പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നാവരിയുന്നവർക്ക് 11 ലക്ഷം രൂപ നൽകുമെന്ന് ശിവസേന എം.എൽ.എ സഞ്ജയ് ഗെയ്‌ക്‌വാദ്. സംവരണ വിഷയത്തിലെ രാഹുലിന്റെ പരാമർശം ചൂണ്ടിക്കാണിച്ചാണ് ഗെയ്ക്വാദിന്റെ വിവാദ പ്രഖ്യാപനം. എന്നാൽ, എം.എൽ.എയുടെ പരാമർശത്തെ പിന്തുണക്കുന്നില്ലെന്ന് മഹാരാഷ്ട്ര ബി.ജെ.പി അധ്യക്ഷൻ ചന്ദ്രശേഖർ ബവൻകുലെ പറഞ്ഞു. സംസ്ഥാനത്ത് ശിവസേനയുടെ നേതൃത്വത്തിലുള്ള സർക്കാരിന്റെ ഘടകകക്ഷിയാണ് ബി.ജെ.പി.
‘അടുത്തിടെ അമേരിക്കൻ സന്ദർശന വേളയിൽ രാഹുൽ ഗാന്ധി സംവരണം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് സംസാരിച്ചു. ഇന്ത്യയിലെ സംവരണ സമ്പ്രദായം അവസാനിപ്പിക്കുമെന്ന് പറഞ്ഞു. ഇത് കോൺഗ്രസിന്റെ യഥാർഥ മുഖം തുറന്നുകാട്ടി’യെന്ന് പറഞ്ഞാണ് ഗെയ്‌ക്‌വാദ് വിചിത്രമായ പ്രതിഫലം പ്രഖ്യാപിച്ചത്. ഡോ. ബാബാ സാഹെബ് അംബേദ്കറെയാണ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പരാജയപ്പെടുയതെന്നും ഗെയ്‌ക്‌വാദ് കൂട്ടിച്ചേർത്തു. ‘രാഹുൽ ഗാന്ധിയുടെ അഭിപ്രായം ജനങ്ങളോടുള്ള ഏറ്റവും വലിയ വഞ്ചനയാണ്.
മറാത്തകൾ, ധംഗർമാർ, ഒ.ബി.സികൾ തുടങ്ങിയ സമുദായങ്ങൾ സംവരണത്തിനായി പോരാടുകയാണ്. എന്നാൽ, അതിന്റെ ആനുകൂല്യങ്ങൾ അവസാനിപ്പിക്കുന്നതിനെക്കുറിച്ചാണ് ഗാന്ധി സംസാരിക്കുന്നത്. രാഹുൽ ഗാന്ധി ഭരണഘടനാ പുസ്തകം കാണിക്കുകയും ബി.ജെ.പി അത് മാറ്റുമെന്ന് വ്യാജ വാർത്തകൾ പ്രചരിപ്പിക്കുകയും ചെയ്യാറുണ്ടായിരുന്നു. എന്നാൽ രാജ്യത്തെ 400വർഷം പിന്നോട്ട് കൊണ്ടുപോകാൻ കോൺഗ്രസ് പദ്ധതിയിടുന്നുവെന്നും ഗെയ്‌ക്‌വാദ് പറഞ്ഞു.
ചൊവ്വാഴ്ച വാഷിങ്ടൺ ഡി.സിയിലെ ജോർജ്ടൗൺ യൂനിവേഴ്‌സിറ്റിയിലെ വിദ്യാർഥികളുമായും ഫാക്കൽറ്റി അംഗങ്ങളുമായും സംവദിക്കുമ്പോഴാണ് സംവരണത്തെക്കുറിച്ച് കോൺഗ്രസ് എം.പി അഭിപ്രായമറിയിച്ചത്. ‘ഇന്ത്യ ഇപ്പോൾ ഒരു ഉചിതമായ സ്ഥലമല്ലെന്നും ഇന്ത്യയെ യോഗ്യമായ രാജ്യമാക്കുമ്പോൾ കോൺഗ്രസ് പാർട്ടി സംവരണം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുമെന്നുമായിരുന്നു’ രാഹുലിന്റെ വാക്കുകൾ. ഭരണഘടനയെ സംരക്ഷിക്കാൻ ഇൻഡ്യാ സഖ്യം ആഗ്രഹിക്കുന്നുവെന്നും ജാതി സെൻസസ് നടത്തണമെന്നതിൽ അതിലെ മിക്ക സഖ്യകക്ഷികളും യോജിക്കുന്നതായും അദ്ദേഹം ഊന്നിപ്പറയുകയുണ്ടായി. എന്നാൽ, രാഹുൽ ഗാന്ധി വിദേശ മണ്ണിൽ ‘ദേശവിരുദ്ധ’ പ്രസ്താവനകൾ നടത്തിയെന്ന് ആരോപിച്ച ബി.ജെ.പി നേതാക്കൾ സംവരണത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വാക്കുകൾ ആളിക്കത്തിച്ചു. പരാമർശം കോൺഗ്രസിന്റെ സംവരണ വിരുദ്ധ മുഖമാണ് കാണിച്ചതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രതികരിച്ചു.
ഇതേത്തുടർന്ന്, തന്റെ മുൻ പരാമർശങ്ങളിൽ രാഹുൽ വിശദീകരണം നൽകിയിരുന്നു. താൻ സംവരണത്തിന് എതിരല്ലെന്നും അധികാരത്തിൽ വന്നാൽ തന്റെ പാർട്ടി സംവരണം 50 ശതമാനത്തിനപ്പുറത്തേക്ക് കൊണ്ടുവരുമെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. തന്റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിക്കുകയാണെന്നും യു.എസിലെ നാഷണൽ പ്രസ് ക്ലബ്ബിൽ അദ്ദേഹം പറഞ്ഞു.
