മുംബൈ: നിറം മങ്ങിയ വിജയം നേടിയതിന് പിന്നാലെ മഹാരാഷ്ട്രയില്‍ ബി. ജെ.പി- ശിവസേന വല്യേട്ടന്‍ തര്‍ക്കം. സംസ്ഥാനത്ത് സര്‍ക്കാറുണ്ടാക്കാനുള്ള നീക്കങ്ങള്‍ പുരോഗമിക്കുന്നതിനിടെ ബി.ജെ.പിക്ക് മുന്നറിയിപ്പുമായി ശിവസേന രംഗത്തെത്തി. സര്‍ക്കാര്‍ രൂപീകരിക്കുമ്പോള്‍ 50:50 ഫോര്‍മുല നടപ്പാക്കണമെന്നാണ് ശിവസേന നേതാവ് ഉദ്ധവ് താക്കറെ ആവശ്യപ്പെട്ട് കഴിഞ്ഞു. കൂടാതെ മുഖ്യമന്ത്രി പദം രണ്ടര വര്‍ഷം വീതം പങ്കിടണമെന്ന് ശിവസേന നിലപാട് കടുപ്പിച്ചതോടെ അക്ഷരാര്‍ത്ഥത്തില്‍ വെട്ടിലായിരിക്കുകയാണ് ബി.ജെ.പി.
ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായി ലോക്‌സഭ തെരഞ്ഞെടുപ്പിന് മുമ്പ് നടത്തിയ കൂടിക്കാഴ്ചയില്‍ ഈ ഫോര്‍മുല അംഗീകരിച്ചതാണെന്നും ഇപ്പോള്‍ അത് നടപ്പാക്കാനുള്ള സമയമായെന്നും താക്കറെ പ്രതികരിച്ചു. ഇത്തവണ ബി.ജെ.പി.യുടെ അഭ്യര്‍ത്ഥന മാനിച്ച് ശിവസേന മത്സരിച്ച സീറ്റുകളുടെ എണ്ണം കുറവാണെന്നും അദ്ദേഹം പറഞ്ഞു. ഇത്തവണ 126 സീറ്റുകളിലാണ് ശിവസേന മത്സരിച്ചത്. ഇതില്‍ അമ്പതിലേറെ സീറ്റുകളില്‍ അവര്‍ വിജയിക്കുകയും ചെയ്തു. സഖ്യമായാണ് മത്സരിച്ചതെങ്കിലും കേവല ഭൂരിപക്ഷത്തിനുള്ള സീറ്റുകള്‍ ഒറ്റയ്ക്ക് പിടിക്കാമെന്നായിരുന്നു ബി.ജെ.പി.യുടെ കണക്കുകൂട്ടല്‍. പക്ഷേ, അതുണ്ടായില്ല.
ശിവസേന നേതാവും ഉദ്ധവ് താക്കറെയുടെ മകനുമായ ആദിത്യ താക്കറെയെ അടുത്ത മുഖ്യമന്ത്രിയായി പ്രഖ്യാപിച്ച് മുംബൈയിലെ വര്‍ളിയില്‍ ശിവസേന പ്രവര്‍ത്തകര്‍ കൂറ്റന്‍ ഫ്‌ളക്‌സ് ഉയര്‍ത്തി കഴിഞ്ഞു. ശിവസേന തലവന്‍ ഉദ്ദവ് താക്കറെ എംഎല്‍എമാരെ തന്റെ വസതിയായ മാതോശ്രീയിലേക്ക് വിളിച്ച് ചര്‍ച്ച നടത്തുന്നുണ്ട്.
288 അംഗ നിയമസഭയില്‍ 105 സീറ്റാണ് ബിജെപിക്ക് കിട്ടിയത്. ശിവസേനയ്ക്ക് 56 സീറ്റും. പ്രതിപക്ഷത്ത് എന്‍സിപി 54 കോണ്‍ഗ്രസ് 44. നിലവില്‍ ബിജെപിശിവസേന സഖ്യത്തിന് ഭരിക്കാനുള്ള ഭൂരിപക്ഷമുണ്ട്. എന്നാല്‍ മുഖ്യമന്ത്രിപദം രണ്ടരവര്‍ഷം പങ്കിടണമെന്ന ശിവസേനയുടെ ആവശ്യമാണ് ദേവേന്ദ്ര ഫട്‌നാവിസിന് മുന്നിലെ പ്രതിസന്ധി.
അതേസമയം ശിവസേനയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ ഒരുങ്ങുന്നതിനിടെ ശിവസേന തലവന്‍ അവകാശവാദവുമായി രംഗത്തെത്തിയത് ബി.ജെ.പിയെ ചൊടിപ്പിച്ചിട്ടുണ്ട്. സ്വതന്ത്രരെ ചൂണ്ടിക്കാട്ടി ശിവസേനയെ മെരുക്കാനാണ് ബി.ജെ.പി ശ്രമം. 15 സ്വതന്ത്ര എം.എല്‍.എമാരുടെ കൂടി പിന്തുണ എന്‍.ഡി.എയ്ക്കുണ്ടെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞത് ശിവസേനക്കുള്ള താക്കീതാണ്. 15 സ്വതന്ത്ര എം.എല്‍.എമാര്‍ തങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും അവര്‍ തങ്ങള്‍ക്കൊപ്പം വരുമെന്നും ഫഡ്‌നാവിസ് പറഞ്ഞു. ബി.ജെ. പി, ശിവസേന വിമതരായി മത്സരിച്ചവരാണ് ഇവരില്‍ ഭൂരിഭാഗവും. സര്‍ക്കാര്‍ രൂപീകരിക്കുമ്പോള്‍ ശിവസേനയുമായി നേരത്തെ തീരുമാനിച്ച കാര്യങ്ങളുമായി മുന്നോട്ടുപോകും. എല്ലാവിവരങ്ങളും അതിന്റെ സമയമാകുമ്പോള്‍ അറിയിക്കും. സത്താറ ലോക്‌സഭ മണ്ഡലത്തിലെ ഫലവും പര്‍ളിയിലെ വിധിയെഴുത്തും ശരിക്കും ഞെട്ടിച്ചെന്നും ഫഡ്‌നാവിസ് വ്യക്തമാക്കി. ആറു മന്ത്രിമാരാണ് പരാജയപ്പെട്ടത്. പരാജയത്തിന്റെ കാരണം കണ്ടെത്തും. എന്തായാലും ഈ ദിവസം ആഘോഷിക്കാനുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ ബിജെപിശിവസേന സംഖ്യത്തിലെ ഭിന്നത മുതലെടുക്കാന്‍ പ്രതിപക്ഷവും രംഗത്തെത്തിയിട്ടുണ്ട്. ബിജെപി സര്‍ക്കാരുണ്ടാക്കുന്നത് തടയാന്‍ ശിവസേനയെ പുറത്തുനിന്ന് പിന്തുണയ്ക്കണയ്ക്കാമെന്ന് കോണ്‍ഗ്രസ് മുന്‍മുഖ്യമന്ത്രി അശോക് ചവാന്‍ വ്യക്തമാക്കി.