X

‘ഒരു ചാണക്യനും ബി.ജെ.പി യെ രക്ഷിക്കാനാകില്ല’ ആഞ്ഞടിച്ച് ശിവസേന

 

ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ച് ശിവസേന. മുഖപത്രമായ സാമ്‌നയിലെ മുഖപ്രസംഗത്തിലാണ് ബി.ജെ.പി ്‌ക്കെതിരെ കടുത്ത ഭാഷയില്‍ ശിവസേന വിമര്‍ശനമുന്നയിച്ചിരിക്കുന്നത്.

അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കു ലഭിക്കുന്ന സീറ്റുകളുടെ എണ്ണം 110 ആയി കുറയുമെന്നു ശിവസേന. ‘അഹങ്കാരവും ധാര്‍ഷ്ട്യവും’ നിറഞ്ഞ ഭരണത്തിനുള്ള മറുപടിയാണു ബിജെപിക്ക് ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പില്‍ ലഭിച്ചതെന്നും മുഖപത്രമായ ‘സാമ്‌ന’യിലെ മുഖപ്രസംഗത്തില്‍ ശിവസേന ആരോപിക്കുന്നു.

ചെറിയ സംസ്ഥാനമായ ത്രിപുരയില്‍ ജയിച്ചെങ്കിലും ഗോരഖ്പുരിലും ഫുല്‍പുരിലും സംഭവിച്ച തോല്‍വി ബിജെപി ക്യാംപിനെ ഞെട്ടിച്ചിരിക്കുകയാണ്. മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ഇതുവരെ 10 ലോക്‌സഭാ മണ്ഡലങ്ങളിലേക്ക് ഉപതിരഞ്ഞെടുപ്പ് നടന്നു. അവയില്‍ ഒന്‍പതു സീറ്റിലും പാര്‍ട്ടിക്കു തോല്‍വിയായിരുന്നു. നേരത്തേ ലോക്‌സഭയില്‍ 282 ബിജെപി എംപിമാരാണുണ്ടായിരുന്നത്. എന്നാല്‍ ഇപ്പോഴത് 272 ലേക്കു ചുരുങ്ങിയിരിക്കുന്നു.

മോദിയുടെയും അമിത് ഷായുടെയും നേതൃത്വത്തില്‍ എല്ലാ ഉപതിരഞ്ഞെടുപ്പുകളിലും ബിജെപിക്കു തോല്‍വിയാണു ഫലം. കഴിഞ്ഞ വര്‍ഷം 325 സീറ്റുകളാണു യുപി നിയമസഭയില്‍ ബിജെപി സ്വന്തമാക്കിയത്. 1991 മുതല്‍ യോഗി ആദിത്യനാഥിന്റെ കയ്യില്‍ നിന്നു പോകാത്ത സീറ്റായിരുന്നു ഗോരഖ്പുരിലേത്. എന്നാല്‍ ഇപ്പോള്‍ മുഖ്യമന്ത്രിയായിരുന്നിട്ടു കൂടി സീറ്റു കൈവിട്ടു പോയി. ത്രിപുരയില്‍ ഇടതുപക്ഷത്തെ തകര്‍ക്കാമെങ്കില്‍ എന്തുകൊണ്ടു ഗോരഖ്പുരില്‍ വിജയിക്കാന്‍ സാധിച്ചില്ല?
സുഹൃത്തുക്കളെ ഉപേക്ഷിച്ചു മുന്നോട്ടു പോകുന്നവരെയും യാത്രയ്ക്ക് നുണകളുടെ വഴി തിരഞ്ഞെടുക്കുന്നവരെയും കാത്തിരിക്കുന്നതു നഷ്ടങ്ങള്‍ മാത്രമാണ്. അങ്ങനെ വീഴ്ച സംഭവിക്കുമ്പോള്‍ ഒരു ‘ചാണക്യനും’ ബിജെപിയെ രക്ഷിക്കാനാകില്ലെന്നും ശിവസേന ആഞ്ഞടിച്ചു. ബിജെപിയില്‍നിന്ന് അര്‍ഹമായ പരിഗണന ലഭിച്ചില്ലെന്നാരോപിച്ച് ചന്ദ്രബാബു നായിഡുവിന്റെ ടിഡിപി എന്‍ഡിഎ സഖ്യം വിട്ടുപോയ ദിവസം തന്നെയാണ് ‘സാമ്‌ന’യിലെ ലേഖനം എന്നതും ശ്രദ്ദേയമാണ്.

chandrika: