X
    Categories: MoreViews

ബി.ജെ.പി ക്കെതിരെ തുറന്നടിക്കുമെന്ന് ശിവസേന

 

വിശ്വാസ വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നതിന് പിന്നാലെ ബി.ജെ.പിക്കെതിരെ തുറന്നടിക്കാന്‍ തീരുമാനിച്ച് ശിവസേന. ‘തങ്ങളുടെ സഖ്യകക്ഷിയെ മുന്‍കാലങ്ങളില്‍ പരസ്യമായി പിന്തുണച്ചിരുന്നു. ഇനി പരസ്യമായി എതിര്‍ക്കും’. ഞായറാഴ്ച പുറത്തിറങ്ങിയ ഒരു ഇന്റര്‍വ്യൂവിന്റെ ടീസറിലാണ് ഉദ്ധവ് താക്കറെ ശിവസേനയുടെ നിലപാട് വ്യക്തമാക്കിയത്.

വിശ്വാസവോട്ടെടുപ്പില്‍ പങ്കെടുക്കാതെ 18 ശിവസേന എം.പിമാര്‍ വിട്ടുനിന്നത് ബി.ജെ.പിയുമായി ശിവസേന കൂടുതല്‍ അകലുന്നതിന്റെ സൂചനയായി വിലയിരുത്തപ്പെട്ടിരുന്നു. വിശ്വാസവോട്ടെടുപ്പിന് പിന്നാലെ അവിശ്വാസ പ്രമേയത്തെ മറികടക്കാന്‍ മോദി സര്‍ക്കാരിന് കഴിഞ്ഞുവെങ്കിലും ഹൃദയംകൊണ്ട് വിജയിച്ചത് രാഹുല്‍ഗാന്ധിയായിരുന്നുവെന്നാണ് ശിവസേന പത്രം സാമ്‌ന പറഞ്ഞിരുന്നത്.

വിശ്വാസവോട്ടെടുപ്പില്‍ ബി.ജെ.പിക്ക് വോട്ടു ചെയ്യണമെന്നാവശ്യപ്പെട്ട് എം.പിമാര്‍ക്ക് കത്ത് നല്‍കിയതിന് ശിവസേന തങ്ങളുടെ ചീഫ്‌വിപ്പ് ചന്ദ്രഖാന്ത് ഖൈറയെ മാറ്റിയിരുന്നു.

വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലും അസംബ്ലി തെരഞ്ഞെടുപ്പിലും ബി.ജെ.പിയെ കൂടാതെ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ശിവസേന നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ മുന്നോടിയെന്ന വിധം പാല്‍ഘറില്‍ നടന്ന ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ ശിവസേന ബി.ജെ.പിക്കെതിരെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുകയും ചെയ്തിരുന്നു.

chandrika: