X

സ്ത്രീകളേക്കാള്‍ സുരക്ഷിതര്‍ പശുക്കള്‍: മോദിക്കെതിരെ വീണ്ടും ശിവസേന

ന്യൂഡല്‍ഹി: ബി.ജെ.പി- ശിവസേന തര്‍ക്കം കൂടുതല്‍ കലുഷിതമാവുന്നു. കേന്ദ്ര സര്‍ക്കാരിന്റെ ഭരണ പരാജയങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി വീണ്ടും ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ രംഗത്തെത്തി. സ്ത്രീകള്‍ക്ക് സുരക്ഷയൊരുക്കാന്‍ സാധികാത്ത സര്‍ക്കാര്‍ പശുക്കള്‍ക്ക് സംരക്ഷണമൊരുക്കുകയാണെന്നാണ് താക്കറെയുടെ ആക്ഷേപം.
വര്‍ധിച്ചുകൊണ്ടിരിക്കുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങളും ഭരണപരാജയമായാണ് ഉദ്ധവ് ചൂണ്ടിക്കാണിച്ചത്. ബിജെപിയുടെ ഹിന്ദുത്വ അജണ്ട വ്യാജമാണ്. ഞങ്ങള്‍ സര്‍ക്കാരിന്റെ ഭാഗം തന്നെയാണ്. പക്ഷേ എന്തെങ്കിലും തെറ്റു കണ്ടാല്‍ പ്രതികരിക്കും. ഞങ്ങള്‍ ഭാരതീയ ജനതയുടെ സുഹൃത്തുക്കളാണ്; അല്ലാതെ പാര്‍ട്ടിയുടേതല്ല- അദ്ദേഹം വ്യക്തമാക്കി.
ഈ രാജ്യത്ത് പശുക്കള്‍ സുരക്ഷിതരാണ്. പക്ഷേ സ്ത്രീകള്‍ ഒട്ടും സുരക്ഷിതരല്ല. പശുവിനെ കൊന്നുതിന്നണമെന്ന് ഞങ്ങള്‍ പറയുന്നില്ല. പക്ഷേ, ഗോരക്ഷയുടെ പേരില്‍ മറ്റുള്ളവര്‍ ബീഫ് കഴിക്കുന്നുണ്ടോ ഇല്ലയോ എന്ന് നിരീക്ഷിക്കുന്നത് നാണക്കേടാണ്. അത് ഹിന്ദുത്വമല്ല. ഇത്തരത്തില്‍ രാജ്യത്ത് ബലമായി അടിച്ചേല്‍പ്പിക്കപ്പെടുന്ന ഹിന്ദുത്വ അജണ്ട അംഗീകരിക്കാനാവില്ല. നമ്മുടെ സ്ത്രീകള്‍ അരക്ഷിതരാണ്. പക്ഷേ നിങ്ങള്‍ പശുക്കളെ രക്ഷിക്കാന്‍ നടക്കുകയാണ്.- ബിജെപിയെ വിമര്‍ശിച്ചകൊണ്ട് അദ്ദേഹം പറഞ്ഞു.
ദേശീയതയെക്കുറിച്ചും ദേശവിരുദ്ധതയെക്കുറിച്ചുമുള്ള ബിജെപിയുടെ കാഴ്ചപ്പാട് തെറ്റാണ്. സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരെല്ലാവരും ദേശവിരുദ്ധരാണെന്ന ധാരണ തെറ്റാണ്. എംപിമാര്‍ ജനങ്ങളുടെ പ്രതിനിധികളാണ്. അവര്‍ക്ക് ചോദ്യം ചോദിക്കാനുള്ള അവകാശമുണ്ട്. ഉദ്ധവ് താക്കറേ പറഞ്ഞു.
പാര്‍ലമെന്റിന്റെ അകത്തും പുറത്തും ബിജെപിക്കെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് ശിവസേന ഉന്നയിച്ചുകൊണ്ടിരിക്കുന്നത്. ശിവസേനയുടെ തോളില്‍ കയറി നിന്ന് ചെവികടിക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് ബിജെപിയെ സൂചിപ്പിച്ച് കഴിഞ്ഞ ദിവസം ഉദ്ധവ് താക്കറെ തുറന്നടിച്ചിരുന്നു.

chandrika: