X

സീറ്റുതര്‍ക്കത്തില്‍ എയര്‍ ഇന്ത്യ ജീവനക്കാരനെ ചെരുപ്പൂരി തല്ലി ശിവസേന എം.പി; 25തവണ തവണ അടിച്ചെന്ന് സമ്മതിച്ച് എം.പി

ന്യൂഡല്‍ഹി: വിമാനത്തിലെ സീറ്റു തര്‍ക്കവുമായി ബന്ധപ്പെട്ട് ശിവസേന എം.പിയായ രവീന്ദ്ര ഗൈക്ക് വാദ് എയര്‍ ഇന്ത്യ ജീവനക്കാരനെ ചെരുപ്പൂരി തല്ലി. ന്യൂഡല്‍ഹി വിമാനത്താവളത്തില്‍ രാവിലെ 10.30ഓടു കൂടിയായിരുന്നു സംഭവം. പൂനെ-ഡല്‍ഹി വിമാനം എത്തിയപ്പോഴായിരുന്നു സീറ്റ് തര്‍ക്കത്തില്‍ ജീവനക്കാരന് മര്‍ദ്ദനമേറ്റത്.

രാവിലെയെത്തിയ വിമാനത്തില്‍ സീറ്റിനെചൊല്ലി എം.പിയും ജീവനക്കാരനും തമ്മില്‍ തര്‍ക്കമുണ്ടാവുകയായിരുന്നു. ബിസിനസ് ക്ലാസ് ടിക്കറ്റുണ്ടായിട്ടും എക്കോണമി ക്ലാസില്‍ യാത്ര ചെയ്യേണ്ടിവന്നതില്‍ എം.പി അനിഷ്ടം പ്രകടിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് വിമാനത്തില്‍ നിന്ന് എം.പി ഇറങ്ങാന്‍ കൂട്ടാക്കിയില്ല. ഇതിനെതുടര്‍ന്നുള്ള തര്‍ക്കത്തിന്നൊടുവിലാണ് എം.പി ജീവനക്കാരനെ ക്രൂരമായി മര്‍ദ്ദിച്ചത്. ചെരുപ്പൂരി ജീവനക്കാരനെ ക്രൂരമായി മര്‍ദ്ദിച്ചുവെന്ന് ഗൈക്കവാദും സമ്മതിച്ചു. തന്നോട് ഉച്ചത്തില്‍ സംസാരിക്കുകയും മോശമായി പെരുമാറുകയും ചെയ്തതിനാലാണ് താന്‍ മര്‍ദ്ദിച്ചതെന്ന് എം.പി പറഞ്ഞു. ചെരുപ്പൂരി അയാളെ താന്‍ 25തവണ അടിച്ചെന്നാണ് എം.പിയുടെ വീരവാദം.

ജീവനക്കാരന്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ അന്വേഷണം ആരംഭിച്ചു. സംഭവം ദൗര്‍ഭാഗ്യകരമാണെന്നും പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കള്‍ പ്രശ്‌നത്തില്‍ ഇടപെടുമെന്നും ശിവസേന വക്താവ് മനീഷ കായെന്‍ഡെ അറിയിച്ചിട്ടുണ്ട്. മഹാരാഷ്ട്രയില്‍ നിന്നുള്ള എം.പിയാണ് രവീന്ദ്ര ഗൈക്കവാദ്.

chandrika: