X

ജനങ്ങളെ ഒന്നടങ്കം കൂട്ടക്കൊല ചെയ്യുന്നു; മോദി സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി ശിവസേന

മുംബൈ: എല്‍ഫിന്‍സ്റ്റണ്‍ റെയില്‍വേ സ്‌റ്റേഷനിലെ കാല്‍നടപ്പാലത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 22 പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മോദി സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി ശിവസേന. റെയില്‍വേ സ്‌റ്റേഷനുകളിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തിയിട്ട് ബുള്ളറ്റ് ട്രെയിനുകള്‍ കൊണ്ടു വന്നാല്‍ മതിയെന്ന് ശിവസേന എംപി സഞ്ജയ് റാവത്ത് പറഞ്ഞു. നടന്നത് സാധാരണ അപകടമല്ല, സര്‍ക്കാര്‍ ജനങ്ങളെ ഒന്നടങ്കം കൂട്ടക്കൊല ചെയ്യുകയാണെന്നും ശിവസേന കുറ്റപ്പെടുത്തി.

ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്ക് പിന്നാലെ പായുന്ന ബിജെപിയും സര്‍ക്കാരും ജനങ്ങളുടെ സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കണമെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് റെയില്‍വേ മന്ത്രി പിയുഷ് ഗോയല്‍ രാജി വയ്ക്കണമെന്നും ബിജെപിയുടെ കേന്ദ്രത്തിലെ മുഖ്യ സഖ്യകക്ഷികളിലൊന്നായ ശിവസേന ആവശ്യപ്പെട്ടു.

അതിനിടെ റെയില്‍വെ മന്ത്രി പിയൂഷ് ഗോയല്‍ രാജിവെക്കണമെന്നാവശ്യവുമായി മറ്റു ശിവസേന നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്. അപകടത്തില്‍ പരിക്കേറ്റവരെ പ്രവേശിപ്പിച്ച കെ.ഇ.എം ആശുപത്രിയിലെത്തിയ മന്ത്രി പിയൂഷ് ഗോയല്‍, മഹാരാഷ്ട്ര വിദ്യാഭ്യാസ മന്ത്രി വിനോദ് ത്വാദെ എന്നിവര്‍ക്കെതിരെ നൂറോളം ശിവസേന പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളുമായി രംഗത്തെത്തി.
അപകടത്തില്‍ സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും വിമര്‍ശനമുന്നയിച്ചു. ഇത് മനുഷ്യനിര്‍മിത ദുരന്തമാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷ പറഞ്ഞു. ശക്തമായ അന്വേഷണം നടത്തി ഉത്തരവാദികള്‍ക്കെതിരെ നടപടിയെടുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

കനത്ത മഴയ്ക്കിടെ മുംബൈ നഗരത്തിലെ എന്‍ഫിന്‍സ്റ്റണ്‍ റെയില്‍വെ സ്‌റ്റേഷനിലെ കാല്‍പനടപ്പാതയിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് 22 പേരാണ് മരിച്ചത്. ഇന്ന് രാവിലെ ഒന്‍പതരയോടെയാണ് അപകടമുണ്ടായത്. അപകടത്തില്‍ 39 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

അധികൃതരുടെ കനത്ത അനാസ്ഥയാണ് ദുരന്തത്തിന് വഴിവെച്ചത്. കാല്‍നടപ്പാലത്തിന്റെ വീതി കൂട്ടുന്നതുള്‍പ്പെടെ റെയില്‍വേ സ്‌റ്റേഷനില്‍ നടപ്പാക്കേണ്ട വികസപ്രവൃത്തികളെപ്പറ്റി റെയില്‍വേ മന്ത്രിയായിരുന്ന സുരേഷ് പ്രഭു ഒന്നര വര്‍ഷം മുന്‍പ് ഉറപ്പു നല്‍കിയതാണ്. എന്നാല്‍ ഇതിന്മേല്‍ തുടര്‍നടപടികളൊന്നും ഇല്ലാതിരുന്നതാണ് വെള്ളിയാഴ്ചത്തെ അപകടത്തിനു കാരണമായത്. അപകടസമയത്ത് പൊലീസ് എത്താന്‍ വൈകിയതിനെപ്പറ്റിയും വിമര്‍ശനമുയരുന്നുണ്ട്.

chandrika: