X

താജ്മഹലിനരികിൽ ശിവ താണ്ഡവ നൃത്തവും ജലാഭിഷേകവും; ഹിന്ദു മഹാസഭാ നേതാവ് പിടിയിൽ

താജ്മഹലിനരികില്‍ ശിവ താണ്ഡവ നൃത്തവും ജലാഭിഷേകവും നടത്തിയതിന് അഖില ഭാരത ഹിന്ദു മഹാസഭാ നേതാവ് പവന്‍ ബാബ പിടിയില്‍. താജ്മഹലിന് പിറകിലായി യമുനാ നദിയുടെ മറ്റേ കരയിലുള്ള മെഹ്താബ് ബാഗിലാണ് എബിഎച്ച്എം ഡിവിഷണല്‍ പ്രസിഡന്റായ ഇയാള്‍ താണ്ഡവ നൃത്തമാടിയത്. ചടങ്ങിനെ തുടര്‍ന്ന് ഇയാളെ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ജീവനക്കാരന്‍ പിടിച്ച് പൊലീസിന് കൈമാറി.

മഥുര നിവാസിയായ പവന്‍ ബാബയെ പൊലീസ് കസ്റ്റഡിയിലെടുത്തപ്പോള്‍ മറ്റ് എബിഎച്ച്എം അംഗങ്ങള്‍ ചിതറിയോടി. സിആര്‍പിസി സെക്ഷന്‍ 141 പ്രകാരം വ്യക്തിഗത ബോണ്ട് നല്‍കിയതിന് ശേഷം വൈകുന്നേരം പവന്‍ ബാബയെ പൊലീസ് വിട്ടയച്ചതായി ഇത്മുദ്ദൗല എസ്എച്ച്ഒ ദുര്‍ഗേഷ് കുമാര്‍ മിശ്ര സ്ഥിരീകരിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.

താജ്മഹല്‍ ശിവ ക്ഷേത്രമാണെന്ന് അവകാശപ്പെടുന്ന തീവ്ര ഹിന്ദുത്വ സംഘടനകള്‍ മഹാശിവരാത്രിയോടനുബന്ധിച്ച് വെള്ളിയാഴ്ച വിദൂരമായി ആരാധനകള്‍ നിര്‍വഹിക്കുകയായിരുന്നു. ഈ സമയത്താണ് യമുനാ നദിക്കരയിലുള്ള മെഹ്താബ് ബാഗില്‍ പവന്‍ ബാബ ആരാധന നടത്തിയത്. എഎസ്ഐ സംരക്ഷിക്കുന്ന പൂന്തോട്ടത്തില്‍ തീ കൊളുത്തിയതിനെതിരെ അധികൃതര്‍ പൊലീസിന് പരാതി നല്‍കി.

മെഹ്താബ് ബാഗില്‍ ഉണ്ടായിരുന്ന എഎസ്ഐ ഉദ്യോഗസ്ഥര്‍ വേഗത്തില്‍ പ്രവര്‍ത്തിക്കുകയും പൂജയ്ക്കായി ആചാരപരമായ വസ്തുക്കള്‍ കത്തിച്ചയാളെ പിടിച്ചുനിര്‍ത്തുകയും ചെയ്തു. എഎസ്ഐ സംരക്ഷിക്കുന്ന പൂന്തോട്ടത്തില്‍ തീ കൊളുത്തുന്നത് പൊലീസിനെ അറിയിച്ചു’എഎസ്ഐയുടെ സൂപ്രണ്ടിംഗ് ആര്‍ക്കിയോളജിസ്റ്റ് രാജ് കുമാര്‍ പട്ടേല്‍ പറഞ്ഞു.

താജ്മഹല്‍ ഒരു ശവകുടീരമാണെന്ന മിഥ്യയ്‌ക്കെതിരെ ഞങ്ങള്‍ പ്രതിഷേധിക്കുന്നു. വാസ്തവത്തില്‍, ഇതൊരു ശിവക്ഷേത്രമാണ്, അതിനാല്‍ എല്ലാ മഹാശിവരാത്രിയിലും അഖില ഭാരത ഹിന്ദു മഹാസഭ താജ്മഹലിനെ ഒരു ശിവക്ഷേത്രമായി കണക്കാക്കി പ്രാര്‍ത്ഥിക്കുന്നു. ഈ വര്‍ഷം വൃന്ദാവനില്‍ വെച്ച് പവന്‍ ബാബ പ്രാര്‍ത്ഥന നടത്തുക മാത്രമല്ല, ‘ജ്യോതി’ (അഗ്നി) കത്തിക്കുകയും ആചാരത്തിന്റെ ഭാഗമായി ശിവനൃത്യ (ശിവ നൃത്തം) നടത്തുകയും ചെയ്തു’ അഖില ഭാരത ഹിന്ദു മഹാസഭ (എബിഎച്ച്എം) വക്താവ് സഞ്ജയ് ജാട്ട് പറഞ്ഞു. താജ് മഹലിനെ (തേജോ മഹാലയാ) ഹിന്ദു ക്ഷേത്രമാക്കാന്‍ തങ്ങള്‍ കോടതിയിലും അല്ലാതെയും പോരാടുമെന്നും സഞ്ജയ് പറഞ്ഞു. മഹാശിവരാത്രിയില്‍ താജ്മഹലില്‍ ആരാധന നടത്തുന്നത് തങ്ങളുടെ അവകാശമാണെന്നും സഞ്ജയ് പറഞ്ഞു.

താജ്മഹലില്‍ നടക്കുന്ന മുഗള്‍ ചക്രവര്‍ത്തി ഷാജഹാന്റെ ഉറൂസ് ചടങ്ങ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു മഹാസഭ നേരത്തെ കോടതിയെ സമീപിച്ചിരുന്നു. ഉറൂസ് നടത്താന്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് ഹിന്ദുമഹാസഭയുടെ ജില്ലാ പ്രസിഡന്റ് സൗരഭ് ശര്‍മയാണ് ആഗ്ര കോടതിയില്‍ ഹരജി നല്‍കിയിരുന്നത്. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ(എഎസ്‌ഐ)യുടെ കീഴിലുള്ള സ്മാരകങ്ങളില്‍ മതചടങ്ങുകള്‍ അനുവദിക്കരുതെന്നും താജ്മഹലിനകത്ത് നടക്കുന്ന ഉറൂസ് നിയമവിരുദ്ധമാണെന്നും ഹരജിക്കാരനായ സൗരഭ് ശര്‍മ പറഞ്ഞിരുന്നു.

 

 

webdesk13: