയ്യുന്നത്. എന്റെ സഹപ്രവര്‍ത്തകര്‍ ബി.ജെ.പിയുമായി സംസാരിക്കുന്നത് ഞാന്‍ തടയുകയും ചെയ്യുന്നുണ്ട്. അവര്‍ക്ക് ഞങ്ങളെ വേണ്ടെങ്കില്‍, ഞങ്ങള്‍ നമസ്‌തേ പറഞ്ഞ് പിരിയും.’ എന്നാണ് നായിഡു പറഞ്ഞത്.
രാജസ്ഥാന്‍ ഉപതെരഞ്ഞെടുപ്പ് ബി.ജെപിയെ ഞെട്ടിച്ചു
രാജസ്ഥാന്‍ ഉപതെരഞ്ഞെടുപ്പില്‍ അക്ഷരാര്‍ത്ഥത്തില്‍ കോണ്‍ഗ്രസ് ബി.ജെ.പിയെ ഞെട്ടിച്ചു. ബി.ജെ.പി സ്ഥാനാര്‍ത്ഥികളെ വ്യക്തമായ മാര്‍ജിനില്‍ തറപറ്റിച്ച രാജസ്ഥാനിലെ ഉപതെരഞ്ഞെടുപ്പു ഫലങ്ങള്‍ അടുത്ത പൊതു തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് നല്‍കുന്ന പ്രതീക്ഷകളേറെയാണ്. അടിത്തട്ടില്‍ നടത്തിയ ഊര്‍ജിതമായ പ്രവര്‍ത്തനങ്ങളുടെ ഫലമായി വോട്ടുകള്‍ ഭിന്നിച്ചു പോകുന്നത് തടയാനും മുസ്ലിം, പിന്നാക്ക വോട്ടുകള്‍ സ്വന്തം സ്ഥാനാര്‍ത്ഥിക്ക് ഉറപ്പു വരുത്താനും അജ്മീരിലും അല്‍വാറിലും കോണ്‍ഗ്രസിനു കഴിഞ്ഞു. ന്യൂനപക്ഷ, പിന്നാക്ക വിഭാഗക്കാരായ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി കോണ്‍ഗ്രസ് വോട്ടുകള്‍ ഭിന്നിപ്പിക്കാനുള്ള ബി.ജെ.പി തന്ത്രം ഈ മണ്ഡലങ്ങളില്‍ വിജയം കണ്ടില്ല.
രാജസ്ഥാനിലെ മുസ്ലിം സാന്നിധ്യമുള്ള മണ്ഡലങ്ങളിലൊന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്ന അജ്മീര്‍. വോട്ടര്‍മാരില്‍ 15 ശതമാനത്തോളമാണ് മുസ്ലിം ജനസംഖ്യയെങ്കിലും അജ്മീര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥികളില്‍ 25 ശതമാനത്തിലേറെ മുസ്ലിംകളായിരുന്നു. എന്നാല്‍ മുസ്ലിം വോട്ടുബാങ്കില്‍ കാര്യമായ വിള്ളലുണ്ടാക്കാനും കോണ്‍ഗ്രസിന് വെല്ലുവിളി ഉയര്‍ത്താനും ഇവര്‍ക്ക് കഴിഞ്ഞില്ല. ഏഴ് മുസ്ലിം സ്ഥാനാര്‍ത്ഥികളില്‍ 9993 വോട്ടുകള്‍ നേടിയ മുഹമ്മദ് നാസിമിന് മാത്രമാണ് അല്‍പമെങ്കിലും അഭിമാനിക്കാനുള്ളത്. മുസ്ലിം സ്ഥാനാര്‍ത്ഥികള്‍ മൊത്തം 16,000 വോട്ടുകള്‍ നേടിയപ്പോള്‍ രണ്ട് പട്ടിക ജാതി സ്ഥാനാര്‍ത്ഥികളും രണ്ട് പട്ടിക വര്‍ഗ സ്ഥാനാര്‍ത്ഥികളുമടക്കം നേടിയത് 4000ല്‍ താഴെ വോട്ടു മാത്രം. നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം നേരിടേണ്ടി വന്ന തിരിച്ചടികള്‍ സമുദായമായ മുസ്ലിം, ദളിത് വിഭാഗങ്ങള്‍ കോണ്‍ഗ്രസിനൊപ്പം ഉറച്ചു നിന്നത് രഘു ശര്‍മയുടെ 84,414 വോട്ടുകളുടെ ഭൂരിപക്ഷത്തിലുള്ള വിജയത്തില്‍ നിര്‍ണായകമായി.
മുസ്ലിം ജനസംഖ്യ അഞ്ചു ശതമാനത്തില്‍ താഴെ മാത്രമുള്ള അല്‍വാറില്‍ 19 പേര്‍ നാമനിര്‍ദേശ പത്രിക നല്‍കിയപ്പോള്‍ രണ്ട് മുസ്ലിം സ്ഥാനാര്‍ത്ഥികളും രണ്ട് പട്ടിക ജാതി സ്ഥാനാര്‍ത്ഥികളും രംഗത്തുണ്ടായിരുന്നു. ഇതില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ (എ) പാര്‍ട്ടിക്കായി മത്സരിച്ച ചമന്‍ലാല്‍ നേടിയ 3569 വോട്ടാണ് വലിയ സംഖ്യ. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കരണ്‍ സിങ് യാദവിന്റെ 1,96,496 എന്ന ഭീമന്‍ ഭൂരിപക്ഷത്തിനു മുന്നില്‍ ഇത് നിസ്സാരമായിരുന്നു.
കോണ്‍ഗ്രസ് വോട്ടുബാങ്കില്‍ വിള്ളലുണ്ടാക്കുകയെന്ന മുന്‍ തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി പയറ്റിയ തന്ത്രം രാജസ്ഥാനില്‍ വിലപ്പോകാതിരുന്നത് അടിത്തട്ടില്‍ സച്ചിന്‍ പൈലറ്റിന്റെ നേതൃത്വത്തില്‍ നടക്കുന്ന പ്രചരണ പ്രവര്‍ത്തനങ്ങളുടെ ഫലമാണെന്നാണ് വിലയിരുത്തല്‍. ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ ഏകോപിപ്പിക്കാന്‍ കഴിയാതിരുന്നതാണ് മികച്ച പോരാട്ടം കാഴ്ച വെച്ചിട്ടും കോണ്‍ഗ്രസിനെ അധികാരത്തില്‍ നിന്ന് അകറ്റിയത്.