ഗെയ്ക്വാദിന്റെ അഭിപ്രായങ്ങളെ താൻൻ പിന്തുണക്കുകയോ അംഗീകരിക്കുകയോ ചെയ്യില്ലെന്നായിരുന്നു ബി.ജെ.പി അധ്യക്ഷന്റെ പ്രതികരണം. എന്നിരുന്നാലും, പുരോഗതിയെ ബാധിക്കുമെന്ന് പറഞ്ഞ് ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു സംവരണത്തെ എതിർത്തത് മറക്കാനാവില്ല. സംവരണം നൽകുന്നത് വിഡ്ഢികളെ പിന്തുണക്കുകയാണെന്നാണ് രാജീവ് ഗാന്ധി പറഞ്ഞിരുന്നത്. ഇപ്പോൾ രാഹുൽ ഗാന്ധി സംവരണം അവസാനിപ്പിക്കുമെന്ന് പറയുന്നുവെന്നും ബി.ജെ.പി നേതാവ് പറഞ്ഞു.
സഞ്ജയ് ഗെയ്‌ക്‌വാദ് സമൂഹത്തിലും രാഷ്ട്രീയത്തിലും തുടരാൻ അർഹനല്ലെന്നും മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ഗെയ്‌ക്‌വാദിനെതിരെ മനഃപൂർവമല്ലാത്ത നരഹത്യക്കുറ്റം ചുമത്തുമോയെന്ന് നമുക്ക് നോക്കാമെന്നുമായിരുന്നു മഹാരാഷ്ട്ര കോൺഗ്രസ് വക്താവ് അതുൽ ലോന്ദെയുടെ വിവാദ പ്രസ്താവനയോടുള്ള പ്രതികരണം. ഇത്തരക്കാരെയും അഭിപ്രായങ്ങളെയും അപലപിക്കുന്നുവെന്നും ഇങ്ങനെയുള്ളവർ സംസ്ഥാനന്റെ രാഷ്ട്രീയം നശിപ്പിച്ചതായും കോൺഗ്രസ് എം.എൽ.സി ഭായ് ജഗ്‌താപ് പറഞ്ഞു.
വിദർഭ മേഖലയിലെ ബുൽധാന നിയമസഭാ സീറ്റിൽ നിന്നുള്ള എം.എൽ.എയായ ഗെയ്‌ക്‌വാദിന് വിവാദങ്ങൾ പുതിയതല്ല. കഴിഞ്ഞ മാസം ഇയാളുടെ കാർ കഴുകുന്ന പോലീസുകാരന്റെ വിഡിയോ സമൂഹ മാധ്യമങ്ങളലിൽ വൈറലായിരുന്നു. വാഹനത്തിനുള്ളിൽ ഛർദിച്ചതിനെത്തുടർന്ന് പോലീസുകാരൻ സ്വമേധയാ വാഹനം വൃത്തിയാക്കുകയായിരുന്നുവെന്നായിരുന്നു ഗെയ്ക്വാദിന്റെ പിന്നീടുള്ള വിശദീകരണം. 1987ൽ താൻ കടുവയെ വേട്ടയാടിയെന്നും അതിന്റെ പല്ല് കഴുത്തിൽ കെട്ടിയിട്ടുണ്ടെന്നും ഗെയ്‌ക്‌വാദ് ഫെബ്രുവരിയിൽ അവകാശപ്പെട്ടിരുന്നു. തൊട്ടുപിന്നാലെ, സംസ്ഥാന വനംവകുപ്പ് കടുവയുടെ പല്ല് ഫോറൻസിക് പരിശോധനക്ക് അയച്ച് തിരിച്ചറിയുകയും തുടർന്ന് വന്യജീവി സംരക്ഷണ നിയമപ്രകാരം ഇയാൾക്കെതിരെ കുറ്റം ചുമത്തുകയും ചെയ്തു.
ഇന്ത്യയിലെ സിഖുകാരുടെ അവസ്ഥയെക്കുറിച്ച് യു.എസിൽ നടത്തിയ പ്രസ്താവനകളെ വിവാദമാക്കി കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധിയെ ആക്രമിച്ച കേന്ദ്രമന്ത്രി രവ്‌നീത് സിങ് ബിട്ടു അദ്ദേഹത്തെ ‘നമ്പർ വൺ തീവ്രവാദി’യെന്ന് വിളിച്ചിരുന്നു. ‘ബോംബ് നിർമാണ’ത്തെ പിന്തുണക്കുന്നുണ്ടെങ്കിൽ അയാൾ ‘നമ്പർ വൺ തീവ്രവാദി’ ആണെന്നായിരുന്നു വാക്കുകൾ. ഇന്ത്യയിൽ ഒരു സിഖുകാരന് തലപ്പാവ് ധരിക്കാനും കഡ ധരിക്കാനും ഗുരുദ്വാരയിൽ പോകാനും അനുവദിക്കുന്നതിനുള്ള പോരാട്ടമാണെന്നായിരുന്നു രാഹുലിന്റെ വാക്കുകൾ. ചില മതങ്ങളെയും ഭാഷകളെയും സമുദായങ്ങളെയും മറ്റുള്ളവയെക്കാൾ താഴ്ന്നവരായി ആർ.എസ്.എസ് പരിഗണിക്കുന്നതായും വാഷിംഗ്ടൺ ഡി.സിയിൽ ഇന്ത്യൻ അമേരിക്കക്കാരെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം ആരോപിച്ചിരുന്നു.